ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു; ഒരുപാട് കാലമായി ഏകദിനം കളിച്ചിട്ട്; വ്യക്തിഗത പ്രകടനം എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ നിരാശയുണ്ട്; രോഹിത് ശര്‍മ
നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപെടുത്തിയതിന് പിന്നാലെ മോശം ഫോമിനെ കുറിച്ച് വിശദീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഈ ഫോര്‍മാറ്റില്‍ കളിക്കുന്നതെന്നും ടീം നന്നായി കളിച്ചുവെങ്കിലും വ്യക്തിഗത പ്രകടനം എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ നിരാശയുണ്ടെന്നും രോഹിത് പറഞ്ഞു.
'പ്രതീക്ഷയ്ക്കനുസൃതമായി ഞങ്ങള്‍ കളിച്ചുവെന്നാണ് കരുതുന്നത്. അവര്‍ നന്നായി തുടങ്ങിയെങ്കിലും ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. മധ്യനിരയില്‍ അവരുടെ സ്പിന്നര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കണം എന്ന് കരുതിയിരുന്നു. ഗില്ലും അക്‌സറും മധ്യനിരയില്‍ തിളങ്ങി. മൊത്തത്തില്‍ ഒരു ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു, ' രോഹിത് കൂട്ടിച്ചേര്‍ത്തു.
കേവലം രണ്ട് റണ്‍സിനാണ് താരം ഇന്നലെ പുറത്തായത്. ഏഴ് പന്തുകള്‍ നേരിട്ട രോഹിത്, സാകിബ് മെഹ്‌മൂദിന്റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ എഡ്ജായ പന്തില്‍ മിഡ് ഓണില്‍ ലിയാം ലിവിംഗ്സ്സ്റ്റണിന്റെ കൈകളിലേക്ക്. ന്യൂസിലാന്‍ഡിനെതിരെയും ഓസ്ട്രേലിയക്കെതിരെ യുമുള്ള ടെസ്റ്റ് പരമ്പരയിലും പിന്നീട് രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടി കളിച്ചപ്പോഴും രോഹിത് നിരാശപ്പെടുത്തിയിരുന്നു.
അതേ സമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശ്രേയസ് അയ്യര്‍ (59), അക്സര്‍ പട്ടേല്‍ (52) എന്നിവരുടെ ഇന്നിങ്സുകളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. നേരത്തെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ ജോസ് ബ്ടലര്‍ (52), യുവതാരം ജേക്കബ് ബേതല്‍ (51) എന്നിവരാണ് തിളങ്ങിയത്.