അഞ്ചാമനായി ക്രീസിലെത്തി റിങ്കുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്; അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ പരിക്കേറ്റ് പുറത്ത്; ന്യൂസിലൻഡിനെതിരായ പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യക്ക് ആശങ്ക
രാജ്‌കോട്ട്: ഇന്ത്യൻ താരം റിങ്കു സിംഗിന് പരിക്ക്. വിജയ് ഹസാരെ ട്രോഫിയിൽ മിന്നുന്ന പ്രകടനം തുടരുന്നതിനിടെ താരം പരിക്കേറ്റ് മടങ്ങിയത് വലിയ ചർച്ചയായിരിക്കുന്നയാണ്. വിദർഭയ്‌ക്കെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഉത്തർപ്രദേശ് ക്യാപ്റ്റൻ കൂടിയായ റിങ്കു റിട്ടയേർഡ് ഹർട്ടായി മടങ്ങിയത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുൾപ്പെട്ട റിങ്കുവിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുൻകരുതലെന്ന നിലയിലാണ് ക്രീസ് വിട്ടതെന്നുമാണ് പ്രാഥമിക സൂചനകൾ.
രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു 30 പന്തിൽ 57 റൺസെടുത്തു നിൽക്കെയാണ് മടങ്ങിയത്. റിങ്കുവിന് പുറമെ, ഓപ്പണർ അഭിഷേക് ഗോസ്വാമി സെഞ്ചുറിയും, പ്രിയം ഗാർഗ് (49 പന്തിൽ 67), ധ്രുവ് ജുറെൽ (61 പന്തിൽ 56) എന്നിവർ അർധസെഞ്ചുറികളും നേടിയതോടെ ഉത്തർപ്രദേശ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഈ വിജയ് ഹസാരെ ട്രോഫിയിൽ ഉടനീളം തകർപ്പൻ ഫോമിലാണ് റിങ്കു സിംഗ്.
വിദർഭയ്‌ക്കെതിരായ പ്രകടനം ഉൾപ്പെടെ കഴിഞ്ഞ ആറ് ഇന്നിംഗ്സുകളിൽ നിന്ന് 92.75 ശരാശരിയിലും 145.49 സ്ട്രൈക്ക് റേറ്റിലും 371 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഹൈദരാബാദിനെതിരെ 48 പന്തിൽ 67, ചണ്ഡീഗഡിനെതിരെ 60 പന്തിൽ 106*, ബറോഡക്കെതിരെ 67 പന്തിൽ 63, ആസാമിനെതിരെ 15 പന്തിൽ 37*, ജമ്മു കശ്മീരിനെതിരെ 35 പന്തിൽ 41 എന്നിങ്ങനെയായിരുന്നു മുൻ മത്സരങ്ങളിലെ റിങ്കുവിന്റെ പ്രകടനങ്ങൾ. എലൈറ്റ് ഗ്രൂപ്പ് ബിയിൽ അഞ്ച് കളികളിൽ അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ഉത്തർപ്രദേശ്. നാല് ജയങ്ങളോടെ വിദർഭ രണ്ടാം സ്ഥാനത്തുണ്ട്. ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലും റിങ്കു സിംഗ് അംഗമാണ്.