പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയുടെ നിർണായക വിധി; ആർസിബി താരം യാഷ് ദയാലിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി
ജയ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജയ്പൂരിലെ പ്രത്യേക പോക്സോ കോടതി ബുധനാഴ്ച തള്ളി. കേസിലെ ഗുരുതരമായ ആരോപണങ്ങളും ലഭ്യമായ തെളിവുകളും പരിഗണിച്ച്, ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പ്രത്യേക പോക്സോ കോടതി നമ്പർ 3 ജഡ്ജി അൽക്ക ബൻസാൽ പുറപ്പെടുവിച്ച ഉത്തരവിൽ, ഇരയുടെ മൊഴി, ലഭ്യമായ തെളിവുകൾ, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോൾ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് നിയമപരമായ സംരക്ഷണം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ക്രിക്കറ്റ് കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യാഷ് ദയാൽ തന്നെ വളരെക്കാലം ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതി.
ദയാൽ തന്നെ സ്വാധീനിക്കുകയും ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നും പെൺകുട്ടി ആരോപിച്ചു. പരാതിയിൽ പറയുന്നതനുസരിച്ച്, പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങൾ നടന്നത്. പിന്നീട് പ്രതിയെ നേരിട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി.
വാദം കേൾക്കുന്നതിനിടെ, ആരോപണങ്ങൾ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പ്രതിഭാഗം വാദിച്ചു. ദയാൽ പ്രശസ്തനായ ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ, അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായതിനാൽ പ്രതിക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്തമുണ്ടെന്നും പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെട്ട കേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇരയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ ദേവേഷ് ശർമ്മ വാദിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കേസുകളിൽ സമ്മതത്തിന് നിയമപരമായ പ്രസക്തിയില്ലെന്നും പ്രഥമദൃഷ്ട്യാ തെളിവുകൾ ആരോപണങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.