പരിഗണന അര്‍ഹിക്കുന്നു; ടി20 ലോകകപ്പിന്റെ പ്രൊമോഷൻ പോസ്റ്ററിൽ സൽമാൻ ആഗയില്ല ക്യാപ്റ്റനില്ല; അതൃപ്തിയുമായി പാക്ക് ക്രിക്കറ്റ്

Update: 2025-12-13 12:05 GMT

ലാഹോർ: അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയെ ഒഴിവാക്കിയതിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) അതൃപ്തി അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).

ടിക്കറ്റ് വിൽപ്പനയുടെ ഒന്നാം ഘട്ടം പ്രഖ്യാപിച്ചുകൊണ്ട് ഐസിസി പുറത്തിറക്കിയ പ്രൊമോഷണൽ പോസ്റ്ററിൽ അഞ്ച് ക്യാപ്റ്റൻമാരുടെ ചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. പോസ്റ്ററിൽ സൽമാൻ അലി ആഗയെ ഒഴിവാക്കിയത് പിസിബി ഉന്നയിക്കുകയും ഐസിസിയുമായി ബന്ധപ്പെട്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ദക്ഷിണാഫ്രിക്ക നായകന്‍ എയ്ഡന്‍ മാര്‍ക്രം, ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, ശ്രീലങ്ക ക്യാപ്റ്റന്‍ ദസുന്‍ ഷനക, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് എന്നിവരാണ് പോസ്റ്ററിലുള്ളത്. സമാന രീതിയില്‍ പ്രമുഖ ക്രിക്കറ്റ് ശക്തികളെന്ന നിലയില്‍ പാക്കിസ്ഥാനും പരിഗണന അര്‍ഹിക്കുന്നതായി പിസിബി വ്യക്തമാക്കി.

ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന്റെ പ്രചാരണ പോസ്റ്ററിൽ പാക്കിസ്ഥാൻ ക്യാപ്റ്റന്റെ ചിത്രം ഒഴിവാക്കിയത് പക്ഷപാതപരമായ നടപടിയാണെന്ന് ആരാധകർക്കിടയിൽ വിമർശനമുയർന്നിട്ടുണ്ട്. ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സമയത്തും സമാനമായ രീതിയിൽ പാക്ക് താരങ്ങളെ ഒഴിവാക്കിയ സംഭവം ഉണ്ടായിരുന്നതായി പിസിബി വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags:    

Similar News