വെരി വെരി സ്‌പെഷ്യല്‍ ഇന്നിംഗ്‌സുകള്‍ക്ക് ചാലക ശക്തിയായ 'ലക്ഷ്മണ്‍ ഫാക്ടര്‍'! ഗില്ലിനെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ; ജയ്‌സ്വാളും ഗില്ലും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറപ്പില്ലെന്ന് ക്യാപ്ടന്‍ സൂര്യ! ഏകദിന സെഞ്ച്വറിക്ക് ശേഷം ഏകദിനം കളിച്ചില്ല; ട്വന്റി ട്വന്റിയിലും സഞ്ജുവിനെ പുകയ്ക്കുമോ?
മുംബൈ: അഞ്ചു കളിയില്‍ മൂന്ന് സെഞ്ച്വറി. അതില്‍ നാലു കളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. അവരുടെ മണ്ണിലെ പരമ്പര 3-1ന് ഇന്ത്യ ജയിക്കാനുള്ള പ്രധാന കാരണം മലയാളി ബാറ്റില്‍ നിന്നു പിറന്ന രണ്ട് സെഞ്ച്വറികള്‍. ഒരു കളിക്കാരന് വീണ്ടും ട്വന്റി ട്വന്റിയില്‍ ഓപ്പണ്‍ ചെയ്യാന്‍ ഇതെല്ലാം മതി യോഗ്യതകള്‍. എന്നാല്‍ സഞ്ജു വി സാംസണിന്റെ കാര്യത്തില്‍ ഇതൊന്നും പോരാ. ഇന്ത്യന്‍ ട്വന്റി20 ടീമിലേക്ക് യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും തിരിച്ചെത്തുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് ഓപ്പണര്‍ സ്ഥാനം നല്‍കുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പകയ്ക്കുകയാണ്. അത്ഭുത സെഞ്ച്വറികളില്‍ പോസ്റ്റിട്ട് ഉത്തരേന്ത്യന്‍ ബാറ്റര്‍മാരെ പുകഴ്ത്തുന്ന മഹാരഥന്മാരെല്ലം സഞ്ജുവിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി വീട്ടില്‍ ഇരുപ്പാണ്. കമന്റേറ്റര്‍മാരൊന്നും വാനോളം പുകഴ്ത്തുന്നുമില്ല. ഇതിനിടെയാണ് സൂര്യകുമാറിന്റെ വാക്കുകളും എത്തുന്നു.
സഞ്ജുവിനെ ഓപ്പണറാക്കിയതില്‍ ക്യാപ്ടന്‍ സൂര്യയ്ക്കും കോച്ച് ഗൗതം ഗംഭീറിനും അഭിനന്ദനങ്ങളെത്തി. സഞ്ജുവിന്റെ അച്ഛന്‍ അത് പറയുകയും ചെയ്തു. ഇതിനൊ്പ്പം ചില ഗൂഡാലോചന കഥകളും. അതിരുവിട്ട ആ പ്രതികരണങ്ങളെ സഞ്ജു അതിജീവിച്ചത് ദക്ഷിണാഫ്രിക്കയിലെ രണ്ടാം സെഞ്ച്വറിയോടെയാണ്. ട്വന്റി ട്വന്റി ക്രിക്കറ്റില്‍ സെഞ്ച്വറി നേട്ടം അത്ര എളുപ്പമല്ല. വേഗത്തില്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ വിക്കറ്റ് പോകാനുള്ള സാധ്യത ഏറെയാണ്. ഇവിടെ വേണ്ടത് മാസും ക്ലാസുമാണ്. അങ്ങനെ ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണ് സഞ്ജു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ സെഞ്ചറി നേടിയ സഞ്ജു ഇന്ത്യന്‍ ടീമിന്റെ പരമ്പര നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പരമ്പര 3-1ന് സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് സൂര്യകുമാര്‍ യാദവ് മനസ്സുതുറന്നത്.
''ഇക്കഴിഞ്ഞ ലോകകപ്പിനു മുന്‍പും ഞങ്ങള്‍ കുറച്ചു ട്വന്റി20 പരമ്പരകള്‍ കളിച്ചിരുന്നു. ഏതു തരത്തിലുള്ള ക്രിക്കറ്റാണു വേണ്ടതെന്നാണു ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഞങ്ങള്‍ പല ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഐപിഎല്ലില്‍ കളിക്കുന്നവരാണ്, പക്ഷേ ദേശീയ ടീമിനായി ഒരുമിച്ചു ചേരുമ്പോള്‍ അതേ പ്രകടനം ഇവിടെയും നടത്താന്‍ സാധിക്കണമെന്നാണ് ആഗ്രഹിക്കാറുള്ളത്.'' സൂര്യകുമാര്‍ യാദവ് പറഞ്ഞു. ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നായിരുന്നു സഞ്ജുവിന്റെ ഭാവിയെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ സൂര്യയുടെ മറുപടി. ''അത്ര ദൂരെയ്‌ക്കൊന്നും ഞാന്‍ ചിന്തിച്ചുപോകുന്നില്ല. ഈ പരമ്പര വിജയം ആസ്വദിക്കുകയാണ് ഞാന്‍. പരിശീലകര്‍ക്കൊപ്പം ഇരുന്നു പിന്നീട് ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സുഖമുള്ളൊരു തലവേദനയായിമാറും. ഒരു തിരഞ്ഞെടുക്കല്‍ എന്നതു ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. 2025 പേര്‍ ലഭ്യമായുള്ളപ്പോള്‍ അതില്‍നിന്ന് 1015 പേരെ എടുത്തു ടീം ഉണ്ടാക്കുകയെന്നതു വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ബിസിസിഐയും സിലക്ടര്‍മാരും തലവേദനയ്ക്കു പരിഹാരം കാണുമെന്നാണു കരുതുന്നത്.'' സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു.
ഇനി നിര്‍ണ്ണായകം പരിശീലക മനസ്സാണ്. ഗൗതം ഗംഭീറാണ് ഇന്ത്യന്‍ ടീം കോച്ച്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ദക്ഷിണേന്ത്യാക്കാരനായ വിവിഎസ് ലക്്ഷ്മാണായിരുന്നു പരിശീലക കുപ്പായത്തില്‍. സഞ്ജുവിന്റെ രണ്ടു വെടിക്കെട്ട് വെരി വെരി സ്‌പെഷ്യല്‍ ഇന്നിംഗ്‌സുകള്‍ക്ക് പിന്നില്‍ ലക്ഷ്മണും വലിയ പങ്കുണ്ട്. ഇഷ്ടം പോലെ കളിക്കാനായിരുന്നു നല്‍കിയ ഉപദേശം. ആദ്യ സെഞ്ച്വറിക്ക് ശേഷം സഞ്ജു രണ്ടു തവണ പൂജ്യനായി. അപ്പോഴും വിവിഎസ് ക്ഷോഭിച്ചില്ല. നിന്റെ ഷോട്ടുകള്‍ക്ക് ഇന്ത്യയെ രക്ഷിക്കാനാകുമെന്ന സന്ദേശം മാത്രമാണ് നല്‍കിയത്. നാലാം മത്സരത്തില്‍ സഞ്ജുവിന് ഒരു സമ്മര്‍ദ്ദവും നല്‍കിയില്ല. ഈ മനശാസ്ത്ര ബുദ്ധിയാണ് സഞ്ജുവിന് ട്വന്റി ട്വന്റിയിലെ മൂന്നാം സെഞ്ച്വറി നല്‍കിയത്. ഇത് സഞ്ജുവിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലേറ്റ മുറിവുമായി. ഇതെല്ലാം സഞ്ജുവിനെ സ്‌നേഹത്തോടെ കാണുന്ന സൂര്യകുമാര്‍ എന്ന ട്വന്റി ട്വന്റി ക്യാപ്ടനും അറിയാം. അതുകൊണ്ട് തന്നെ സഞ്ജുവിന് മുന്നില്‍ ഇനിയും വെല്ലുവിളികള്‍ ഏറെയാണ്.
സച്ചിന്‍ ശേഷം ശുഭ്മന്‍ ഗില്‍ എന്ന തരത്തില്‍ പോലും ചര്‍ച്ചകളുണ്ടായിരുന്നു. വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും മുകളില്‍ ഗില്ലിനെ പ്രതിഷ്ഠിക്കാനായിരുന്നു ശ്രമം. പക്ഷേ സച്ചിന്റെ ക്ലാസും രോഹത്തിന്റെ മാസും കോലിയുടെ വീര്യവും ഒന്നും സ്ഥിരമായി ബാറ്റിംഗില്‍ ഇറക്കാന്‍ ഗില്ലിന് കഴിഞ്ഞിട്ടില്ല. ശരാശരിക്ക് മുകളിലാണ് താനെന്ന് തെളിയിച്ചു കഴിഞ്ഞ ഗില്ലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയാണ്. എന്നാല്‍ മുംബൈ ക്രിക്കറ്റിന്റെ പിന്തുണയെന്ന കരുത്ത് ഗില്ലിനുണ്ട്. നിരവധി ഗോഡ് ഫാദര്‍മാരും. അതുകൊണ്ട് തന്നെ ട്വന്റി ട്വന്റിയില്‍ ഗില്‍ കളിക്കാനെത്തിയാല്‍ സഞ്ജുവിന് എന്തും സംഭവിക്കാം. ഇപ്പോഴത്തെ ഫോമില്‍ സഞ്ജുവിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഏതെങ്കിലും ബാറ്റര്‍മാറുമ്പോള്‍ പാഡണിയുന്ന താരമായി തന്നെ സഞ്ജുവിനെ നിലനിര്‍ത്താനാണ് നീക്കം. അല്ലാത്ത പക്ഷം അതിശക്തമായ ഇടപെടല്‍ കോച്ച് ഗംഭീര്‍ നടത്തേണ്ടി വരും. വിവിഎസായിരുന്നു ആ സ്ഥാനത്ത് എങ്കില്‍ സഞ്ജുവിന് സ്ഥാനം ഉറപ്പാണെന്ന് കരുതുന്നവരുമുണ്ട്.
2023 ഡിസംബര്‍ 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പേളില്‍ സഞ്ജു ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടി. മൂന്നാമന്റെ റോളില്‍ എത്തിയാണ് കളിയിലെ കേമനായി മടങ്ങിയത്. അതിന് ശേഷം സഞ്ജുവിനെ ഇന്ത്യന്‍ ഏകദിന ടീമിലേ കളിപ്പിച്ചിട്ടില്ല. അതാണ് മുംബൈ ലോബിയുടെ കരുത്ത്. അതുകൊണ്ടാണ് ട്വന്റി ട്വന്റിയിലും എന്തും സംഭവിക്കാമെന്ന സൂചന സൂര്യകുമാര്‍ തന്നെ നല്‍കുന്നത്. ട്വന്റി ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു ആദ്യ സെഞ്ച്വറി നേടി. അതിന്റെ ആവേശത്തില്‍ വാക്കുകള്‍ കൈവിട്ട സഞ്ജുവിന്റെ അച്ഛന്‍ നാലു പേര്‍ക്കെതിരെ ആഞ്ഞടിച്ചു. ഇത് ശരിയായില്ലെന്ന് സഞ്ജു പോലും അച്ഛനോട് പറഞ്ഞു. അങ്ങനെ ആ അച്ഛന്‍ അടങ്ങി. ആ അച്ഛനെ കൊണ്ട് ഇനിയും വിമര്‍ശനങ്ങള്‍ നടത്തിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. അടുത്ത വര്‍ഷം ജനുവരി അവസാനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ട്വന്റി20 പരമ്പരയുണ്ട്. ടെസ്റ്റ് പരമ്പര കളിക്കാനായി ഓസ്‌ട്രേലിയയ്ക്കു പോയ ഇന്ത്യന്‍ ടീമിനൊപ്പമാണ് യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ഇപ്പോഴുള്ളത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കു ശേഷം ഇരുവരും ട്വന്റി20 ടീമിനൊപ്പം ചേരും എന്നാണ് പ്രതീക്ഷ.