വീണ്ടും ത്രില്ലര്‍ പോരാട്ടം, ഫലത്തില്‍ മാത്രം മാറ്റമില്ല; ഫിനിഷിങില്‍ പിഴച്ച രാജസ്ഥാന് ഒരു റണ്‍സിന്റെ തോല്‍വി; വിജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്

വീണ്ടും ത്രില്ലര്‍ പോരാട്ടം, ഫലത്തില്‍ മാത്രം മാറ്റമില്ല;

Update: 2025-05-04 14:28 GMT

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഫിനിഷിംഗില്‍ പാളി വീണ്ടും രാജസ്ഥാന്‍ റോയല്‍സ്. തോല്‍വികള്‍ തുടര്‍ക്കഥയാക്കുകയാണ് ടീം. ഇക്കുറി ഒരു റണ്‍സ് അകലെയാണ് രാജസ്ഥാന്‍ വിജയം കൈവിട്ടത്. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി നിര്‍ത്തി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചത് 204 റണ്‍സ്. രാജസ്ഥാന്‍ വിജയത്തിനു അരികിലെത്തി വീണു. 1 റണ്ണിന്റെ നാടകീയ വിജയമാണ് കെകെആര്‍ സ്വന്തമാക്കിയത്. രാജസ്ഥാന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവറില്‍ രാജസ്ഥാന് 22 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. വൈഭവ് അറോറ എറിഞ്ഞ ഈ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും സഹിതം 20 റണ്‍സാണ് രാജസ്ഥാന് അടിക്കാന്‍ സാധിച്ചത്. അവസാന പന്തില്‍ ഡബിളെടുത്താല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടാമായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ പക്ഷേ റണ്ണൗട്ടായതോടെ ആ പ്രതീക്ഷയും അവസാനിച്ചു. ഒരു റണ്‍സ് മാത്രമാണ് ഈ പന്തില്‍ കിട്ടിയത്. രാജസ്ഥാന്‍ നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

രാജസ്ഥാനായി ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് തിളങ്ങിയത്. താരം 45 പന്തില്‍ 8 സിക്സും 6 ഫോറും സഹിതം 95 റണ്‍സെടുത്തു. 5 റണ്‍സിനു സെഞ്ച്വറി നഷ്ടമായി. മൊയീന്‍ അലിയുടെ ഒരോവറില്‍ റിയാന്‍ പരാഗ് പറത്തിയത് 5 സിക്സുകള്‍. തൊട്ടു പിന്നാലെ പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തും താരം സിക്സ് തൂക്കി. തുടരെ ആറ് പന്തുകള്‍ താരം നിലം തൊടാതെ പറത്തി.

യശസ്വി ജയ്സ്വാള്‍ (21 പന്തില്‍ 34), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (23 പന്തില്‍ 29), ശുഭം ദുബെ (പുറത്താകാതെ 14 പന്തില്‍ 25) എന്നിവരും പൊരുതിയെങ്കിലും അന്തിമ വിജയം നാടകീയമായി കൊല്‍ക്കത്ത സ്വന്തമാക്കി. കെകെആറിനായി മൊയീന്‍ അലി, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. വൈഭവ് അറോറ ഒരു വിക്കറ്റെടുത്തു. നേരത്തെ ആന്ദ്രെ റസ്സലിനെ നേരത്തെ ഇറക്കാനുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തന്ത്രം ഫലിച്ചു. റസ്സല്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് ടീമിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 25 പന്തില്‍ 6 സിക്‌സും 4 ഫോറും സഹിതം വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു.

6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 19 റണ്‍സ് അടിച്ച റിങ്കു സിങും സ്‌കോര്‍ 200 കടത്തുന്നതില്‍ നിര്‍ണായകമായി. അംഗ്കൃഷ് രഘുവംശി, ഓപ്പണര്‍ റഹ്‌മാനുല്ല ഗുര്‍ബാസ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരും ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റണ്‍സും കണ്ടെത്തി. രംഘുവംശി 31 പന്തില്‍ 44 റണ്‍സെടുത്തു. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, യുധ്വീര്‍ സിങ്, മഹീഷ് തീക്ഷണ, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Tags:    

Similar News