സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം; പഞ്ചാബിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

Update: 2026-02-14 15:27 GMT

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. കരുത്തരായ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഐ.വി. ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്‌സാണ് കേരളത്തിന് വിജയമൊരുക്കിയത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

സ്‌കോര്‍: പഞ്ചാബ് - 50 ഓവറില്‍ 186/9, കേരളം - 42.2 ഓവറില്‍ 187/2.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബിന് തുടക്കം മുതല്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ അവനീത് കൗറിനെ പുറത്താക്കി വി.എസ്. മൃദുലയാണ് കേരളത്തിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. റിദ്ദിമ അഗര്‍വാള്‍ മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും 30 റണ്‍സെടുത്ത് മൃദുലയ്ക്ക് തന്നെ വിക്കറ്റ് നല്‍കി മടങ്ങി. കൃഷ്മ, സൃഷ്ടി രാജ്പുത് എന്നിവര്‍ കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് 59 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പ്രഗതി സിങ്ങും പ്രിയ കുമാരിയും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 28 റണ്‍സെടുത്ത പ്രിയകുമാരിയെ ദര്‍ശന മോഹനന്‍ പുറത്താക്കിയെങ്കിലും പ്രഗതി സിങ് ഒരറ്റത്ത് ഉറച്ചുനിന്നു. 125 പന്തുകളില്‍ നിന്ന് 81 റണ്‍സുമായി പുറത്താകാതെ നിന്ന പ്രഗതിയാണ് പഞ്ചാബിനെ 186-ല്‍ എത്തിച്ചത്. കേരളത്തിനായി വി.എസ്. മൃദുല, ദര്‍ശന മോഹനന്‍, എസ്. ആശ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഷാനിയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ അക്ഷയയും ദൃശ്യയും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് അനായാസ വിജയമൊരുക്കി. ഇരുവരും ചേര്‍ന്ന് 148 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 61 റണ്‍സെടുത്ത അക്ഷയ പുറത്തായെങ്കിലും തുടര്‍ന്നെത്തിയ എസ്. ആശയ്‌ക്കൊപ്പം ചേര്‍ന്ന് ദൃശ്യ ടീമിനെ വിജയത്തിലെത്തിച്ചു. 121 പന്തുകളില്‍ നിന്ന് 106 റണ്‍സുമായി ദൃശ്യ പുറത്താകാതെ നിന്നു. പത്ത് ബൗണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ദൃശ്യയുടെ ഇന്നിങ്‌സ്. 42.2 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം മറികടന്നു.

Tags:    

Similar News