ഒസീസിനെതിരെ നടന്ന മത്സരത്തില്‍ അവന്റെ ഷോട്ടുകള്‍ ഏറെ മികച്ചതായിരുന്നു; മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്; അത്തരം കളിക്കാരെയാണ് രാജസ്ഥാന്‍ ടീമിന് ആവശ്യം; വൈഭവിനെ സ്വന്തമാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് സഞ്ജു
ഐപിഎല്‍ താരലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ച ടീമുകളില്‍ ഒന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തുന്ന കാര്യത്തിലും ടീമില്‍ എടുത്ത ആളുകളെ ചുറ്റിപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ബട്‌ലറെ പോലുള്ള താരങ്ങളെ വിട്ടുകളഞ്ഞതില്‍ വലിയ വിമര്‍ശനം ടീം നേടിയിരുന്നു. എന്നാല്‍ പകരം എടുത്ത വൈഭവ് സൂര്യവംശിയും ചര്‍ച്ചകളില്‍ ഇടം പിടിച്ചു. 30 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന സൂര്യയെ 1.10 കോടിക്കാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ് യുവതാരത്തെ സ്വന്തമാക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.
വൈഭവിന്റെ ബാറ്റിങ് താന്‍ കണ്ടിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിലെ എല്ലാവരും അത് കണ്ടിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ചെന്നൈയില്‍ നടന്ന ഒരു അണ്ടര്‍ 19 മത്സരത്തില്‍ വൈഭവ് 60-70 പന്തുകളില്‍ സെഞ്ചുറി നേടി. ആ മത്സരത്തില്‍ വൈഭവിന്റെ ഷോട്ടുകള്‍ ഏറെ മികച്ചതായിരുന്നു. അത്തരത്തില്‍ കളിക്കുന്ന താരങ്ങളെയാണ് രാജസ്ഥാന്‍ റോയല്‍സിന് ആവശ്യം. എ ബി ഡിവില്ലിയേഴ്‌സിന്റെ യുട്യൂബ് ചാനലിനോടായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
യുവതാരങ്ങളെ കണ്ടെത്തി സൂപ്പര്‍താരങ്ങളാക്കുന്ന ചരിത്രമാണ് രാജസ്ഥാന്‍ റോയല്‍സിന്റേതെന്ന് യശശ്വി ജയ്‌സ്വാളിനേയും റിയാന്‍ പരാഗിനേയും ചൂണ്ടിക്കാട്ടി സഞ്ജു പറഞ്ഞു. 'രാജസ്ഥാന്‍ റോയല്‍സിന് ഇതേ കാര്യം മുമ്പും ചെയ്ത ചരിത്രമുണ്ട്. അവര്‍ പ്രതിഭകളെ കണ്ടെത്തി ചാമ്പ്യന്‍മാരാക്കുന്നു. ചെറുപ്പത്തില്‍ രാജസ്ഥാനിലെത്തിയ ജയ്‌സ്വാള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ റോക്സ്റ്റാര്‍ ആണ്. രാജസ്ഥാന്‍ റോയല്‍സ് അത്തരത്തിലുള്ള കാര്യങ്ങളെ ഇഷ്ടപ്പെടുന്നുവെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ഐ.പി.എല്‍ വിജയിക്കണം. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റിന് മതിയായ ചാമ്പ്യന്മാരെ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു', സഞ്ജു കൂട്ടിച്ചേര്‍ത്തു.