രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് തെറിച്ചപ്പോള്‍ പരിഹസിച്ച് സര്‍ഫറാസ്; പിന്നാലെ 'ശല്യക്കാരനെന്ന' പരാതിയുമായി ഡാരില്‍ മിച്ചല്‍; ഇന്ത്യന്‍ യുവതാരത്തെ താക്കീത് ചെയ്ത് അംപയര്‍; പ്രശ്‌നം പരിഹരിച്ച് രോഹിത് ശര്‍മ

സര്‍ഫറാസ് ശ്രദ്ധയോടെ ബാറ്റു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

Update: 2024-11-01 11:48 GMT

മുംബൈ: മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിടെ ഇന്ത്യന്‍ ഫീല്‍ഡര്‍ സര്‍ഫറാസ് ഖാന്‍ ശ്രദ്ധയോടെ ബാറ്റു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ന്യൂസീലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍. സില്ലി പോയിന്റില്‍ ഫീല്‍ഡറായ സര്‍ഫറാസ് ശബ്ദമുണ്ടാക്കി ശ്രദ്ധ തെറ്റിക്കുന്നുവെന്നാണ് ഡാരില്‍ മിച്ചലിന്റെ പരാതി. ബാറ്റിങ്ങിനിടെ മിച്ചല്‍ ഇക്കാര്യം അംപയര്‍മാരെ അറിയിക്കുകയും ചെയ്തു. സര്‍ഫറാസ് തൊട്ടടുത്തുനിന്ന് നിരന്തരം സംസാരിക്കുന്നതു ബാറ്റിങ്ങിന് ശല്യമാകുന്നെന്നായിരുന്നു മിച്ചലിന്റെ പരാതി.

തുടര്‍ന്ന് അംപയര്‍ സര്‍ഫറാസ് ഖാനെ താക്കീത് ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇടപെട്ടാണു പ്രശ്‌നം പരിഹരിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 129 പന്തുകള്‍ നേരിട്ട ഡാരില്‍ മിച്ചല്‍ 82 റണ്‍സെടുത്തു പുറത്തായി. വാഷിങ്ടന്‍ സുന്ദര്‍ എറിഞ്ഞ 66ാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ക്യാച്ചെടുത്താണ് ഡാരില്‍ മിച്ചലിനെ പുറത്താക്കിയത്.

അതേ സമയം ന്യൂസീലന്‍ഡ് ബാറ്റര്‍ രചിന്‍ രവീന്ദ്ര വാഷിങ്ടന്‍ സുന്ദറിന്റെ പന്തില്‍ പുറത്തായതിനു പിന്നാലെ താരത്തെ പരിഹസിച്ച് സര്‍ഫറാസ് ഖാന്റെ ആഘോഷ പ്രകടനവും വിവാദമായിരുന്നു. രചിന്റെ വിക്കറ്റ് തെറിച്ചതോടെയായിരുന്നു ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസിന്റെ 'പ്രകടനം'. സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് രചിനു തൊട്ടുമുന്നില്‍ ചെന്ന് വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 12 പന്തുകള്‍ നേരിട്ട രചിന്‍ രവീന്ദ്ര അഞ്ചു റണ്‍സ് മാത്രമെടുത്താണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്. സര്‍ഫറാസിന്റെ പ്രകോപനത്തോടു പ്രതികരിക്കാതിരുന്ന രചിന്‍ മിണ്ടാകെ ഡഗ്ഔട്ടിലേക്കു മടങ്ങി. 20ാം ഓവറിലെ അവസാന പന്തിലായിരുന്നു താരത്തിന്റെ മടക്കം.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 65.4 ഓവറില്‍ 235 റണ്‍സിനു പുറത്തായിരുന്നു. രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദര്‍ നാലു വിക്കറ്റുകളും സ്വന്തമാക്കി. 129 പന്തില്‍ 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ്ങും (138 പന്തില്‍ 71) അര്‍ധ സെഞ്ചറി തികച്ചു.

129 പന്തില്‍ 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ്ങും (138 പന്തില്‍ 71) അര്‍ധ സെഞ്ചറി തികച്ചു. ഡെവോണ്‍ കോണ്‍വെ (11 പന്തില്‍ നാല്), ടോം ലാഥം (44 പന്തില്‍ 28), രചിന്‍ രവീന്ദ്ര (12 പന്തില്‍ അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (28 പന്തില്‍ 17), ഇഷ് സോധി (19 പന്തില്‍ ഏഴ്), മാറ്റ് ഹെന്റി (പൂജ്യം), അജാസ് പട്ടേല്‍ (16 പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലന്‍ഡ് താരങ്ങളുടെ സ്‌കോറുകള്‍.

Tags:    

Similar News