'മുമ്പൊക്കെ ഇന്ത്യന്‍ ടീമിലെത്തിയാലും കളിപ്പിക്കുമോയെന്നു അറിയില്ല; ഇപ്പോഴത്തെ പ്രധാനമാറ്റം ഓരോരുത്തര്‍ക്കും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തതയുണ്ട്'; കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ വലുതായിരുന്നുവെന്ന് സഞ്ജു സാംസണ്‍

ആ ഒരു മെസേജ് കിട്ടിയപ്പോള്‍ നല്ല രീതിയില്‍ തയാറെടുപ്പ് നടത്താന്‍ പറ്റി

Update: 2024-10-15 10:05 GMT

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റ് തനിക്കു നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ചും ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയെക്കുറിച്ചും മനസ്സു തുറന്ന് മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശുമായി സമാപിച്ച മൂന്നു ട്വന്റി 20 മത്സരങ്ങളുടെ പരമ്പര കഴിഞ്ഞ നാട്ടില്‍ തിരിച്ചെത്തിയ ശേഷം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം.

ഇന്ത്യന്‍ ടീമില്‍ തന്റെ റോളിനെക്കുറിച്ച് നേരത്തെ വ്യക്തത നല്‍കിയിരുന്നുവെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. പല പരിശീലകര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും മുമ്പുള്ളതില്‍ നിന്നുള്ള പ്രധാന വ്യത്യാസവും അത് തന്നെയായിയിരുന്നുവെന്ന് സഞ്ജു പറഞ്ഞു. മുമ്പൊക്കെ ഇന്ത്യന്‍ ടീമിലെത്തിയാലും പ്ലേയിംഗ് ഇലവനില്‍ ഞാനുണ്ടാകുമോ എന്ന് അറിയില്ലായിരുന്നു. ഇനി അഥവാ പ്ലേയിംഗ് ഇലവനിലുണ്ടെങ്കില്‍ തന്നെ എവിടെ കളിക്കും എങ്ങനെ കളിക്കും എന്നതിനെക്കുറിച്ചൊന്നും നേരത്തെ അറിയാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ പരിശീലകനായും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായും വന്നശേഷമുള്ള പ്രധാനമാറ്റം ഓരോരുത്തര്‍ക്കും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തതയുണ്ടെന്നതാണ്.

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരക്ക് ഒരാഴ്ച മുമ്പെ എന്നോട് പറഞ്ഞിരുന്നു. സഞ്ജു നീ മൂന്ന് മത്സരങ്ങളിലും കളിക്കും. ഓപ്പണറായിട്ടായിരിക്കും കളിക്കുന്നത്. അതിനായി തയാറെടുത്ത് വരിക എന്ന് എന്നോട് നേരത്തെ പറഞ്ഞിരുന്നു. ആ ഒരു മെസേജ് കിട്ടിയപ്പോള്‍ നല്ല രീതിയില്‍ തയാറെടുപ്പ് നടത്താന്‍ പറ്റി. അതും മികച്ച പ്രകടനം നടത്തുന്നതില്‍ വലിയൊരു ഘടകമായിരുന്നു. ഇറാനി ട്രോഫി കഴിഞ്ഞശേഷം കുടുംബവുമൊത്ത് ഒരു യാത്രയൊക്കെ പോയി തിരിച്ചുവന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലെത്തി നടത്തിയ തയാറെടുപ്പുകളും വലിയ ഗുണം ചെയ്തു.

കോച്ച് ഗൗതം ഗംഭീറിന്റെ ഭാഗത്തു നിന്നും കിട്ടിയ പിന്തുണ വലുതായിരുന്നു. പല പരിശീലകര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും ഗൗതം ഗംഭീറിന്റെ പ്രത്യേകത അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷിയാണ്. വന്ന സമയം മുതല്‍ പറയുന്നുണ്ട്, സഞ്ജു നീ പേടിക്കേണ്ട, നിനക്ക് എന്റെ പിന്തുണയുണ്ടാകും. കാരണം എനിക്കറിയാം നീ എത്ര നല്ല കളിക്കാരനാണെന്ന്. ഞാനെത്ര വര്‍ഷമായി നിന്നെ കാണുന്നതാണ്. അതുകൊണ്ട് അവസരം കിട്ടുമ്പോള്‍ പരമാവധി കളി ആസ്വദിച്ച് കളിക്കാന്‍ നോക്കു. ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്. അങ്ങനെയുള്ളൊരും വിശ്വാസം ഒരു പരിശീലകന്റെ ഭാഗത്തു നിന്ന് കിട്ടുമ്പോള്‍ അത് വലിയ ഘടകമാണെന്നും സഞ്ജു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലാദേശിനെതിരേ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മല്‍സരത്തിലാണ് ഓപ്പണറായെത്തിയ സഞ്ജു ഇടിവെട്ട് സെഞ്ച്വറി കുറിച്ചത്. വെറും 47 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 111 റണ്‍സായിരുന്നു. സെഞ്ച്വറിയിലെത്താന്‍ 40 ബോളുകള്‍ മാത്രമേ സഞ്ജുവിനു വേണ്ടിവന്നുള്ളൂ. സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ ഒരോവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്സറുകള്‍ പറത്തി ആരാധകരെ ത്രില്ലടിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

സൂര്യയുമായുള്ള സൗഹൃദം

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെക്കുറിച്ചും സഞ്ജു സാംസണ്‍ മനസ്സ് തുറന്നു. ഞാനും സൂര്യയും തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണുള്ളത്. ജൂനിയര്‍ ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരുന്ന സമയം മുതല്‍ തന്നെ അദ്ദേഹത്തെ അറിയാം. ബിപിസിഎല്‍ (BPCL) എന്ന ഒരേ കമ്പനിക്കു വേണ്ടിയാണ് ഞങ്ങള്‍ ജോലി ചെയ്തു കൊണ്ടിരുന്നത്.

അവര്‍ക്കു വേണ്ടിയും ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് മല്‍സരങ്ങള്‍ കളിച്ചു. ഇന്ത്യ എ ടീമിനു വേണ്ടിയും സൂര്യക്കൊപ്പം ഞാന്‍ നേരത്തേ കളിച്ചിട്ടുണ്ട്. അന്നത്തെ സൂര്യ എങ്ങനെയാണ് ഇന്നത്തെ സൂര്യകുമാര്‍ യാദവായി വളര്‍ന്നതെന്നു കൂടെ നിന്ന് കാണുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ട്.

ആശയവിനിയം നടത്താനുള്ള കഴിവ് സൂര്യയില്‍ നന്നായി കാണാന്‍ സാധിക്കുന്നു. ഉള്ള കാര്യം നേരെ ചൊവ്വെ തന്നെ തുറന്നു പറയുന്നയാളാണ് അദ്ദേഹം. എനിക്കു മാത്രമല്ല ടീമിലെ എല്ലാ താരങ്ങള്‍ക്കും റോളുകളുടെ കാര്യത്തില്‍ കൃത്യമായ ധാരണ സൂര്യ നല്‍കുകയും ചെയ്യാറുണ്ട്. ഡ്രസിങ് റൂമിലെ മുഴുവന്‍ താരങ്ങളും വളരെ ഹാപ്പിയാണ്. ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ട പല കാര്യങ്ങളും സൂര്യ നന്നായിട്ടു ചെയ്യാറുണ്ടെന്നും സഞ്ജു വിശദമാക്കി.

Tags:    

Similar News