'തടിയന്‍' എന്ന് പരിഹസിച്ച് മാറ്റിനിര്‍ത്തി; ഐപിഎല്ലിലും അവഗണന; ഭക്ഷണക്രമത്തിലൂടെയും പരിശീലനത്തിലൂടെയും പത്ത് കിലോ കുറച്ച് ചുള്ളന്‍ ചെക്കനായി സര്‍ഫറാസ് ഖാന്‍; ഒരു ദിവസം നേരിടുന്നത് 500 സ്വിങ് ബോളുകള്‍; ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കഠിന പരിശ്രമം

തിരിച്ചുവരവിന് ഒരുങ്ങി സര്‍ഫറാസ് ഖാന്‍

Update: 2025-05-19 11:40 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും വിരമിച്ചതോടെ യുവനിരയിലേക്ക് ആരൊക്കെ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനായും ഓപ്പണറായുമൊക്കെ ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമിന് രണ്ട് മത്സരങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലും പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനായാല്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇലവനില്‍ ഇടംപിടിക്കാം. മുംബൈ താരം സര്‍ഫറാസ് ഖാനും ഇംഗ്ലണ്ട് പര്യടനത്തിനായി കടുത്ത തയ്യാറെടുപ്പിലാണ്. ശരീരഭാരം കുറച്ചും ബാറ്റിങ് പരിശീലനം നടത്തിയും സര്‍ഫറാസ് കടുത്ത തയ്യാറെടുപ്പിലാണെന്നാണ് താരത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാന്‍ പറയുന്നത്.

മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ വരവ് അറിയിച്ചെങ്കിലും ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന് സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. എന്നാല്‍ തടിയന്‍ എന്ന ചീത്തപ്പേര് ഒഴിവാക്കി ഫിറ്റനസ് ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് താരം. ശരീര ഭാരം കുറച്ച് അമ്പരപ്പിക്കുന്ന മേക്കോവറിസലുള്ള താരത്തിന്റെ ചിത്രം പുറത്തുവന്നുകഴിഞ്ഞു. ഒരു മാസത്തിനിടെ 10 കിലോഗ്രാം ഭാരമാണ് സര്‍ഫറാസ് ഖാന്‍ കുറച്ചത്. ഐപിഎല്‍ 2025 താരലേലത്തില്‍ അവഗണിക്കപ്പെട്ടതും ശരീരഭാരത്തിന്റെ പേരില്‍ ബോഡി ഷെയിമിംഗിന് ഇരയായതുമെല്ലാം താരത്തെ തന്റെ ക്രിക്കറ്റ് കരിയര്‍ നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തിലേയ്ക്ക് നയിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

സര്‍ഫറാസ് ഖാന് പലപ്പോഴും 'തടിയന്‍' എന്നും ശാരീരിക ക്ഷമതയില്ലാത്തവനെന്നുമെല്ലാമുള്ള പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഫിറ്റ്‌നസില്ലാത്ത താരമാണ് സര്‍ഫറാസ് എന്ന വിമര്‍ശനം ശക്തമായിരുന്നു. അതിനാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ സര്‍ഫറാസ് യോഗ്യനല്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്ക് തന്റെ ബാറ്റ് കൊണ്ട് മറുപടി പറയാറുള്ള സര്‍ഫറാസ് ഇത്തവണ ഫിറ്റ്‌നസിലൂടെയാണ് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലേക്ക് സര്‍ഫറാസ് ഖാനെ തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം, ഐപിഎല്‍ ലേലത്തിലെ അവഗണന സര്‍ഫറാസ് ഖാന് മാത്രമല്ല കുടുംബത്തിനും വലിയ നിരാശയാണ് സമ്മാനിച്ചത്. അന്ന് മുതല്‍ സര്‍ഫറാസിന്റെ പിതാവ് നൗഷാദ് ഖാന്‍ ഉള്‍പ്പെടെ ശരീരഭാരം കുറയ്ക്കാനുള്ള കഠിന പരിശ്രമമാണ് നടത്തിയത്. നൗഷാദ് ഖാന്‍ ഒരു മാസത്തിനുള്ളില്‍ 12 കിലോയാണ് കുറച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളില്‍ സര്‍ഫറാസ് ഒമ്പത് കിലോഗ്രാം കുറച്ചെന്നും അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും നൗഷാദ് ഖാന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. 15 കിലോമീറ്റര്‍ അപ്പുറമുള്ള മൈതാനത്തിലാണ് പരിശീലനം ചെയ്യുന്നത്. 6.30-ഓടെ അവിടെ എത്തും. കുറച്ച് സമയം വാംഅപ്പ് ചെയ്യും. ഫീല്‍ഡിങ്ങിന് ശേഷം ബാറ്റിങ്ങും പരിശീലിക്കും. രാവിലെ മുഴുവന്‍ റെഡ്ബോള്‍ ഉപയോഗിച്ചാണ് ബാറ്റിങ് പരിശീലിക്കുന്നത്. 10.30 ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം പ്രഭാതഭക്ഷണം കഴിച്ച് വിശ്രമിക്കും. വീട്ടില്‍ ഒരു ടര്‍ഫ് ക്രമീകരിച്ചിട്ടുണ്ട്. വിശ്രമിച്ചുകഴിഞ്ഞതിന് ശേഷം ടര്‍ഫില്‍ വീണ്ടും ബാറ്റിങ് പരിശീലനം നടത്തും. 300 മുതല്‍ 500 വരെ സ്വിങ് ബോളുകളാണ് നേരിടുന്നത്. പിന്നീട് സമയം കിട്ടിയാല്‍ ജിമ്മില്‍ പോകും.'- നൗഷാദ് ഖാന്‍ പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ 10 കിലോഗ്രാം ഭാരം കുറച്ചുവെന്നാണ് സര്‍ഫറാസിന്റെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സര്‍ഫറാസിന്റെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കുന്ന തിരക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ അടിയന്തരമായി ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സര്‍ഫറാസിന്റെ അച്ഛനും പരിശീലകനുമായ നൗഷാദ് ഖാന്‍ ഒരു മാസത്തിനുള്ളില്‍ 12 കിലോഗ്രാം കുറച്ചു.

'ഞങ്ങളുടെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കല്‍ ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. സര്‍ഫറാസ് ഇതിനോടകം പത്ത് കിലോഗ്രാം കുറച്ചു. ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിലാണ്. സര്‍ഫറാസും ഞാനും ജിമ്മില്‍ ആഴ്ചയില്‍ ആറ് ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ ഞാന്‍ നടക്കാന്‍ പോകും. അവന്‍ ഒരു മണിക്കൂറോളം ക്ലബ്ബില്‍ ജോഗിങ് ചെയ്യും. തുടര്‍ന്ന് 30 മിനിറ്റ് നീന്തല്‍ സെഷനും ഉണ്ടാകും. എന്റെ ഇളയ മകന്‍ മോയിന്‍ ഖാന്‍ പോലും വളരെയധികം ഭാരം കുറച്ചിട്ടുണ്ട്' നൗഷാദ് ഖാന്‍ പറഞ്ഞു.

'സര്‍ഫറാസും ഞാനും വീട്ടില്‍ ആട്ട ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും ചോറും കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി. ഞങ്ങളുടെ ഭക്ഷണക്രമം ഇപ്പോള്‍ കര്‍ശനമാണ്, പക്ഷേ രസകരമാണ്. ചിക്കന്‍, മുട്ട എന്നിവയ്‌ക്കൊപ്പം വെജിറ്റബിള്‍ വിഭവങ്ങള്‍ കഴിക്കുന്നു, ഗ്രീന്‍ ടീയും കട്ടന്‍ കാപ്പിയും കുടിക്കുന്നു. ഭക്ഷണത്തില്‍ വളരെ കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ' നൗഷാദ് പറഞ്ഞു.

ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി സര്‍ഫറാസ് ഖാനും കുടുംബവും ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും എണ്ണയുടെ ഉപയോഗം കുറക്കുകയും ചെയ്‌തെന്ന് നൗഷാദ് ഖാന്‍ പറഞ്ഞു. ദൈനംദിന ഭക്ഷണക്രമത്തില്‍ കൂടുതല്‍ പോഷകസമൃദ്ധമായ വിഭവങ്ങള്‍ ചേര്‍ത്തു. അരിയാഹാരം കഴിക്കുന്നത് പൂര്‍ണമായും നിര്‍ത്തി. വേവിച്ച ചിക്കന്‍, വേവിച്ച മുട്ട എന്നിവയും പച്ചക്കറികളും ഗ്രീന്‍ ടീയും കട്ടന്‍ കാപ്പിയുമൊക്കെയാണ് കഴിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭാരം കുറച്ച് ഫിറ്റായ ശരീരഘടനയുമായി ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് സര്‍ഫറാസ് ഖാന്‍. ജൂണ്‍ 20 മുതല്‍ ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാനായാല്‍ സര്‍ഫറാസിന് വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞേക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കുന്നുണ്ട്. മെയ് 30 ന് കാന്റര്‍ബറിയിലാണ് മത്സരത്തിന് തുടക്കമാകുക. ജൂണ്‍ 13 മുതല്‍ ബെക്കന്‍ഹാമില്‍ ഇന്ത്യന്‍ ടീം ഒരു ഇന്‍ട്രാ-സ്‌ക്വാഡ് മത്സരവും കളിക്കും.

Similar News