'ഗില്ലിന്റെ ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ല, കളിപ്പിച്ചാൽ ടീം തോൽക്കും'; അതിവേഗം സ്‌കോർ ചെയ്യുന്ന താരങ്ങളെയാണ് ആവശ്യം; ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ
മുംബൈ: 2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിന് പിന്നാലെ താരത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഗില്ലിന്റെ ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്നും അത്തരമൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യയെ തോൽവിയിലേക്ക് നയിക്കുമെന്നും മഞ്ജരേക്കർ തുറന്നടിച്ചു. ടി20 ഫോർമാറ്റിൽ ഗില്ലിന്റെ സ്ട്രൈക്ക് റേറ്റ് വലിയൊരു പോരായ്മയാണെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടുന്നു.
"ഗില്ലിനെപ്പോലൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ കളി തോൽക്കാൻ കാരണമാകും. കാരണം ടി20 ക്രിക്കറ്റ് ഇപ്പോൾ ആവശ്യപ്പെടുന്നത് അതിവേഗ സ്കോറിംഗാണ്. പവർപ്ലേ ഓവറുകളിൽ കൂടുതൽ പന്തുകൾ നഷ്ടപ്പെടുത്തുന്നത് ടീമിനെ സമ്മർദ്ദത്തിലാക്കും. ആധുനിക ടി20 ക്രിക്കറ്റിൽ യശസ്വി ജയ്‌സ്വാളിനെയോ അഭിഷേക് ശർമയെയോ പോലുള്ള സ്ഫോടനാത്മകമായ തുടക്കം നൽകുന്ന താരങ്ങളെയാണ് ഇന്ത്യക്ക് ആവശ്യം," മഞ്ജരേക്കർ പറഞ്ഞു.
2026-ൽ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള പദ്ധതകളിൽ നിന്ന് ഗില്ലിനെ സെലക്ഷൻ കമ്മിറ്റി മാറ്റിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ ടി20യിൽ ഗില്ലിന്റെ പ്രകടനം പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഏകദിനത്തിലും ടെസ്റ്റിലും ടീമിലെ അവിഭാജ്യ ഘടകമാണെങ്കിലും ടി20 ടീമിലെ ഗില്ലിന്റെ സ്ഥാനം തുലാസിലാണ്.
മഞ്ജരേക്കറുടെ ഈ പ്രസ്താവനയ്ക്കെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഗില്ലിനെപ്പോലൊരു ക്ലാസിക് ബാറ്റിംഗ് ശൈലിയുള്ള താരത്തിന് ഫോർമാറ്റുകൾക്കനുസരിച്ച് മാറ്റം വരുത്താൻ സാധിക്കുമെന്ന് ഇവർ വാദിക്കുന്നു. എന്നാൽ സ്പെഷ്യലിസ്റ്റ് ടി20 ബാറ്റർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തണമെന്ന ബിസിസിഐയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് ഗില്ലിനെ ഒഴിവാക്കുന്നതെന്നാണ് സൂചന. വരാനിരിക്കുന്ന ടി20 പരമ്പരകളിൽ ഗില്ലിനെ ഉൾപ്പെടുത്തുമോ അതോ മഞ്ജരേക്കർ പറഞ്ഞതുപോലെ യുവതാരങ്ങൾക്ക് മുൻഗണന നൽകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
