അച്ഛന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമായി തോന്നി; അവഗണന കേട്ടപ്പോള്‍ രക്തം തിളച്ചു; പിന്നെ മനസ്സിലായത് പതിയിരുന്ന ചതി! ആ വാര്‍ത്ത എസ് കെ എന്‍ പിന്‍വലിച്ചു; കോലിയേയും രോഹിത്തിനേയും ധോണിയേയും ഇകഴ്ത്തിയതില്‍ പരിഭവം; പക്വതയോടെ വീണ്ടും സഞ്ജു സാംസണ്‍; അച്ഛന്റെ കൈവിട്ട വാക്ക് മകന്‍ തിരിച്ചെടുക്കുമ്പോള്‍

Update: 2024-11-10 04:20 GMT

തിരുവനന്തപുരം: വിരാട് കോലിയയേയും രോഹിത് ശര്‍മ്മയേയും മഹേന്ദ്ര സിംഗ് ധോണിയേയും കുറിച്ച് സഞ്ജു വി സാംസണിന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ ഉയര്‍ത്തിയത് വന്‍ വിവാദം. അതിനിടെ തന്റെ നിലപാട് അല്ല അച്ഛന്‍ പറഞ്ഞതെന്ന് സഞ്ജു വിശദീകരിച്ചതായാണ് സൂചന. തന്നെ കരിയറില്‍ ഏറ്റവും അധികം പിന്തുണച്ചവരില്‍ ഒരാള്‍ രോഹിത് ശര്‍മ്മയാണെന്ന നിലപാടിലാണ് സഞ്ജു. ട്വന്റി ട്വന്റി ക്രിക്കറ്റിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ സഞ്ജു സൂപ്പര്‍ താരമായപ്പോഴായിരുന്നു അച്ഛന്റെ വിടുവായത്തം. ഇത് വലിയ വിവാദങ്ങളിലേക്ക് പോകാതിരിക്കാന്‍ വാര്‍ത്ത വിട്ട ട്വന്റി ഫോറും കരുതല്‍ കാട്ടി. സഞ്ജുവിന്റെ അച്ഛന്‍ ആത്മാര്‍ത്ഥയോടെ പറഞ്ഞതാണെന്ന് കരുതിയാണ് നല്‍കിയത്. സഞ്ജുവിന് ദേശീയ തലത്തില്‍ അവഗണ നേരിട്ടെന്ന് കരുതിയപ്പോള്‍ ചോര തിളച്ചു. ആ വാര്‍ത്ത കൊടുക്കാന്‍ പാടില്ലാത്താതതായിരുന്നു. അപകടം തിരിച്ചറിഞ്ഞ് പിന്‍വലിക്കുകയാണെന്നും ട്വന്റി ഫോര്‍ മോര്‍ണിംഗ് ഷോയില്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അനാവശ്യ വിവാദമുണ്ടായതില്‍ അച്ഛനോട് സഞ്ജു അതൃപ്തി അറിയിച്ചെന്നാണ് സൂചന. സഞ്ജുവിന്റെ അച്ഛന്‍ പരമാര്‍ശം വന്‍ വിവാദമായിരുന്നുവെങ്കില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നടപടികളിലേക്ക് കടക്കുമായിരുന്നു. നേരത്തെ സഞ്ജുവിന്റെ അച്ഛനെ കെ സി എ വിലക്കിയ ചരിത്രവുമുണ്ട്. അച്ഛന്റെ കൈവിട്ട കളിയെ പക്വതയോടെ നേരിട്ട സഞ്ജു വിവാദം എല്ലാ അര്‍ത്ഥത്തിലും ഒഴിവാക്കുകായണ്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ കളികളിലാണ് ശ്രദ്ധ. ആവശ്യം വന്നാല്‍ അച്ഛനെ സഞ്ജു ഇക്കാര്യത്തില്‍ പരസ്യമായി തള്ളി പറയുമെന്നും സൂചനകളുണ്ട്.

ഇന്ത്യയുടെ മൂന്ന് ക്യാപ്റ്റന്മാരും ഒരു കോച്ചും ചേര്‍ന്ന് തന്റെ മകന്റെ 10 വര്‍ഷങ്ങള്‍ നശിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് രംഗത്ത് വന്നിരുന്നു. മകന് തുടര്‍ച്ചയായി അവസരം നല്‍കിയത് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും ആണ്. ഇവര്‍ക്ക് നന്ദിയുണ്ടെന്നും എം എസ് ധോണി, രോഹിത്ത് ശര്‍മ, വീരാട് കോലി എന്നിവര്‍ ക്യാപ്റ്റന്മാരായതോടെ മകനെ തഴഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്രാവിഡ് പരിശീലകനായി വന്നപ്പോഴും സഞ്ജുവിന് അവസരം കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും തികഞ്ഞ സ്പോര്‍ട്സ്മാന്മാരാണ്. ബാക്കിയുള്ളവര്‍ കച്ചവടക്കാരും. സഞ്ജുവിനെപ്പോലൊരു ബാറ്റര്‍ ടെസ്റ്റ് ടീമില്‍ ആവശ്യമാണ് . മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നമ്മള്‍ തോറ്റു. സഞ്ജുവിനെപ്പോലൊരു അഗ്രസ്സീവ് ബാറ്റര്‍ ടീമില്‍ വേണം. ഏതൊരു താരത്തിന്റേയും ആഗ്രഹമാണല്ലോ ടെസ്റ്റ് കളിക്കണം എന്നുള്ളത്. ടീം മാനേജ്‌മെന്റാണ് ഇക്കാര്യം ചിന്തിക്കേണ്ടതെന്നും സാംസണ്‍ പറഞ്ഞു. ഈ വാക്കുകള്‍ സഞ്ജുവിന്റെ കൂടി വികാരമായി തെറ്റിധരിക്കുന്ന ഘട്ടമുണ്ടായി. ഇത് മനസ്സിലാക്കിയാണ് അച്ഛനോട് സഞ്ജു അതൃപ്തി അറിയിച്ചത്. ട്വന്റിഫോര്‍ ന്യൂസ് വാര്‍ത്ത പിന്‍വലിച്ചതും ആശ്വാസമായി എന്നതാണ് വസ്തുത. സഞ്ജുവിന് തുണയാകും വിധം ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ തന്നെ വെളിപ്പെടുത്തിയതും ശ്രദ്ധേയമായി. സഞ്ജുവിന്റെ ശക്തമായ നിലപാടാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.

ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ പിന്നാലെ തന്റെ കരിയറില്‍ നിര്‍ണായക മാറ്റമുണ്ടായതിനെക്കുറിച്ച് വിശദീകരിച്ചിരുനനു. സൂര്യകുമാര്‍ യാദവിനെപോലൊരു ക്യാപ്റ്റനും ഗൗതം ഗംഭീറിനെയും വി വി എസ് ലക്ഷ്മണിനെയും പോലുള്ള പരിശീലകരുമുണ്ടെങ്കില്‍ ഏത് തകര്‍ച്ചയില്‍ നിന്നും കരകയറാമെന്ന് സഞ്ജു മത്സരശേഷം പ്രതികരിച്ചു. 'ഒരാളുടെ പരാജയങ്ങളില്‍ അയാളുമായി ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്. മോശം സാഹചര്യങ്ങളിലൂടെ എല്ലാവരും പോകുമെന്ന് അറിയാം. അത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ ടീമിന് പുറത്താകും. ശ്രീലങ്കയില്‍ തുടര്‍ച്ചയായ രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ ?ഗം?ഭീറും സൂര്യയും എന്നെ നിരന്തരം ഫോണില്‍ വിളിച്ചു. എങ്ങനെയാണ് പരിശീലനം നടത്തേണ്ടതെന്ന് പറഞ്ഞുതന്നു. കേരളത്തില്‍ മികച്ച സ്പിന്നര്‍മാരെ കണ്ടെത്തുക. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ പരിശീലനം നടത്തണം. ടീമിന്റെ ക്യാപ്റ്റനും പരിശീലകനും എന്നില്‍ ഇത്രയധികം വിശ്വാസം അര്‍പ്പിച്ചപ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു.' സഞ്ജു സാംസണ്‍ പറഞ്ഞു.

'ദുലീപ് ട്രോഫിയില്‍ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് എന്റെ എതിര്‍ ടീമിലാണ് കളിച്ചത്. ചേട്ടാ, അടുത്ത ഏഴ് മത്സരങ്ങളില്‍ ഓപണിങ് ബാറ്ററായി നീ കളിക്കും. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ നിനക്കുണ്ടാകും.' എന്ന് സൂര്യ പറഞ്ഞിരുന്നതായി സഞ്ജു സാംസണ്‍ മത്സരത്തിന് ശേഷം ജിയോ സിനിമയോട് പ്രതികരിച്ചു. 'ദുലീപ് ട്രോഫിയിലെ മത്സരത്തിന് ശേഷമാണ് എനിക്ക് കൂടുതല്‍ വ്യക്തത ലഭിച്ചത്. ഏഴ് മത്സരങ്ങള്‍ വരുന്നുണ്ടെന്നും മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് ഇതെന്നും ഞാന്‍ മനസിലാക്കി. ക്യാപ്റ്റനില്‍ നിന്നുള്ള വാക്കുകള്‍ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു. കൂടുതല്‍ കാര്യങ്ങള്‍ ചിന്തിച്ചില്ല. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.' സഞ്ജു വ്യക്തമാക്കിയത് ഇങ്ങനെയാണ്.

നെഗറ്റീവ് ഘട്ടത്തിലൂടെയാണ് കടന്നുപോകുമ്പോഴും അവര്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. ഗൗതം ഭായിയില്‍ നിന്നും സൂര്യയില്‍ നിന്നും എനിക്ക് അത്തരം ധാരാളം ഫോണ്‍ കോളുകള്‍ ലഭിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരു ഡക്കിന് ശേഷം എങ്ങനെ പ്രാക്ടീസ് ചെയ്യണമെന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ നിങ്ങളെ വിളിച്ച് പറയുകയാണെങ്കില്‍, ക്യാപ്റ്റന്‍ നിങ്ങളെ വിശ്വസിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം- സഞ്ജു പറഞ്ഞു. നിങ്ങള്‍ നന്നായി ചെയ്യണമെന്ന് അവന്‍ ആഗ്രഹിക്കുന്നു എന്നാണ് അത്തരം ആശയവിനിമയത്തിലൂടെ പകര്‍ന്നുകിട്ടുന്ന സന്ദേശം. നിങ്ങളുടെ ബാറ്റിങ് രീതികള്‍ ഇങ്ങനെയാണ്. നിങ്ങള്‍ കേരളത്തിലെ എല്ലാ സ്പിന്നര്‍മാരെയും വിളിച്ച് പരുക്കന്‍ വിക്കറ്റുകളില്‍ പരിശീലനം നടത്തണം തുടങ്ങിയ ഉപദേശങ്ങളിലൂടെ അവര്‍ കൂടെ നിന്നു. ഈ ചെറിയ ചെറിയ കാര്യങ്ങളെല്ലാം എന്റെ ഈ തിരിച്ചുവരവില്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു- സഞ്ജു കൂട്ടിച്ചേര്‍ത്തു.

2017ല്‍ കേരളാ ക്രിക്കറ്റിന്റെ വിലക്കിന് വിധേയനായ വ്യക്തിയാണ് സഞ്ജു വി സാംസണിന്റെ അച്ഛന്‍. അന്ന് ക്രിക്കറ്റ് ജീവിതത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സഞ്ജു നേരിട്ടത്. അതിന് കാരണക്കാരനായ പ്രധാന വ്യക്തി അച്ഛന്‍ സാംസണ്‍ വിശ്വനാഥായിരുന്നു. കഠിനാധ്വാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയായി മാറുമ്പോള്‍ വീണ്ടും അച്ഛന്റെ ഒരു പരാമര്‍ശം വരുന്നു. ധോണിയും കോലിയും രോഹിതും ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചുവെന്നും പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ അവസരം ലഭിച്ചുവെന്നും ഡര്‍ബനിലെ സെഞ്ചുറിക്ക് പിന്നാലെ ഗംഭീറിനും സൂര്യകുമാറിനും നന്ദി പറഞ്ഞ് അച്ഛന്‍ സാംസണ്‍ ആഞ്ഞടിച്ചു. ടിവി ചാനലുകളില്‍ ബൈറ്റ് എത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ തുല്യരെയാണ് സഞ്ജുവിന്റെ അച്ഛന്‍ വിമര്‍ശിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ തുല്യരാണ്. ഇവര്‍ക്കെതിരെ സഞ്ജുവിന്റെ അച്ഛന്‍ നടത്തിയ പരസ്യ പ്രതികരണം താരത്തെ ബാധിക്കുമോ എന്ന ആശങ്ക സജീവമാകുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെ കുറിച്ച് അച്ഛന്‍ പറഞ്ഞതു പോലൊരു നിലപാട് സഞ്ജുവിന് എടുക്കാന്‍ കഴിയില്ല. അവരെ അവഹേളിക്കുന്നതിനെ അത്ര ലാഘവത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും എടുക്കാനാകില്ല. മുമ്പൊരിക്കല്‍ കെസിഎയുടെ നടപടിക്ക് വിധേയനായ സഞ്ജുവിന്റെ അച്ഛന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്തും പലവിധ ചര്‍ച്ചകള്‍ക്ക് ഇടനല്‍കുന്നു. ഇക്കാര്യത്തില്‍ സഞ്ജു എന്ത് പറയുമെന്നത് നിര്‍ണ്ണായകമായി മാറും. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന സഞ്ജുവിന് ധോണിയേയും കോലിയേയും രോഹിത്തിനേയും തള്ളി പറയുക അസാധ്യവുമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന്റെ അച്ഛന്‍ വാക്കുകളെ ബിസിസിഐ എത്തരത്തില്‍ എടുക്കുമെന്നത് നിര്‍ണ്ണായകമാണ്. ഫോം സ്ഥിരമല്ല. ക്ലാസാണ് പ്രധാനം. ഒന്നു രണ്ടു കളികളില്‍ പരാജയപ്പെട്ടാലും ക്ലാസുള്ള കളിക്കാര്‍ക്ക് ബിസിസിഐ പലപ്പോഴും അവസരം നല്‍കും. അങ്ങനെ ഫോം വീണ്ടെടുത്ത് ടീമിലെ സാന്നിധ്യമായ താരങ്ങള്‍ ഏറെയാണ്. എന്നാല്‍ അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ കുപ്രിസദ്ധകാരുന്നവര്‍ക്ക് എല്ലാം കളിയിലും ഫോം അനിവാര്യതയാണ്. അതുകൊണ്ട് തന്നെ ഏതൊരു താരത്തിനും വിവാദങ്ങള്‍ക്ക് അതീതമായ പ്രതിച്ഛായ ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരാന്‍ അനിവാര്യതയാണ്. ഇവിടെയാണ് സഞ്ജുവിന്റെ അച്ഛന്റെ അമിതാവേശം ചര്‍ച്ചയായത്.

മോശം പെരുമാറ്റത്തിന്റെ പേരില്‍ സഞ്ജു വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത് കിട്ടിയത് 2017ലാണ്. ഈ ഇടപെടല്‍ സഞ്ജുവിന്റെ കരിയറിനെ ഗുണകരമാം വിധം തുണച്ചുവെന്നാതാണ് വസ്തുത. സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് അന്ന് കെ.സി.എ. പറഞ്ഞിരുന്നു. സഞ്ജു തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് സഞ്ജു എഴുതിക്കൊടുക്കുകയും ചെയ്തു. അക്ഷരം പ്രതി അത് താരം പാലിച്ചു. അതിന്റെ ഗുണമാണ് പിന്നീട് ഐപിഎല്ലില്‍ അടക്കം കണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാമെല്ലാമായി മലയാളി താരം. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ട് ട്വന്റി ട്വന്റി സെഞ്ച്വറികള്‍. ഫോമിന്റെ അപാരതയിലാണ് സഞ്ജു. പക്ഷേ 2017ല്‍ സഞ്ജുവിനൊപ്പം നടപടി നേരിട്ട മറ്റൊരാളുണ്ട്. സഞ്ജു സാംസന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥ്.

അന്ന് സഞ്ജുവിന്റെ അച്ഛന് കെ.സി.എ. വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സാംസണ്‍ ഇനി മുതല്‍ പരിശീലകര്‍, കെ.സി.എ. ഭാരവാഹികള്‍ എന്നിവരുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും കളിസ്ഥലം, പരിശീലവേദികള്‍ എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും കെ.സി.എ. പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അന്ന് ഗ്രൗണ്ടില്‍ ബാറ്റ് അടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഞ്ജുവിനോട് ക്ഷമിക്കാനായിരുന്നു കെസിഎയുടെ ആദ്യ തീരുമാനം. അപ്പോഴാണ് അച്ഛന്റെ ഫോണ്‍ തെറി വിളി കെസിഎക്കാരെ തേടി എത്തിയത്. ഇതോടെ കെസിഎ നടപടികളിലേക്ക് കടന്നുവെന്നതാണ് വസ്തുത.

Tags:    

Similar News