ഋഷഭ് പന്തിന്റെ കാല്‍ പാദത്തിനേറ്റ പരിക്ക് ഗുരുതരം; വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടല്‍; ആറാഴ്ച്ച വിശ്രമം വേണ്ടിവരും; ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും താരം പുറത്ത്; പരിക്കില്‍ വലഞ്ഞ് ടീം ഇന്ത്യ; ബാക്ക് അപ്പ് കീപ്പറായി ഇഷാന്‍ കിഷന്‍

ഋഷഭ് പന്തിന്റെ കാല്‍ പാദത്തിനേറ്റ പരിക്ക് ഗുരുതരം

Update: 2025-07-24 09:49 GMT

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന അവസാന ടെസ്റ്റില്‍ നിന്നും താരം പുറത്താകും. വലതുകാലിലെ ചെറുവിരലിന് തൊട്ടുമുകളിലായി പൊട്ടലേറ്റ താരത്തിന് ആറാഴ്ച്ച വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പന്തിന് വേണമെങ്കില്‍ ബാറ്റിംഗ് തുടരാവുന്നതാണ്. എന്നാല്‍ ടീം മാനേജ്മെന്റ് താരത്തിന് ക്രീസിലേക്ക് അയക്കാന്‍ സാധ്യതയില്ല. പൊട്ടലുള്ള കാലുമായി ക്രീസില്‍ ഉറച്ചുനില്‍ക്കുന്നത് തന്നെ താരത്തിന് പ്രയാസമായിരിക്കും. പന്തിന് പകരം ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.

ഇംഗ്ലീഷ് ബൗളര്‍ ക്രിസ് വോക്‌സിന്റെ യോര്‍ക്കര്‍ ലെങ്ത്ത് പന്ത് റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഋഷഭ് പന്തിന് പരിക്കേറ്റത്. 48 പന്തില്‍ 37 റണ്‍സെടുത്തുനില്‍ക്കെ പരിക്കേറ്റ പന്ത് റിട്ടയര്‍ ഹട്ടായി മടങ്ങുകയായിരുന്നു. സംഭവത്തില്‍ പന്തിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പന്തിന് ആറാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ ഏറ്റെടുക്കും. ഫലത്തില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 10 ബാറ്റ്സ്മാന്‍മാര്‍ മാത്രമേ ഉണ്ടാകൂ. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ്.

പന്തിന്റെ കാല്‍പാദത്തിനാണ് പരിക്കേറ്റത്. ആദ്യം കളിക്കളത്തില്‍ വെച്ച് വൈദ്യസഹായം നല്‍കിയെങ്കിലും പിന്നീട് വാഹനത്തിലാണ് പന്തിനെ ഗ്രൗണ്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. സ്‌കാനിങ്ങിന് വിധേയമാക്കിയ പന്തിനെ ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണെന്നും ബിസിസിഐ അറിയിച്ചിരുന്നു.

വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്താണ് ഋഷഭ് പന്തിന്റെ കാല്‍വിരലില്‍ പതിച്ചത്. ഇതോടെ ഇംഗ്ലണ്ട് താരങ്ങള്‍ എല്‍ബി വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ റിവ്യൂവിലെ ചെറിയൊരു ഇന്‍സൈഡ് എഡ്ജ് പന്തിനെ രക്ഷിച്ചു. ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ കീപ്പിങിനിടെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ അദ്ദേഹത്തിന് വിക്കറ്റ് കീപ്പറാകാന്‍ സാധിച്ചിരുന്നില്ല. പരമ്പരയില്‍ പന്തിനേല്‍ക്കുന്ന രണ്ടാമത്തെ പരിക്കാണിത്. പന്തിന് പകരം ഇഷാന്‍ കിഷന്‍ ടീമിലെത്തുമെന്നാണ് വിവരം.

പരമ്പരയ്ക്കിടെ പരിക്കേല്‍ക്കുന്ന നാലാമത്തെ താരമാണ് പന്ത്. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കിനെ തുടര്‍ന്ന് അവസാന രണ്ട് ടെസ്റ്റുകളും നഷ്ടമായിരുന്നു. പരിക്കിനെ തുടര്‍ന്ന് ആകാശ് ദീപിന് നാലാം ടെസ്റ്റ് നഷ്ടമായി. അര്‍ഷ്ദീപിന് സിംഗിനും നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.

നേരത്തെ, മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ അതേര്‍ട്ടണ്‍ ഋഷഭ് പന്ത് ഇല്ലാത്ത സാഹചര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍.. ''പന്തിന് പരമ്പര നഷ്ടമായാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സ്വാഭാവികമായിട്ടും നാലിന് 264 എന്നത് അഞ്ചിന് 264 എന്നായി മാറും. പുതിയ ബോളില്‍ പന്തെറിയുമ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ ഏറെ എളുപ്പമാവുമെന്നാണ് കരുതുന്നത്. എന്നാല്‍ പന്ത് ബാറ്റിംഗ് പുനരാരംഭിച്ചാല്‍, അദ്ദേഹത്തിന് കളി മാറ്റാന്‍ കഴിയും. പക്ഷേ അത് വളരെ ഗുരുതരമായ പരിക്കായി തോന്നി.'' അതേര്‍ട്ടണ്‍ വ്യക്തമാക്കി.

നേരത്തെ, മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും പന്തിനെ കുറിച്ച് സംസാരിച്ചിരുന്നു. പന്തിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് അദ്ദേഹം പറയുന്നുണ്ട്. പോണ്ടിംഗിന്റെ വാക്കുകള്‍... ''പന്ത് കഷ്ടിച്ചാണ് കാല്‍ നിലത്ത് വെക്കുന്നത്. പെട്ടെന്നുള്ള വീക്കം എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. പരിക്കേറ്റ ഭാഗത്തുള്ള അസ്ഥികള്‍ ദുര്‍ബലമാണ്. ആ പരിക്കും വച്ചുകൊണ്ട് ശരീരഭാരം താങ്ങാന്‍ പന്തിന് കഴിയുന്നുണ്ടായിരുന്നില്ല. അത് ഒട്ടും നല്ലതായി തോന്നുന്നില്ല. ഒടിവുണ്ടെങ്കില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താവും. ഇനി വലിയ പരിക്കില്ലെങ്കില്‍ തിരികെ കൊണ്ടുവരാന്‍ അവര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇനിയും അദ്ദേഹം റിവേഴ്സ് സ്വീപ്പുകള്‍ കളിക്കില്ലെന്ന് പ്രതീക്ഷിക്കാം.'' പോണ്ടിംഗ് വ്യക്തമാക്കി.

Tags:    

Similar News