ചാംപ്യന്‍സ് ട്രോഫി ജഴ്‌സിയില്‍ പാക്കിസ്ഥാന്റെ പേരു വയ്ക്കാന്‍ വിസമ്മതിച്ചു; പിന്നാലെ ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനായി രോഹിത് ശര്‍മ പോകേണ്ടെന്നും തീരുമാനം; ഐസിസി ഇടപെട്ടിട്ടും ബിസിസിഐ - പിസിബി പോര് മുറുകുന്നു

ഐസിസി ഇടപെട്ടിട്ടും ബിസിസിഐ - പിസിബി പോര് മുറുകുന്നു

Update: 2025-01-22 11:09 GMT

മുംബൈ: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനുമായി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് യാത്രാനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിനു മുന്നോടിയായി പതിവുള്ള ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍, ഇന്ത്യന്‍ നായകന്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

ചാംപ്യന്‍സ് ട്രോഫി ജഴ്‌സിയില്‍ ആതിഥേയ രാജ്യമായ പാക്കിസ്ഥാന്റെ പേരു വയ്ക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെയാണ്, ക്യാപ്റ്റനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ബിസിസിഐ അനാവശ്യമായി ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആക്ഷേപങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനം.

ഇതോടെ, ബിസിസിഐയും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പിസിബി) തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് കടന്നു. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ നിലപാട് കൈക്കൊണ്ടതു മുതല്‍ ഇരു ബോര്‍ഡുകളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ട്. ഇതിനു പിന്നാലെയാണ് ജഴ്‌സി വിവാദവും ഇപ്പോള്‍ ക്യാപ്റ്റന്റെ പേരിലുള്ള വിവാദവും ഉയര്‍ന്നിരിക്കുന്നത്.

ടൂര്‍ണമെന്റിനു മുന്നോടിയായുള്ള ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനവും ഫോട്ടോഷൂട്ടും ദുബായിലേക്കു മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയുടെ ആവശ്യപ്രകാരം ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ തന്നെ പാക്കിസ്ഥാനു പുറത്തേക്ക് മാറ്റിക്കൊടുത്ത രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി), ഇന്ത്യയുടെ ഈ ആവശ്യവും അനുഭാവപൂര്‍വം പരിഗണിക്കുമോയെന്നാണ് പിസിബി ഉറ്റുനോക്കുന്നത്.

''ബിസിസിഐ അനാവശ്യമായി ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. ഈ രീതി ക്രിക്കറ്റിന് ഒരു തരത്തിലും ഗുണകരമാകില്ലെന്ന് തീര്‍ച്ച. അവര്‍ ടൂര്‍ണമെന്റിനായി പാക്കിസ്ഥാനിലേക്ക് വരാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ പതിവു പരിപാടികള്‍ക്കായി ക്യാപ്റ്റനെയും പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നില്ല. ആതിഥേയ രാജ്യത്തിന്റെ പേര് ജഴ്‌സിയില്‍ ധരിക്കാനും അവര്‍ വിസമ്മതിക്കുന്നുവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഇക്കാര്യത്തില്‍ ഐസിസി പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' പിസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി നടത്തുന്ന ക്യാപ്റ്റന്‍മാരുടെ പതിവ് ഫോട്ടോ ഷൂട്ടിനും വാര്‍ത്താസമ്മേളനത്തിനും രോഹിത്തിനെ അയക്കേണ്ടെന്നാണ് ബിസിസിഐ തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രോഹിത്തിന് കൂടി പങ്കെടുക്കാനായി ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ദുബായിലേക്ക് മാറ്റണമെന്ന് ബിസിസിഐ ഐസിസിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനാല്‍ പുതിയ നിര്‍ദേശത്തോട് ഐസിസി എങ്ങനെയാവും പ്രതികരിക്കുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ കിറ്റില്‍ പാകിസ്ഥാന്‍ എന്നെഴുതരുതെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് ആതിഥേയരാജ്യത്തിന്റെ പേര് എല്ലാ ടീമുകളുടെയും ടീം ജേഴ്‌സി ഉള്‍പ്പെടെയുള്ള കിറ്റുകളില്‍ ഉണ്ടാകണമെന്നുണ്ട്. എന്നാല്‍ ഇതിനോടും ബിസിസിഐയുടെ പ്രതികരണം അനുകൂലമല്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായതിനാല്‍ കിറ്റുകളില്‍ നിന്ന് പാകിസ്ഥാന്‍ എന്ന് വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.

അതേസമയം, ക്രിക്കറ്റില്‍ ബിസിസിഐ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ആദ്യം പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന് പറഞ്ഞ ബിസിസിഐ ഫോട്ടോ ഷൂട്ടിനായി ക്യാപ്റ്റനെ അയക്കാതെയും കിറ്റുകളില്‍ നിന്ന് പാകിസ്ഥാന്‍ എന്നെഴുതരുതെന്നും വാശിപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Tags:    

Similar News