രോഹിത് വീണ്ടും അച്ഛനായി; ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ നായകന്‍ എത്താന്‍ സാധ്യത?
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സച്‌ദേവിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും രോഹിതിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 2018 ലാണ് രോഹിത് - റിതിക ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്നാണ് രോഹിതിന്റെ സുഹൃത്തുകള്‍ പറയുന്നത്.
അതേസമയം കുഞ്ഞ് ജനിച്ചതോടെ രോഹിത് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് പൂര്‍ണ സജ്ജനായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റില്‍ രോഹിത് ഉണ്ടായേക്കില്ലെന്ന സൂചനകള്‍ ഉണ്ടായിരുന്നു,. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി തന്നെ ഓസ്ട്രേലിയയില്‍ എത്താനാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഓസ്‌ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതികയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് ഇന്ത്യന്‍ ടീമില്‍ നിന്ന് പിതൃത്വ അവധിയെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്‌ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. രോഹിത് വീണ്ടും അച്ഛനായതോടെ പരമ്പരക്ക് മുന്നോടിയായ തന്നെ ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് സൂചന.
ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാകും പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുക. ആദ്യ ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുമ്രയെയും പാറ്റ് കമിന്‍സിനെയും ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിയിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ വൈകാതെ തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും.