ആദ്യ 17 പന്തില്‍ 50 റണ്‍സ്; പവര്‍ പ്ലേയില്‍ 89 റണ്‍സ്; ബാറ്റിങ് വെടിക്കെട്ടുമായി ജയ്‌സ്വാളും സൂര്യവംശിയും; നനഞ്ഞ പടക്കമായി മധ്യനിര; തോറ്റുമതിയാവാതെ രാജസ്ഥാന്‍ റോയല്‍സ്; പഞ്ചാബിന് പത്ത് റണ്‍സ് ജയം സമ്മാനിച്ച് സഞ്ജുവും സംഘവും

പഞ്ചാബിന് പത്ത് റണ്‍സ് ജയം സമ്മാനിച്ച് സഞ്ജുവും സംഘവും

Update: 2025-05-18 14:37 GMT

ജയ്പൂര്‍: യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കം സമ്മാനിച്ചിട്ടും ഹോം ഗ്രൗണ്ടിലെ അവസാന മത്സരത്തിലും തോല്‍വിയിലേക്ക് കൂപ്പുകുത്തി രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. പഞ്ചാബിന് 10 റണ്‍സ് വിജയം. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്റെ പത്താം തോല്‍വിയാണിത്. 17 പോയിന്റുള്ള പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ധ്രുവ് ജുറേലും (31 പന്തില്‍ 53), യശസ്വി ജയ്‌സ്വാളും (25 പന്തില്‍ 50) രാജസ്ഥാനു വേണ്ടി അര്‍ധ സെഞ്ചറി തികച്ചു. വൈഭവ് സൂര്യവംശി (15 പന്തില്‍ 40), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (16 പന്തില്‍ 20) എന്നിവരാണു രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. നേരത്തെ, 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ശശാങ്ക് സിംഗ് (30 പന്തില്‍ 59), ശ്രേയസ് അയ്യര്‍ (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങില്‍ സ്വപ്ന തുല്യമായ തുടക്കമാണു രാജസ്ഥാന്‍ റോയല്‍സിനു ലഭിച്ചത്. അര്‍ഷ്ദീപ് സിങ്ങിന്റെ ആദ്യ ഓവറില്‍ ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത് നാലു ഫോറുകളും ഒരു സിക്‌സും. 2.5 ഓവറില്‍ 50 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ടീം സ്‌കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ്. സ്‌കോര്‍ 109 ല്‍ നില്‍ക്കെ ജയ്‌സ്വാളിനെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയതോടെയാണ് രാജസ്ഥാന്‍ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞത്. വണ്‍ഡൗണായിറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും (16 പന്തില്‍ 20), റിയാന്‍ പരാഗിനും (11 പന്തില്‍ 13) മികച്ച തുടക്കം ലഭിച്ചെങ്കിലും ഇരുവര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.

മധ്യനിരയില്‍ ധ്രുവ് ജുറേലിന്റെ ഇന്നിങ്‌സാണ് രാജസ്ഥാനു കരുത്തായത്. അവസാന രണ്ടോവറുകളില്‍ 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നിര്‍ണായകമായ 19ാം ഓവറില്‍ രാജസ്ഥാന്‍ നേടിയത് എട്ടു റണ്‍സ് മാത്രം. മാര്‍കോ യാന്‍സന്റെ 20ാം ഓവറില്‍ ധ്രുവ് ജുറേലിനെ മിച്ചല്‍ ഒവന്‍ ക്യാച്ചെടുത്തു പുറത്താക്കിയതോടെ രാജസ്ഥാന്‍ തോല്‍വിയുറപ്പിച്ചു. വാലറ്റത്തെ താരങ്ങള്‍ക്കും കളി മാറ്റുന്ന പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചില്ല. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ മൂന്നു വിക്കറ്റുകളും മാര്‍കോ യാന്‍സന്‍, അസ്മത്തുല്ല ഒമര്‍സായി എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

പരുക്കേറ്റു പുറത്തുപോയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗണ്ടറി ലൈനിനു പുറത്തുനിന്നാണു താരങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയത്. ഒടുവില്‍ 10 റണ്‍സ് വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫിലേക്ക് ഒരു ചുവടു കൂടി അടുത്തു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 37 പന്തുകളില്‍ അഞ്ചു വീതം സിക്‌സുകളും ഫോറുകളും പറത്തി 70 റണ്‍സെടുത്ത നെഹല്‍ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്‌കോരര്‍.

നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത്ര നല്ല തുടക്കമല്ലായിരുന്നു പഞ്ചാബിന്. ഒരു ഘട്ടത്തില്‍ മൂന്നിന് 34 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെയും 10 പന്തില്‍ 21 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിംഗിന്റെയും റണ്ണൊന്നുമെടുക്കാത്ത മിച്ചല്‍ ഓവന്റെയും വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായിരുന്നത്. പിന്നീട് ശ്രേയസ് - വധേര സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

എന്നാല്‍ 11-ാം ഓവറില്‍ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ വധേരയും മടങ്ങി. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വധേരയുടെ ഇന്നിംഗ്‌സ്. പിന്നീട് ശശാങ്ക് - ഒമര്‍സായ് സഖ്യം ടീമിനെ 200 കടത്തി. ഇരുവരും പുറത്താവാതെ നിന്നു. ശശാങ്കിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറുമുണ്ടായിരുന്നു. ഒമര്‍സായ് ഒരു സിക്‌സും മൂന്ന് ഫോറും നേടി.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ്ങും അസ്മത്തുല്ല ഒമര്‍സായിയും ചേര്‍ന്നാണ് പഞ്ചാബിനെ 200 കടത്തിയത്. ഐപിഎല്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ ഒവന്‍ പൂജ്യത്തിനു പുറത്തായി. രാജസ്ഥാനു വേണ്ടി തുഷാര്‍ ദേശ്പാണ്ഡെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ക്വെന മഫാക, റിയാന്‍ പരാഗ്, ആകാശ് മധ്‌വാള്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Similar News