ഹൈദരാബാദി രവി തേജയുടെ ലെഗ് സ്പിന്നിനെ കശക്കി മെന്റര്‍ 2010ല്‍ അടിച്ചു വാരിയത് അഞ്ചു സിക്‌സും ഒരു ഫോറും അടക്കം 35 റണ്‍സ്! വിവിയന്‍ റിച്ചാര്‍ഡസണെ പിന്നിലാക്കിയ ആ മലയാളിയുടെ ഉപദേശം ഹൈദരബാദില്‍ കൊടുങ്കാറ്റായി; സാംസണിന്റെ 30 റണ്‍സ് പിറന്നതും ലെഗ് സ്പിന്നര്‍ക്കെതിരെ; സഞ്ജുവിന്റെ മെന്റര്‍ റെയ്ഫിയുടെ കഥ

ഒരോവറില്‍ അഞ്ച് സിക്സ് പറത്തുക എന്ന ലക്ഷ്യം ഒരു വര്‍ഷത്തോളമായി തന്റെ മനസിലുണ്ടായിരുന്നതായി സഞ്ജു സാംസണ്‍

Update: 2024-10-13 06:44 GMT


കൊച്ചി: ട്വന്റി ട്വന്റി ക്രിക്കറ്റില്‍ മലയാളിയുടെ അഭിമാനം സഞ്ജു വി സാംസണ്‍ അഞ്ചു സിക്‌സ് അടിച്ചു. ബംഗ്ലാദേശിന്റെ റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ അഞ്ചു സിക്‌സറുകളടക്കം 30 റണ്‍സ്. ഒടുവില്‍ 40-ാം പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു ഡഗ്ഔട്ടിലേക്ക് തന്റെ മസില്‍ കാണിച്ചുകൊടുത്തു. പിന്നെ മാന്‍ ഓഫ് ദി മാച്ച്. പുരസ്‌കാരം വാങ്ങിയ ശേഷം ആ സിക്‌സറിന് പിന്നിലെ പ്രചോദനം ആരെന്നും പറഞ്ഞു. റെയ്ഫി വിന്‍സന്റ് ഗോമസ്. കേരളത്തിന്റെ മുന്‍ നായകന്‍. സഞ്ജു പാഡണിഞ്ഞ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെത്തിയതു മുതല്‍ ആരാധനയോടെ കണ്ട റെയ്ഫി ചേട്ടന്‍. ഹൈദരബാദില്‍ സഞ്ജു അടിച്ചത് ഒരോവറില്‍ 30 റണ്‍സാണ്. എന്നാല്‍ കേരളത്തിന് വേണ്ടി ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ 35 റണ്‍സ് നേടിയിട്ടുണ്ട് റെയ്ഫി എന്നതാണ് വസ്തുത. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരോവറിലെ കൂടുതല്‍ റണ്‍സെന്ന റിക്കോര്‍ഡ് പട്ടികയിലും റെയ്ഫിയുടെ പേരുണ്ട്.

ഏകദിന ഫോര്‍മാറ്റിലെ മത്സരമാണ് ലിസ്റ്റ് എ എന്ന് അറിയപ്പെടുന്നത്. അന്താരാഷ്ട്രവും പ്രാദേശികവുമായ മത്സരങ്ങള്‍ ഇതില്‍ വരും. 2010 ഫെബ്രുവരിയിലായിരുന്നു റെയ്ഫിയുടെ സിക്‌സര്‍ അടി. അന്ന് ഒരോവറിലെ എല്ലാ പന്തിലും റെയ്ഫി ബൗണ്ടറി നേടി. ഒരു ഫോറും അഞ്ചു സിക്‌സും. അങ്ങനെ റെയ്ഫി അന്ന് ഹൈദരാബാദിനെതിരെ നേടിയത് 34 റണ്‍സ്. ആ ഓവറില്‍ ഒരു വൈഡും പിറന്നു. അങ്ങനെ ഓവറിലെ മൊത്തം സ്‌കോര്‍ 35 ആയി. രവി തേജയെന്ന അക്കാലത്തെ മികച്ച സ്പിന്നര്‍ക്കെതിരെയായിരുന്നു റെയ്ഫിയുടെ കത്തി കയറല്‍. ഈ മത്സരം കേരളം ജയിക്കുകയും ചെയ്തു. 200-2007 സീസണില്‍ നെതര്‍ലണ്ടിനെതിരെ ഹേര്‍ഷല്‍ ഗിബ്‌സ് 36 റണ്‍സ് നേടിയിരുന്നു. റെയ്ഫി അടിച്ചു തകര്‍ത്ത അന്ന് അതായിരുന്നു റിക്കോര്‍ഡ് ബുക്കിലെ ആദ്യ എന്‍ട്രി.

പിന്നീട് 2018/19ല്‍ ന്യൂസിലണ്ടിലെ പ്രാദേശിക ക്രിക്കറ്റില്‍ ഒരോവറില്‍ 43 റണ്‍സ് അടിച്ചു. ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റിലും 2013/14ല്‍ 39 റണ്‍സ് പിറന്നു. ദക്ഷിണാഫ്രിക്കന്‍ താരം ജെപി ഡുമിനിയും പ്രാദേശിക മത്സരത്തില്‍ 2017/18ല്‍ 37 റണ്‍സെടുത്തു. അതായത് ലിസ്റ്റ് എ മത്സരത്തില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ കേരളത്തിന്റെ റെയ്ഫി വിന്‍സന്റ് ഗോമസിന്റെ പേരിന് മുന്നിലുള്ളത് നാലു പേരുകള്‍ മാത്രം. റെയ്ഫിക്ക് തൊട്ടു താഴെയുള്ളത് രണ്ട് ബാറ്റിംഗ് ഇതിഹാസങ്ങലാണ്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ സാക്ഷാല്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ് ഒരോവറില്‍ അടിച്ചത് 34 റണ്‍സാണ്. അത് 1977ലായിരുന്നു. ഇന്ത്യയുടെ സൗരവ് ഗാംഗുലി ഇന്ത്യാ ബിയ്‌ക്കെതിരെ ഇന്ത്യാ എയ്ക്ക് വേണ്ടി 2000/2001 സീസണില്‍ നേടിയതും 34 റണ്‍സ്. കേരളാ ക്രിക്കറ്റിലെ ഒരു കാലത്ത് പവര്‍ ഹൗസമായിരുന്നു റെയ്ഫി.

2010 ഫെബ്രുവരിയില്‍ വിജയ് ഹസാര ടൂര്‍ണ്ണമെന്റിലായിരുന്നു റെയ്ഫിയുടെ ആ ബൗണ്ടറി പ്രകടനം. 29 പന്തില്‍ 88 റണ്‍സുമായി പുറത്താകെ നിന്നു. 24 വയസ്സായിരുന്നു അന്ന് റെയ്ഫിയുടെ പ്രായം. കേരളാ ക്രിക്കറ്റ് ഏറെ പ്രതീക്ഷ നല്‍കിയ റെയ്ഫിയ്ക്ക് അതിനൊത്ത് മുന്നേറാനായില്ലെന്നതും വസ്തുതയാണ്. 2010ല്‍ ഹൈദരാബാദിനെതിരെ കേരളം നേടിയത് മൂന്ന് വിക്കറ്റിന് 358 റണ്‍സായിരുന്നു. അന്ന് അഭിഷേക് ഹെഗ്‌ഡേയും വിഎ ജഗദീഷും കേരളത്തിന് വേണ്ടി സെഞ്ച്വറിയും നേടി. തുടര്‍ന്ന് ബാറ്റ് ചെയ്ത ഹൈദരാബാദ് 303 റണ്‍സിന് പുറത്തായി. 55 റണ്‍സിന് കേരളം വിജയിച്ചു. രണ്ടു സെഞ്ച്വറിയും റെയ്ഫിയുടെ റിക്കോര്‍ഡ് പ്രകടനവും പിറന്ന ആ മത്സരം കേരളാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.

കുറച്ചു കാലമായി സഞ്ജു വി സാംസണിന്റെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ റെയ്ഫി നല്‍കുന്നുണ്ട്. കളിയില്‍ നിന്നും വിരമിച്ച് പരിശീലകനായ ശേഷം സഞ്ജുവിന് മാനസിക പിന്തുണ നല്‍കുന്നതില്‍ പ്രത്യേക താല്‍പ്പര്യവും കാട്ടി. കോവിഡ് കാലത്ത് പരിശീലനം പോലും അസാധ്യമായ സമയത്ത് നെറ്റ്‌സില്‍ സഞ്ജുവിനായി പന്തെറിഞ്ഞു കൊടുത്തത് റെയ്ഫിയായിരുന്നു. കോവിഡാനന്തര ഐപിഎല്ലില്‍ സഞ്ജുവെന്ന താരത്തെ തുണച്ചത് ഈ പരിശീലനമായിരുന്നു. ഐപിഎല്ലിന് അപ്പുറത്തേക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സഞ്ജുവിന് ഒരിക്കലും കഴിഞ്ഞല്ല. കൂറ്റന്‍ സ്‌കോറുകളുടെ അഭാവമായിരുന്നു ഇതിനെല്ലാം കാരണം. ഏകദിനത്തില്‍ സെഞ്ച്വറി നേടിയെങ്കിലും അതു മാത്രം സഞ്ജുവിന് മതിയായിരുന്നില്ല.

ഇതോടെയാണ് പുതിയ സീസണ് പുതിയ അജണ്ട റെയ്ഫി മുമ്പോട്ട് വച്ചത്. തന്നെ പോലെ ഒരോവറില്‍ അഞ്ചു സിക്‌സ് അടിക്കുക. ദേവ്ദര്‍ ട്രോഫിക്ക് മുമ്പ് പരിശീലനം തുടങ്ങി. ദുബായില്‍ എത്തിയും അതിന് വേണ്ടി ശ്രമിച്ചു. ദേവ്ദര്‍ ട്രോഫിക്കുള്ള ടീമുകളില്‍ ആദ്യം സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. അവസാന നിമിഷം പകരക്കാരനായെത്തി സഞ്ജു ആ ടൂര്‍ണ്ണമെന്റില്‍ സെഞ്ച്വറി അടിച്ചു. പിന്നാലെ ബംഗ്ലാദേശിനെതിരായ 20-20 ടീമില്‍. ആദ്യ രണ്ടു കളിയിലും വിക്കറ്റ് കളഞ്ഞു കുളിച്ചു. എന്നാല്‍ മൂന്നാം അവസരത്തില്‍ റെയ്ഫിയുടെ വാക്കുകള്‍ സഞ്ജു ഏറ്റെടുത്തു. ഒരു ഓവറില്‍ അഞ്ചു സിക്‌സ് അടിച്ചു. റെയ്ഫിയുടെ സ്‌കിസ് അടി ഹൈദരാബാദിനെതിരെ ചെന്നൈയിലായിരുന്നുവെങ്കില്‍ സഞ്ജു അടിച്ചത് ഹൈദരാബാദില്‍. രണ്ടു പേരും ഈ നേട്ടം സ്വന്തമാക്കിയത് ലെഗ് സ്പിന്നര്‍ക്കെതിരെ. അങ്ങനെ റെയ്ഫിയെ മെന്ററായി കാണുന്ന സഞ്ജുവും ട്വന്റി ട്വന്റിയില്‍ ആദ്യ സെഞ്ച്വറി നേടി. ഇന്ത്യന്‍ ക്രിക്കറ്റ് അതുകണ്ട് കോരിത്തരിച്ചു.

കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്ന റെയ്ഫി ഒരു വലംകൈയന്‍ ബാറ്റ്‌സ്മാനും വലംകൈയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്നു. 2009-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീശാന്തിനു ശേഷം ഒരു ഐ.പി.എല്‍. ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ കേരള രഞ്ജി താരമാണ് റൈഫി. ഐ.പി.എല്‍. നാലാം സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിലുമെത്തി. രഞ്ജി ട്രോഫിയില്‍ നിന്നും വിരമിച്ച ശേഷം പരിശീലകനായി. പോണ്ടിച്ചേരി ടീമിന്റെ ചുമതലയുമുണ്ടായിരുന്നു. നിലവില്‍ ദുബായില്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിലായി.

രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിത്തകര്‍ക്കുകയായിരുന്നു സഞ്ജു സാംസണ്‍. തനിക്ക് നേരേ വരുന്ന ഓരോ പന്തുകളും വലിച്ചടിച്ച് ഗാലറിയിലെത്തിക്കാന്‍ വെമ്പുന്ന മനസുമായായിരുന്നു കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ബാറ്റിങ്. ഒടുവില്‍ 40-ാം പന്തില്‍ ഇന്ത്യയ്ക്കായി ടി20 ജേഴ്സിയിലെ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യന്‍ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയാണ് സഞ്ജുവിന്റേത്. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം.എസ് ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാന്‍ സാധിക്കാതിരുന്ന നേട്ടമാണ് കഴിഞ്ഞ ദിവസം സഞ്ജു സ്വന്തമാക്കിയത്.

ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടി20-യിലെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടവും നേട്ടവും സഞ്ജു സ്വന്തം പേരിലാക്കി. 2022-ല്‍ ലഖ്നൗവില്‍ ശ്രീലങ്കയ്ക്കെതിരേ 89 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. ടി20-യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും സഞ്ജുവിന്റെ പേരിലാണ്. 2022-ല്‍ ഡബ്ലിനില്‍ അയര്‍ലന്‍ഡിനെതിരേ സഞ്ജു 77 റണ്‍സെടുത്തിരുന്നു. ടി20-യില്‍ സെഞ്ചുറി നേടുന്ന 11-ാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സഞ്ജു. മാത്രമല്ല സുരേഷ് റെയ്ന, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഏകദിനത്തിലും ടി20-യിലും ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആറാമത്തെ താരവുമായി സഞ്ജു.

ബംഗ്ലാദേശിനെതിരേ സ്പിന്നര്‍ റിഷാദ് ഹുസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ തുടര്‍ച്ചയായ അഞ്ചു പന്തുകളും സഞ്ജു സിക്സറിന് പറത്തിയിരുന്നു. മത്സരത്തില്‍ 47 പന്തില്‍ നിന്ന് 11 ഫോറും എട്ടു സിക്സുമടക്കം 111 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.

മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞത്

ഹൈദരാബാദിലെ വെടിക്കെട്ടിന് ശേഷം സഞ്ജു പറഞ്ഞ വാക്കുകള്‍ വൈറലാണ്. ഒരു ഓവറില്‍ അഞ്ചു സിക്സ് എന്നത് തന്റെ സ്വപ്നമായിരുന്നു. കളിക്കളത്തില്‍ പ്രചോദനമായ മെനന്ററുടെ കൂടെ സ്വപ്നം. ക്രിക്കറ്റില്‍ തന്റെ മെന്ററായ റൈഫി വിന്‍സന്റ് ഗോമസ് എന്നും എപ്പോഴും പറയുമായിരുന്നു ഒരു ഓവറില്‍ അഞ്ചു സിക്സ് അടിക്കണമെന്ന്. അതിന് വേണ്ടി നിരന്തരം പ്രയത്നിച്ചു. ഒടുവില്‍ അത് സഫലമായി-സഞ്ജു പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തിന്റെ പ്രതീകമാണ് താനെന്ന് അറിയിക്കാന്‍ സഞ്ജുവിന് ഇതു പോലൊരു വെടിക്കെട്ട് അനിവാര്യതയായിരുന്നു. അതു തന്നെയാണ് കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി ക്യാപ്ടന്‍ കൂടിയായ റൈഫി നിരന്തരം സഞ്ജുവിനെ ഓര്‍മ്മിപ്പിച്ചത്. കോവിഡ് കാലത്ത് കളിക്കളങ്ങള്‍ നിര്‍ജ്ജീവമായപ്പോള്‍ പോലും പ്രത്യേക സംവിധാനമൊരുക്കി സഞ്ജുവിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ പരിശീലകനാണ് റൈഫി. മുമ്പും റൈഫിയുടെ ഇടപെടലിനെ കുറിച്ച് സഞ്ജു വാചാലനായിട്ടുണ്ട്.

കേരളാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റിംഗ് പ്രതിഭയായിരുന്നു റൈഫി. ബോര്‍ഡര്‍-ഗവാസ്‌കര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ച താരം. അണ്ടര്‍ 19 ഇന്ത്യ കളിച്ച പ്രതിഭ. കേരളത്തിന് വേണ്ടിയും ബാറ്റു കൊണ്ടു ബോളുകൊണ്ടും വിസ്മയം തീര്‍ത്തു റൈഫി. റൈഫി പരിശീലിച്ചിരുന്ന കോച്ച് ബിജു ജോര്‍ജ്ജിന് കീഴിലായിരുന്നു പതിമൂന്നാം വയസ്സില്‍ സഞ്ജുവും തുടങ്ങിയത്. അന്ന് തുടങ്ങിയ ആത്മബന്ധം ഇന്നും റൈഫിയ്ക്കും സഞ്ജുവിനും ഇടയിലുണ്ട്. രാജസ്ഥാന്‍ റോല്‍സിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡില്‍ നിന്നും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നേടി ബംഗ്ലാ പരമ്പരയ്ക്ക് എത്തിയ സഞ്ജുവിന്റെ മനസ്സില്‍ റൈഫിയുടെ നിര്‍ദ്ദേശവും തീയായുണ്ടായിരുന്നു. ഇതാണ് ഹൈദരാബാദിലെ കൊടുങ്കാറ്റായത്.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് കാരണം ലോക്ക്ഡൗണ്‍ കാലത്തെ കഠിനാദ്ധ്വാനമെന്ന് സഞ്ജു സാംസണ്‍ നേരത്തെ പറഞ്ഞിരുന്നു. 2020ല്‍ സഞ്ജു പറഞ്ഞത് ഇങ്ങനെയാണ്. കേരള മുന്‍ നായകനും ഐപിഎല്‍ താരവുമായിരുന്ന റൈഫി വിന്‍സന്റ് ഗോമസിന്റെ പിന്തുണയും ഉപദേശവും സഹായമായി. കഴിഞ്ഞ 10 വര്‍ഷമായി റൈഫി ചേട്ടന്‍ എന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അന്ന് സഞ്ജു പറഞ്ഞിരുന്നു. കോവിഡിന്റെ ലോക്ഡൗണ്‍ കാലത്ത് സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് സഞ്ജുവിനായി 20000 പന്തുകളാണ് റൈഫി എറിഞ്ഞു കൊടുത്തത്. ഐപിഎല്ലില്‍ ഈ പരിശീലനം വലിയ ഗുണകരമായെന്ന് സഞ്ജു തുറന്നു പറഞ്ഞിരുന്നു. അതേ റൈഫിയെ വീണ്ടും ചര്‍ച്ചയാക്കുകായണ് ഇന്ത്യയ്ക്കായുള്ള ആദ്യ ട്വന്റി ട്വന്റി സെഞ്ച്വറിയുടെ സമയത്തും.

ഒരോവറില്‍ അഞ്ച് സിക്സ് പറത്തുക എന്ന ലക്ഷ്യം ഒരു വര്‍ഷത്തോളമായി തന്റെ മനസിലുണ്ടായിരുന്നതായി സഞ്ജു സാംസണ്‍. ഓവറില്‍ അഞ്ച് പന്തിലും സിക്സ് പറത്തുന്നത് കാണാന്‍ തന്റെ മെന്റര്‍ ഏറെ ആഗ്രഹിച്ചിരുന്നതായും ഹൈദരാബാദിലെ ക്ലാസിക് ഇന്നിങ്സിന് പിന്നാലെ സഞ്ജു പറയുന്നു. എന്റെ കഴിവ് എന്താണെന്ന് അറിയാമെന്നും എന്ത് സംഭവിച്ചാലും പിന്തുണയ്ക്കുമെന്നുമുള്ള സന്ദേശമാണ് ഡ്രസ്സിങ് റൂമില്‍ നിന്നും ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്നും എനിക്ക് ലഭിച്ചത്. വാക്കുകൊണ്ട് മാത്രമല്ല, പ്രവര്‍ത്തികൊണ്ടും അവരത് കാണിച്ചു തന്നു. കഴിഞ്ഞ പരമ്പരയില്‍ ഞാന്‍ രണ്ട് വട്ടം ഡക്കായി. തിരികെ കേരളത്തിലേക്ക് പോയി ഞാന്‍ ചിന്തിച്ചത് എന്താണ് ഇനി സംഭവിക്കുക എന്നാണ്. എന്നാല്‍ അവര്‍ ഈ പരമ്പരയിലും എന്നെ പിന്തുണച്ചു. ക്യാപ്റ്റന്റേയും കോച്ചിന്റേയും മുഖത്ത് ചിരി കൊണ്ടുവരാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, സഞ്ജു പറയുന്നു.

Tags:    

Similar News