'കളിക്കുശേഷം ഞാന്‍ നേരിട്ടു ചോദിച്ചു; അത് സിക്‌സാണെന്ന് കരുണും തറപ്പിച്ചു പറഞ്ഞു; അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു'; നിര്‍ണായക മത്സരത്തില്‍ തേഡ് അംപയര്‍ ചതിച്ചെന്ന് തുറന്നടിച്ച് പ്രീതി സിന്റ
നിര്‍ണായക മത്സരത്തില്‍ തേഡ് അംപയര്‍ ചതിച്ചെന്ന് തുറന്നടിച്ച് പ്രീതി സിന്റ
ജയ്പുര്‍: ഐപിഎല്‍ പതിനെട്ടാം സീസണിലെ ലീഗ് പോരാട്ടങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ മത്സരങ്ങള്‍ കടുക്കുകയാണ്. പ്ലേഓഫ് കാണാതെ പുറത്തായ ടീമുകള്‍ പ്ലേഓഫില്‍ കടന്ന ടീമുകളെ 'മലര്‍ത്തിയടിക്കുന്ന' കാഴ്ചകളാണ് കഴിഞ്ഞ രണ്ട് ദിവസവും കണ്ടത്. ഇതിനിടെ പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ തേഡ് അംപയറിന് വന്‍ പിഴവ് സംഭവിച്ചെന്ന ആരോപണവുമായി പഞ്ചാബ് കിങ്‌സ് ടീം ഉടമ പ്രീതി സിന്റ രംഗത്തു വന്നു കഴിഞ്ഞു.
പഞ്ചാബ് കിങ്‌സ് ബാറ്റു ചെയ്യുന്നതിനിടെ ടീമിന് അര്‍ഹിച്ച ഒരു സിക്‌സ് തേഡ് അംപയര്‍ അനുവദിച്ചില്ലെന്ന് മത്സരശേഷം പ്രീതി സിന്റ ആരോപിച്ചു. ബൗണ്ടറി ലൈനിനു സമീപം ഫീല്‍ഡ് ചെയ്തിരുന്ന കരുണ്‍ നായരുമായി മത്സരശേഷം സംസാരിച്ചപ്പോള്‍ അത് സിക്‌സറാണെന്ന് സമ്മതിച്ചതായും പ്രീതി സിന്റ വെളിപ്പെടുത്തി. എക്‌സില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് പ്രീതി സിന്റയുടെ ആരോപണം. മത്സരത്തില്‍ പഞ്ചാബിനെ ഡല്‍ഹി ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
''ഇതുപോലെ സുപ്രധാനമായ ഒരു ടൂര്‍ണമെന്റില്‍, അതും അത്യാധുനികമായ സാങ്കേതിക വിദ്യകളുടെ സഹായമുള്ളപ്പോള്‍ തേഡ് അംപയറിനു സംഭവിച്ച ആ പിഴവ് അംഗീകരിക്കാനാകില്ല. അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. മത്സരത്തിനു ശേഷം ഞാന്‍ കരുണുമായി സംസാരിച്ചിരുന്നു. അത് തീര്‍ച്ചയായും സിക്‌സറാണെന്നാണ് കരുണ്‍ എന്നോട് പറഞ്ഞത്.' പ്രീതി സിന്റ് എക്‌സില്‍ കുറിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യുകയായിരുന്നു പഞ്ചാബ് ഇന്നിങ്‌സിലെ 15ാം ഓവറിലാണ് വിവാദത്തിന് ആസ്പദമായ സംഭവം. മോഹിത് ശര്‍മ എറിഞ്ഞ ഈ ഓവറിലെ അവസാന പന്ത് ശശാങ്ക് സിങ് ലോങ് ഓണിനു മുകളിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചു, ബൗണ്ടറിയോട് ചേര്‍ന്നു ഫീല്‍ഡ് ചെയ്യുകയായിരുന്ന കരുണ്‍ നായര്‍ ഉയര്‍ന്നുചാടി പന്ത് കൈപ്പിടിയിലൊതുക്കിയെങ്കിലും, ബാലന്‍സ് നഷ്ടപ്പെടുമെന്ന് തീര്‍ച്ചപ്പെടുത്തിയതോടെ പന്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞു. ബൗണ്ടറിക്കപ്പുറത്തേക്ക് ചാടിയ കരുണ്‍ പന്ത് സിക്‌സറാണെന്ന് ഇരു കയ്യും ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ഗ്രൗണ്ടില്‍ തിരിച്ചെത്തി പന്തെടുത്ത് പിച്ചിലേക്ക് എറിഞ്ഞത്.
എന്നാല്‍, പന്ത് സിക്‌സാണോ എന്ന കാര്യത്തില്‍ ഉടലെടുത്ത ആശയക്കുഴപ്പം തീര്‍ക്കാന്‍ അംപയര്‍മാര്‍ തേഡ് അംപയറിന്റെ സഹായം തേടി. വിശദമായ പരിശോധനയ്ക്കൊടുവില്‍ പന്ത് കയ്യിലുള്ള സമയത്ത് കരുണിന്റെ കാല്‍ ബൗണ്ടറിയില്‍ തട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തേഡ് അംപയര്‍ സിക്‌സ് നിഷേധിച്ചു. ഇതോടെ പഞ്ചാബ് ഒറ്റ റണ്ണില്‍ ഒതുങ്ങുകയും ചെയ്തു. ഫീല്‍ഡ് ചെയ്തിരുന്ന കരുണ്‍ തന്നെ സിക്‌സറാണെന്ന സമ്മതിച്ച പന്തില്‍ തേഡ് അംപയര്‍ വിപരീത തീരുമാനമെടുത്തത് മത്സരത്തിനിടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അവസാന ഓവര്‍ ത്രില്ലര്‍ മത്സരത്തില്‍ പഞ്ചാബ് തോല്‍ക്കുക കൂടി ചെയ്തതോടെയാണ് പ്രീതി സിന്റ വിഷയം എക്‌സില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ 19.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ലക്ഷ്യം കണ്ടത്. അര്‍ധ സെഞ്ചറിയുമായി ഡല്‍ഹിയെ വിജയത്തിലേക്കു നയിച്ച യുവതാരം സമീര്‍ റിസ്വിയാണ് (25 പന്തില്‍ 58 നോട്ടൗട്ട്) പ്ലെയര്‍ ഓഫ് ദ് മാച്ച്. തോല്‍വിയോടെ ഒന്നാം സ്ഥാനത്തെത്താനുള്ള പഞ്ചാബിന്റെ മോഹത്തിന് മങ്ങലേറ്റിരുന്നു.
മത്സരത്തില്‍ അവസാനഓവറിലാണ് ഡല്‍ഹി പഞ്ചാബിനെ പരാജയപ്പെടുത്തുന്നത്. തോല്‍വിയോടെ പഞ്ചാബിന്റെ ക്വാളിഫയര്‍ 1 മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 17 പോയന്റാണ് ടീമിനുള്ളത്. ഒരു മത്സരം ബാക്കിനില്‍ക്കേ ആദ്യ രണ്ടിലെത്താനുള്ള പരിശ്രമത്തിലാണ് ടീം.