പരിചയസമ്പന്നനായ പേസറെ ഓസ്ട്രേലിയയില്‍ ടീമിനൊപ്പം നിലനിര്‍ത്തുന്നത് മികച്ച സമീപനമാകുമായിരുന്നു; താനായിരുന്നു പരിശീലകനെങ്കില്‍ ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു: രവി ശാസ്ത്രി
ബോര്‍ഡല്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ പേസര്‍ മുഹമ്മദ് ഷമ്മിക്ക് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് ലോകകപ്പ് ഫൈനലില്‍ ഏറ്റ പരിക്കാണ് തിരിച്ചടിയായത്. ഒസീസിനെതിരെ മത്സരം തുടങ്ങുന്നതിന് മുന്‍പ് ഷമി പരിക്കില്‍ നിന്ന് മുക്തനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നില്ല. ഇപ്പോള്‍ ഷമിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി.
ഐസിസി റിവ്യൂവില്‍ സംസാരിക്കവെ, ഷമിയുടെ ഫിറ്റ്നസും വീണ്ടെടുക്കല്‍ സമയക്രമവും സംബന്ധിച്ച വ്യക്തതയില്ലായ്മയെ ശാസ്ത്രി വിമര്‍ശിച്ചു. പരിചയസമ്പന്നനായ പേസറെ ഓസ്ട്രേലിയയില്‍ ടീമിനൊപ്പം നിലനിര്‍ത്തുന്നത് മികച്ച സമീപനമാകുമായിരുന്നുവെന്നും താനായിരുന്നു പരിശീലകനെങ്കില്‍ താരത്തെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷമിയെ ടീമില്‍ എടുക്കാത്തതില്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങും വിമര്‍ശിച്ചു. പരമ്പരയുടെ അവസാന സമയത്താണെങ്കില്‍ കൂടി ഷമിയുടെ സാന്നിധ്യം ഇന്ത്യയുടെ സാധ്യതകളെ ശക്തമാക്കുമായിരുന്നെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. 'ഷമി പരിക്കിലായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാല്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുടെ മധ്യത്തിലേക്ക് കടക്കുമ്പോള്‍ താരം ഫിറ്റ്‌നസ് തെളിയിച്ചിരുന്നു. ബിസിസിഐ ചില അനാവശ്യ നടപടി ക്രമങ്ങള്‍ കൊണ്ട് സങ്കീര്‍ണമാക്കിയെന്ന് തോന്നുന്നു. ബുംമ്രയ്‌ക്കൊപ്പം ഷമി കൂടിയുണ്ടായിരുന്നെങ്കില്‍ ഇതൊരു ഒന്നൊന്നര ടൂര്ണമെന്റാകുമായിരുന്നു', ഐസിസി റിവ്യൂ പ്രോഗ്രാമില്‍ റിക്കി പോണ്ടിങ് പറഞ്ഞു.
2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച ഷമി, പരമ്പരയ്ക്ക് മുമ്പുള്ള ആഭ്യന്തര റെഡ്-ബോള്‍ ക്രിക്കറ്റില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്റെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, തുടര്‍ന്നുള്ള കാല്‍മുട്ട് വീക്കത്തെത്തുടര്‍ന്ന് മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിന് മുമ്പ് ബിസിസിഐ മെഡിക്കല്‍ ടീം അദ്ദേഹത്തെ ഒഴിവാക്കി. ന്നാല്‍ ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ഷമി മികച്ച പ്രകടനവുമായി തിളങ്ങി.
അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനമാണ് ഷമി നടത്തുന്നത്. നേരത്തെ രഞ്ജി ട്രോഫിയിലും ശേഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ബംഗാളിനായി കളിച്ച താരം ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികച്ച പ്രകടനവുമായി ഞെട്ടിച്ചിരുന്നു. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെ ടീമിലെത്തി ചാമ്പ്യന്‍സ് ട്രോഫി ടൂര്ണമെന്റിനുള്ള ടീമില്‍ ഇടം പിടിക്കുകയാണ് ഷമിയുടെ ഇപ്പോഴത്തെ ലക്ഷ്യം.