'നിര്‍ഭയനായ ബാറ്റര്‍, ബാറ്റിന്റെ വേഗത, പന്തിന്റെ ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊര്‍ജം കൈമാറാനുള്ള കഴിവ്'; വൈഭവിന്റെ ബാറ്റിങ് രഹസ്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ഫാബുലസ് ഇന്നിങ്‌സെന്ന് സച്ചിന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം
വൈഭവിന്റേത് ഫാബുലസ് ഇന്നിങ്‌സെന്ന് സച്ചിന്‍; കൈയടിച്ച് ക്രിക്കറ്റ് ലോകം
ജയ്പുര്‍: ഐപിഎല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റര്‍ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യൂസഫ് പത്താന്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, രോഹിത് ശര്‍മ, തുടങ്ങി നിരവധിപേര്‍ വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തി. 14 വയസുകാരനില്‍ നിന്ന് പ്രതീക്ഷിച്ചതിലും വലിയ പ്രകടനമാണുണ്ടായത്. 38 പന്തില്‍ 101 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്പിയായി വൈഭവ് മാറിയതോടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസകള്‍ ഒന്നൊന്നായി യുവതാരത്തെ തേടിയെത്തുന്നത്.
1990 ല്‍ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ സെഞ്ചുറി നേടിയ ഒരു 17കാരനെ കണ്ടാണ് ഇന്ത്യക്കാന്‍ ഇതിനുമുന്‍പ്, ഇതുപോലെ ഒരുതവണ അമ്പരന്ന് നിന്നത്. 35 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വൈഭവ് കുറിച്ച ആ ഇന്നിങ്‌സ് കണ്ട്, ക്രിക്കറ്റ് ദൈവമായി മാറിയ അന്നത്തെ കൗമാരക്കാരന്‍ പറഞ്ഞത് ഫാബുലസ് ഇന്നിംഗ്‌സ് എന്നാണ്. ഒട്ടും കൂസലില്ലാതെ ഫുള്‍ എനര്‍ജിയില്‍ ബാറ്റ് ചെയ്യുന്ന ജെന്‍സി കിഡിനെ കണ്ട് കയ്യടിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
വൈഭവിന്റെ ബാറ്റ് സ്പീഡും ക്രിക്കറ്റ് സെന്‍സും എടുത്തുപറഞ്ഞാണ് സച്ചിന്റെ പ്രശംസ. 2010 ല്‍ രാജസ്ഥാന്‍ താരമായിരിക്കെ യൂസഫ് പത്താന്‍ 37 പന്തില്‍ നിന്ന് നേടിയ സെഞ്ചുറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയ്ക്ക് നേരെയും ഇനി വൈഭവിന്റെ പേര്. മുന്നിലുള്ളതാകട്ടെ 30 പന്തില്‍ സെഞ്ചുറി നേടിയ യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയിലും. 19 വയസ്സില്‍ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെ റെക്കോഡാണ് പ്രാ യകണക്കില്‍ വൈഭവ് ബഹുദൂരം പിന്നില്‍ ആക്കിയത്.
കൗമാരപ്രായത്തില്‍ രാജസ്ഥാനായി തിളങ്ങുന്ന ആദ്യ താരമല്ല വൈഭവ്. ആദ്യ അര്‍ദ്ധ സെഞ്ചുറി നേടുമ്പോള്‍ സഞ്ജു സാംസണ് പ്രായം 18 വയസും റിയാന്‍ പരാഗിന് പ്രായം 17 വയസുമായിരുന്നു. സെഞ്ചുറി ഇന്നിങ്‌സോടെ വൈഭവ് എന്ന പേരിനൊപ്പം 14 എന്ന സംഖ്യയും എക്‌സില്‍ ട്രെന്‍ഡിങ് ആയി. പതിനാലാം വയസില്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ട്രെന്‍ഡിങ് ആകുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ശ്രദ്ധ നേടിയ വൈഭവിന്റെ ഇന്നിങ്‌സിന്റെ ചേരുവകളെന്തെന്ന വെളിപ്പെടുത്തുകയാണ് സചിന്‍ ടെന്‍ഡുല്‍ക്കര്‍. ഭയമില്ലാത്ത ബാറ്റിങ് രീതി, ബാറ്റിന്റെ വേഗത, ലെങ്ത് വേഗം മനസിലാക്കാനുള്ള കഴിവ്, പന്തിലേക്ക് ഊര്‍ജം കൈമാറാനുള്ള കഴിവ് എന്നിവയാണ് വൈഭവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നിലെന്ന് സചിന്‍ പറഞ്ഞു. മികച്ച രീതിയിലാണ് വൈഭവ് കളിച്ചതെന്നും സചിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
'വൈഭവിന്റെ നിര്‍ഭയമായ സമീപനം, ബാറ്റിങ് വേഗം, തുടക്കത്തില്‍ തന്നെ ലെങ്ത് കണ്ടെത്തിയത്, കൈകളിലെ ഊര്‍ജം പന്തിലേക്ക് എത്തിക്കല്‍ എന്നിവയാണ് ആ അതിശയകരമായ ഇന്നിങ്‌സിന് പിന്നിലെ പാചകക്കുറിപ്പ്. അന്തിമഫലം: 38 പന്തില്‍ നിന്ന് 101 റണ്‍സ്, നന്നായി കളിച്ചു, സച്ചിന്‍ എക്സില്‍ കുറിച്ചു.
35 പന്തില്‍ സെഞ്ച്വറി നേടിയ സൂര്യവംശി മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ യൂസഫ് പത്താന്റെ ഏറ്റവും വേഗമേറിയ ഇന്ത്യന്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡ് തകര്‍ത്തു. തന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയ താരത്തെ പ്രശംസിക്കാന്‍ യുസഫ് പത്താനും എത്തി.
'ഒരു ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന എന്റെ റെക്കോര്‍ഡ് തകര്‍ത്തതിന് വൈഭവ് സൂര്യവംശിക്ക് അഭിനന്ദനങ്ങള്‍! രാജസ്ഥാനായി കളിക്കുമ്പോള്‍ അത് സംഭവിക്കുന്നത് കാണുന്നത് അതിലും സവിശേഷമാണ്, യുവാക്കള്‍ക്കായി ഈ ഫ്രാഞ്ചൈസിയില്‍ ശരിക്കും മാന്ത്രികമായ എന്തോ ഒന്ന് ഉണ്ട്. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, ചാംപ്യന്‍!' യൂസഫ് പത്താന്‍ കുറിച്ചു.
14 വയസ്സില്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നു, എന്ന ചോദ്യവുമായി ആണ് യുവരാജ് സിങ് എത്തിയത്. '14-ാം വയസ്സില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ഈ കുട്ടി ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ കണ്ണിമ ചിമ്മാതെ നേരിടുന്നു! വൈഭവ് സൂര്യവംശി - പേര് ഓര്‍ക്കുന്നുണ്ടോ! ഭയമില്ലാത്ത മനോഭാവത്തോടെ കളിക്കുന്നു. അടുത്ത തലമുറ തിളങ്ങുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു!' യുവരാജ് കുറിച്ചു.
ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ക്രിസ് ശ്രീകാന്ത് സൂര്യവംശിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിച്ചത്. '14-ാം വയസ്സില്‍, മിക്ക കുട്ടികളും ഐസ്‌ക്രീം സ്വപ്നം കാണുന്നു, കഴിക്കുന്നു. ഐപിഎല്ലില്‍ വൈഭവ് സൂര്യവംശി അതിശയകരമായ 100 റണ്‍സ് നേടുന്നു! വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള ആത്മസംയമനം, ക്ലാസ്, ധൈര്യം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ഇതാ,' ശ്രീകാന്ത് പറഞ്ഞു. 'വൈഭവ് സൂര്യവംശി, അവിശ്വസനീയ പ്രതിഭയെന്നാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി കുറിച്ചത്. 14 വയസ്സില്‍ സെഞ്ച്വറി നേടുന്നത് തികച്ചും അത്ഭുതമാണ്' മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ 11 സിക്‌സറും ഏഴ് ഫോറുമടിച്ച് 35 പന്തില്‍ സെഞ്ച്വറി തികച്ച വൈഭവ് 38 പന്തില്‍ നിന്നും 101 റണ്‍സ് നേടിയാണ് പുറത്തായത്. തനിക്ക് നേരെ പന്തുമായി എത്തിയ എല്ലാവരെയും ഒരു കാരുണ്യവുമില്ലാതെയാണ് വൈഭവ് എന്ന 14 കാരന്‍ സമീപിച്ചത്. ഐ.പി.എല്ലിലെ ഒരു ഇന്ത്യക്കാരന്റെ വേഗതയേറിയ സെഞ്ച്വറിയും ഐ.പി.എല്ലിലെ തന്നെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയുമെല്ലാം അടിച്ചെടുത്താണ് ഈ കുട്ടിത്താരം കളം വിട്ടത്.
പവര്‍പ്ലേയില്‍ നിന്നും മാത്രം ആറ് സിക്‌സറാണ് യുവതാരത്തിന്റെ ഇന്നിങ്‌സിലുണ്ടായത്. മറ്റൊരു കൗതുകമായ കാര്യമാണ് ക്രിക്കറ്റ് ആരാധകര്‍ ഇതില്‍ നിന്നും കണ്ടെത്തിയത്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്നും വെറും അഞ്ച് സിക്‌സര്‍ മാത്രമാണ് നേടിയത്. ഒരു മത്സരത്തില്‍ നിന്നും മാത്രം വൈഭവ് ഇത് മറികടന്നിരിക്കുകയാണ്. ഇതാണ് ക്രിക്കറ്റ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
അതേസമയം, താന്‍ ഇന്ന് നേടിയ നേട്ടങ്ങള്‍ക്ക് നന്ദി പറയേണ്ടത് അമ്മയോടും അച്ഛനോടുമാണെന്ന പ്രതികരണവുമായി വൈഭവും രംഗത്തെത്തി. തനിക്ക് പ്രാക്ടീസിന് പോകുന്നതിന് മുമ്പ് ഭക്ഷണം തയാറാക്കാനായി അമ്മ അതിരാവിലെ തന്നെ എഴുന്നേല്‍ക്കാറുണ്ടായിരുന്നുവെന്നാണ് വൈഭവ് പറയുന്നത്.
മൂന്ന് മണിക്കൂര്‍ മാത്രമാണ് അമ്മ ഉറങ്ങാറുള്ളത്. താന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ജോലി വിട്ടു. സഹോദരനാണ് ഇപ്പോള്‍ ജോലി ചെയ്ത് വീട്ടുകാര്യങ്ങള്‍ നോക്കുന്നത്. ഇപ്പോള്‍ താന്‍ നേടിയ നേട്ടങ്ങള്‍ക്ക് പിന്നില്‍ കുടുംബാംഗങ്ങളാണെന്നും വൈഭവ് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വൈഭവ് ഇക്കാര്യം പറയുന്നത്.