'ടോസിനു തൊട്ടുമുന്‍പ് രോഹിത് ശര്‍മ എന്റെ അടുത്തെത്തി; എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്ന് വിശദീകരിച്ചു; ആ ശൈലി എന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയം കവര്‍ന്നു'; ലോകകപ്പ് ഫൈനലിന് തയാറെടുക്കാന്‍ പറഞ്ഞിട്ട് ഒഴിവാക്കിയെന്ന് സഞ്ജു

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ശൈലിയോടു വലിയ ബഹുമാനം

Update: 2024-10-22 10:31 GMT

ബെംഗളൂരു: നായകന്‍ രോഹിത് ശര്‍മ്മയ്ക്കും മുതിര്‍ന്ന താരം വിരാട് കോലിക്കും അവിസ്മരണീയമായ വിരമിക്കല്‍ ഓര്‍മ്മകള്‍ സമ്മാനിച്ച് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു മലയാളി താരം സഞ്ജു സാംസണും. ലോകകപ്പ് വിജയിച്ച ടീമിനൊപ്പം സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിച്ചിരുന്നു സഞ്ജു. ഓപ്പണായെത്തിയ താരത്തിന് തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ അവസരം നഷടമാകുകയായിരുന്നു. അതേ മത്സരത്തില്‍ ഋഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തതോടെ പന്താണ് ലോകകപ്പ് മത്സരങ്ങളിലുടനീളം കളിച്ചത്.

എന്നാല്‍ ഇന്ത്യ കിരീടം ചൂടിയ ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ താനും കളിക്കേണ്ടതായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സഞ്ജു സാംസണ്‍. ഫൈനലില്‍ കളിക്കാനുള്ള ടീമില്‍ തന്നെ ഉള്‍പ്പെടുത്തിയിരുന്നതായും, കളിക്കാന്‍ തയാറെടുക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നതായും സഞ്ജു വെളിപ്പെടുത്തി. പഴയ ടീമിനെത്തന്നെ നിലനിര്‍ത്താന്‍ അവസാന നിമിഷം തീരുമാനിച്ചതോടെയാണ് തനിക്ക് അവസരം നഷ്ടമായതെന്നും സഞ്ജു വിശദീകരിച്ചു.

''അന്ന് ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചതാണ്. കളിക്കാന്‍ തയാറെടുത്തിരിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദ്ദേശവും തന്നു. അതനുസരിച്ച് ഞാന്‍ തയാറെടുപ്പും നടത്തി. എന്നാല്‍, ടോസിനു തൊട്ടുമുന്‍പ് പഴയ ടീമിനെത്തന്നെ നിലനിര്‍ത്താന്‍ അവര്‍ തീരുമാനിച്ചു. എന്തായാലും കുഴപ്പമില്ല എന്ന നിലപാടിലായിരുന്നു ഞാന്‍' സഞ്ജു പറഞ്ഞു. രോഹിത് ശര്‍മയുടെ കീഴില്‍ ഒരു ലോകകപ്പ് ഫൈനല്‍ കളിക്കാനുള്ള അവസരം നഷ്ടമായതില്‍ മാത്രമായിരുന്നു തന്റെ വിഷമമെന്നും സഞ്ജു പറഞ്ഞു.

''ബാര്‍ബഡോസിലെ ഫൈനലില്‍ കളിക്കാന്‍ തയ്യാറാകണമെന്ന് രോഹിത് എന്നോട് പറഞ്ഞു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ അവസാന നിമിഷമാണ് സെമി ഫൈനല്‍ കളിച്ച ടീമില്‍ മാറ്റം വരുത്തേണ്ടെന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ഇക്കാര്യം ടോസിന് തൊട്ടുമുമ്പാണ് എന്നെ അറിയിച്ചത്. ഇക്കാര്യം എന്നോട് പറയുന്നതിനൊപ്പം, രോഹിത് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അതേ ടീം നിലനിര്‍ത്താനുണ്ടായ കാരണവും അദ്ദേഹം വിശദീകരിച്ചു.'' സഞ്ജു പറഞ്ഞു.

ഫൈനല്‍ കളിക്കാന്‍ തയാറെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയശേഷം, അവസാന നിമിഷം തന്നെ തഴഞ്ഞ കാര്യം അറിയിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണെന്നും സഞ്ജു വെളിപ്പെടുത്തി. ലോകകപ്പ് ഫൈനല്‍ പോലൊരു നിര്‍ണായക മത്സരത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നിട്ടും, വ്യക്തിപരമായി തന്നെ കാണാനും എന്തുകൊണ്ട് പഴയ ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്ന് വിശദീകരിക്കാനും രോഹിത് സമയം കണ്ടെത്തിയെന്നും സഞ്ജു പറഞ്ഞു.

''ടോസിനു തൊട്ടുമുന്‍പ് രോഹിത് ശര്‍മ എന്റെ അടുത്തെത്തി. ഏതാണ്ട് 10 മിനിറ്റോളം സമയം എനിക്കൊപ്പം ചെലവഴിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി എന്നെ വല്ലാതെ സ്പര്‍ശിച്ചു. ചെറുപ്പം മുതലേ ഇത്തരമൊരു വേദിയില്‍ വരാനും ടീമിനായി എന്തെങ്കിലും ചെയ്യാനും ആഗ്രഹിച്ചയാളാണ് ഞാന്‍. എന്റെയൊരു രീതി ഇതാണ് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അദ്ദേഹം ഇക്കാര്യം എന്റെ അടുത്തുവന്ന് വ്യക്തിപരമായി വിശദീകരിച്ചതിനെ ഞാന്‍ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞു.' സഞ്ജു വിശദീകരിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ശൈലിയോടു തനിക്ക് വലിയ ബഹുമാനമാണ് ഉള്ളതെന്നും സഞ്ജു പറഞ്ഞു. ''എനിക്ക് ഒറ്റക്കാര്യത്തില്‍ മാത്രമേ വിഷമമുള്ളൂവെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞു. എനിക്ക് താങ്കളേപ്പോലൊരു ക്യാപ്റ്റന്റെ കീഴില്‍ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ പറ്റുന്നില്ലല്ലോ എന്നതു മാത്രമാണ് ആ വിഷമം' സഞ്ജു പറഞ്ഞു.

രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ടൂര്‍ണമെന്റില്‍ ഉടനീളം ഋഷഭ് പന്തിനെ മാത്രമാണ് ഇന്ത്യ ആ സ്ഥാനത്തേക്ക് പരിഗണിച്ചത്. കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് ടീമിലേക്കുള്ള തിരിച്ചുവരവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, ഫൈനല്‍ ഉള്‍പ്പെടെ നോക്കൗട്ടില്‍ പന്തിന് പതിവു പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. പന്തിന്റെ പ്രകടനം മോശമായെങ്കിലും എല്ലാ മത്സരങ്ങളിലും ഒരേ പ്ലേയിങ് ഇലവനെയാണ് ഇന്ത്യ അണിനിരത്തിയത്.

ഫൈനലിനു തൊട്ടുമുന്‍പുള്ള വാംഅപ്പിന്റെ സമയത്താണ് രോഹിത് തന്റെ അടുത്തെത്തി ടീമിലേക്കു പരിഗണിക്കുന്നില്ലെന്ന വിവരം അറിയിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി.

''വാംഅപ്പിനിടെ, രോഹിത് എന്നെ വിളിച്ചുകൊണ്ടുപോയി അരികിലേക്ക് മാറ്റിനിര്‍ത്തി. എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്നും അത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാന്‍ ശ്രമിച്ചു. നമുക്ക് ആദ്യം മത്സരം ജയിക്കാം, എന്നിട്ട് സംസാരിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

''എന്റെ അടുത്തുനിന്ന് പോയെങ്കിലും ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം വീണ്ടും തിരിച്ചുവന്നു. നീ മനസ്സില്‍ എന്നെ ശപിക്കുന്നുണ്ടാകുമെന്ന് എനിക്കറിയാം എന്നു പറഞ്ഞു. നീ ഒട്ടും സന്തോഷവാനല്ലെന്നും എനിക്കറിയാം. നിന്റെ മനസ്സില്‍ എന്തോ ഉള്ളപോലെ എനിക്കു തോന്നുന്നു. തുടര്‍ന്ന് ഞങ്ങള്‍ കുറേനേരം കൂടി സംസാരിച്ചു.

''ലോകകപ്പ് ഫൈനല്‍ പോലെ അതീവ സമ്മര്‍ദ്ദം നിറഞ്ഞൊരു മത്സരത്തിനു തൊട്ടുമുന്‍പ് കളിയേക്കുറിച്ചും കളിക്കുന്ന താരങ്ങളേക്കുറിച്ചുമല്ലേ ക്യാപ്റ്റന്‍ ചിന്തിക്കേണ്ടത്. പക്ഷേ, അത്തരമൊരു സാഹചര്യത്തിലും എന്നെ ഒഴിവാക്കുന്ന കാര്യം വിശദീകരിക്കാന്‍ അദ്ദേഹം 10 മിനിറ്റോളമാണ് എനിക്കൊപ്പം ചെലവഴിച്ചത്. അതിനു ശേഷമാണ് അദ്ദേഹം ടോസിനായി പോയത്. അദ്ദേഹത്തിന്റെ ആ ശൈലി എന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയം കവര്‍ന്നു' സഞ്ജു പറഞ്ഞു.

Tags:    

Similar News