ഹോം മത്സരങ്ങൾക്ക് ചിന്നസ്വാമിയില്ല; അനുമതി നിഷേധിച്ചതിന് പിന്നാലെ പുതിയ വേദികൾ തെരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു; വേദിയാവുക ഈ രണ്ട് സ്റ്റേഡിയങ്ങള്‍

Update: 2026-01-13 09:18 GMT

ബെംഗളൂരു: വരാനിരിക്കുന്ന ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഹോം മത്സരങ്ങൾക്ക് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ സുരക്ഷാപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി. ഇതോടെ, മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയവും റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയവുമാണ് ആർസിബിയുടെ പുതിയ ഹോം വേദികളായി ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്.

പുതിയ ക്രമീകരണങ്ങൾ അനുസരിച്ച്, ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആർസിബിയുടെ അഞ്ച് ഹോം മത്സരങ്ങൾ നടക്കും. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയം രണ്ട് ഹോം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. കർണാടക സർക്കാർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ചിന്നസ്വാമി സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, അടുത്ത ഐപിഎൽ സീസണിന് മുമ്പ് ഇത് പൂർത്തിയാക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വേദി മാറ്റാനുള്ള തീരുമാനം.

കഴിഞ്ഞ സീസണിൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആർസിബി അവരുടെ ആദ്യ ഐപിഎൽ കിരീടം നേടിയത്. എന്നാൽ, കിരീട നേട്ടത്തിന് തൊട്ടുപിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടീമിനായി ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കാൻ ആരാധകർ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. ഈ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവം ആർസിബിയുടെ കന്നി കിരീട നേട്ടത്തിന്റെ തിളക്കം കുറയ്ക്കുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

വനിതാ ഏകദിന ലോകകപ്പ് കിരീടപ്പോരാട്ടത്തിനും വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരങ്ങൾക്കും വേദിയായ ചരിത്രമുള്ള ഡിവൈ പാട്ടീൽ സ്റ്റേഡിയം വലിയ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാപ്തമാണ്. 

Tags:    

Similar News