ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയ് ഷാ പോകുമ്പോള്‍ ആ സ്ഥാനം ഇനി ആര്‍ക്ക്? പ്രധാന പരിഗണന രണ്ട് പേര്‍ക്ക്; അരുണ്‍ ജെയ്റ്റിലിയുടെ മകന് മുന്‍ഗണന
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നമായി കായിക അതോറിറ്റികളിലൊന്നായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പുതിയ അമരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ തുടങ്ങി. നിലവിലെ സെക്രട്ടറി ജയ് ഷാ പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി ജയ് ഷാ ഡിസംബര്‍ ഒന്നിന് ചുമതലയേല്‍ക്കും.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയായതിനാല്‍ ഔദ്യോഗിക സ്ഥാനാരോഹണം മാത്രമാണ് ഇനിയുള്ളത്. ഇപ്പോഴത്തെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേയ്ക്ക് പകരം ജയ് ഷാ ഡിസംബര്‍ ഒന്ന് മുതല്‍ ഐസിസി മേധാവിയായി സ്ഥാനമേറ്റെടുക്കും. ഐസിസി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജയ് ഷാ.
അപ്പോഴേക്കും പുതിയ ബിസിസിഐ സെക്രട്ടറി കണ്ടുപിടിക്കേണ്ടതുണ്ട്. ഈ സ്ഥാനത്തേക്കാണ് രോഹന്റെ കണ്ടുവച്ചിട്ടുള്ളത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുണ്‍ ജയ്റ്റ്ലിയുടെ മകനാണ് രോഹന്‍. അദ്ദേഹത്തെ പകരക്കാരനാക്കാന്‍ നേതൃതലത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) പ്രസിഡന്റാണ്. അരുണ്‍ ജെയ്റ്റ്‌ലി 14 വര്‍ഷത്തോളം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
മുന്‍ ബിസിസിഐ - ഐസിസി പ്രസിഡന്റായിരുന്ന ജഗ്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേക് ഡാല്‍മിയയാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന മറ്റൊരു വ്യക്തി. മുമ്പ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്നു അവിഷേക്. എന്നാല്‍, നിലവില്‍ രോഹനാണ് മുന്‍ഗണന.
അതേസമയം, നിലവിലെ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി ഉള്‍പ്പെടെയുള്ള മറ്റ് ഭാരവാഹികള്‍ക്ക് ഇപ്പോള്‍ സ്ഥാനചലനമുണ്ടാവില്ല. ഒരു വര്‍ഷം കൂടി സമിതിക്ക് കാലാവധിയുണ്ട്. 2022ലാണ് ഇവര്‍ ചുമതലയേല്‍ക്കുന്നത്.