കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് റെക്കോഡ്; രഞ്ജിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം; മറികടന്നത് രോഹന്‍ പ്രേമിന്റെ റെക്കോഡ്; 9 മത്സരങ്ങളില്‍ നിന്ന് 5396 റണ്‍സാണ് നേട്ടം
ലഹ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ഹരിയാനക്കെതിരായ മത്സരത്തില്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 24 റണ്‍സുമായി ക്രീസിലുള്ള സച്ചിന്‍ കേരളത്തിനായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. ഹരിയാനക്കെതിരെ 15 റണ്‍സെടുത്തപ്പോഴാണ് സച്ചിന്‍ റെക്കോര്‍ഡ് പേരിലാക്കിയത്. 99 മത്സരങ്ങളില്‍ നിന്ന് 5396 റണ്‍സ് നേടിയ 35കാരനായ സച്ചിന്‍ ബേബി രോഹന്‍ പ്രേമിനെയാണ് റണ്‍വേട്ടയില്‍ മറികടന്നത്. മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സച്ചിന് സ്വന്തമാണ്.
94ാം രഞ്ജി ട്രോഫി മത്സരത്തിലാണ് സച്ചിന്‍, രോഹന്‍ പ്രേമിനെ മറികടന്ന് രഞ്ജിയിലെ ടോപ് സ്‌കോററായത്. ശരാശരി 40.42. ഇതില്‍ 14 സെഞ്ചുറികളും 26 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഒരു ഇരട്ട സെഞ്ചുറിയുമുണ്ട്. സെഞ്ചുറികളിലും റെക്കോര്‍ഡ് സച്ചിന് സ്വന്തം. കഴിഞ്ഞ 2 രഞ്ജി സീസണിലും എണ്ണൂറിനു മുകളില്‍ റണ്‍സുമായി രാജ്യത്തെ തന്നെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഇടംനേടിയ ഇടംകയ്യന്‍ ബാറ്റര്‍, ഈ സീസണില്‍ 4 മത്സരങ്ങളില്‍ 2 അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. കേരളത്തിനായി 102 ലിസ്റ്റ് എ (ഏകദിനം) മത്സരങ്ങളില്‍ 4 സെഞ്ചറിയും 22 അര്‍ധ സെഞ്ചറിയുമടക്കം 3266 റണ്‍സും (ശരാശരി 40.32) 98 ട്വന്റി20 മത്സരങ്ങളില്‍ 10 അര്‍ധ സെഞ്ചറിയടക്കം 1925 റണ്‍സും (ശരാശരി 28.73) നേടിയ സച്ചിന്‍, പാര്‍ടൈം ഓഫ് സ്പിന്നറുമാണ്.
ഹരിയാനയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ദിവസം കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹന്‍ കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അര്‍ദ്ധസെഞ്ച്വറി നേടി. ലഹ്ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
തൊടുപുഴക്കാരനായ സച്ചിന്‍ 2009-10 സീസണിലാണ് രഞ്ജി ട്രോഫിലില്‍ അരങ്ങേറുന്നത്. 2013 ല്‍ കേരള ക്യാപ്റ്റനായി. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലും കേരളം ആദ്യമായി സെമിയിലെത്തിയതും സച്ചിന്റെ നേതൃത്വത്തിലാണ്.