'സുരക്ഷ ഉറപ്പെങ്കില്‍ മിര്‍പുര്‍ ടെസ്റ്റോടെ വിരമിക്കണമെന്ന് ആഗ്രഹം; അല്ലെങ്കില്‍ കാന്‍പുര്‍ ടെസ്റ്റോടെ വിരമിക്കും'; ടെസ്റ്റില്‍ നിന്നും ട്വന്റി 20യില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍

ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഷാക്കിബ് അല്‍ ഹസന്‍

Update: 2024-09-26 09:35 GMT

കാണ്‍പൂര്‍: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. സുരക്ഷ ഉറപ്പാക്കുമെങ്കില്‍ അടുത്ത മാസം മിര്‍പൂരില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ഷാക്കിബ് പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങളാല്‍ മിര്‍പുരില്‍ കളിക്കാനായില്ലെങ്കില്‍, നാളെ ഇന്ത്യയ്ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്ന് മുപ്പത്തേഴുകാരനായ ഷാക്കിബ് അറിയിച്ചു. ട്വന്റി20 ലോകകപ്പോടെ ട്വന്റി20യില്‍നിന്ന് വിരമിച്ചതാണെന്നും ഷാക്കിബ് അറിയിച്ചു. 2025ലെ ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്ന് ഷാക്കിബ് വ്യക്തമാക്കി.

കൊലപാതക കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനാല്‍ ബംഗ്ലാദേശില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന കാണ്‍പൂര്‍ ടെസ്റ്റായിരിക്കും തന്റെ അവസാന ടെസ്റ്റെന്നാണ് ഷാക്കിബ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനുള്ള ആഗ്രഹം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് ഷാക്കിബ് വ്യക്തമാക്കി. മിര്‍പുരില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ വിരമിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ ബിസിബി നടത്തുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ അത് സാധ്യമായില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ നാളെ കാന്‍പുരില്‍ നടക്കുന്ന ടെസ്റ്റ് തന്റെ വിരമിക്കല്‍ ടെസ്റ്റായിരിക്കുമെന്ന് ഷാക്കിബ് പറഞ്ഞു.

വിടവാങ്ങല്‍ മത്സരത്തിന് കാത്തു നില്‍ക്കാതെ തന്നെ ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായും ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് മാധ്യമങ്ങളുമായി സംസാരിക്കവെ ഷാക്കിബ് പറഞ്ഞു. ബംഗ്ലാദേശിനായി 70 ടെസ്റ്റുകളില്‍ കളിച്ച ഷാക്കിബ് രാജ്യം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടറായാണ് വിലയിരുത്തപ്പെടുന്നത്. 70 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4600 റണ്‍സാണ് ഷാക്കിബ് നേടിത്. 217 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 242 വിക്കറ്റുകളും സ്വന്തമാക്കി.

ട്വന്റി 20 ക്രിക്കറ്റില്‍ 129 മത്സരങ്ങളില്‍ 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2551 റണ്‍സും 149 വിക്കറ്റും ഷാക്കിബിന്റെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ദീര്‍ഘകാലം ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറുമായിരുന്നു 37കാരനായ ഷാക്കിബ്. 2007ല്‍ ഇന്ത്യക്കെതിരെ ആയിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2006ല്‍ സിംബാബ്വെക്കെതിരെ ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ് 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പ് മുതല്‍ ജൂണില്‍ നടന്ന അവസാന ട്വന്റി 20 ലോകകപ്പ് വരെ ബംഗ്ലാദേശിനായി കളിച്ചിട്ടുണ്ട്.

ഓഗസ്റ്റില്‍ ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ റൂബല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഷാക്കിബിനെ പ്രതി ചേര്‍ത്തത്. പ്രതിഷേധത്തിന്റെ ഭാഗമായ റാലിക്കിടെ വെടിയേറ്റാണ് റൂബല്‍ മരിച്ചത്. ഇതിന് പിന്നാലെ ഷാക്കിബിനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് റൂബലിന്റെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഷാക്കിബ് കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ കളി തുടരമാമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.

ഷെയ്ഖ് ഹസീന ഭരണത്തിന് വിരാമമിട്ട ഓഗസ്റ്റ് മാസത്തിലെ ആഭ്യന്തര കലാപത്തിനു ശേഷം ഷാക്കിബ് അല്‍ ഹസന്‍ ബംഗ്ലദേശിലേക്കു പോയിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗില്‍ അംഗമായ ഷാക്കിബ്, ധാക്കയില്‍ നടന്ന ഒരു കൊലപാതകക്കേസിലും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. അനീതിക്കെതിരെ നിശബ്ദത പാലിച്ചെന്ന പേരില്‍ ബംഗ്ലദേശിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ ഷാക്കിബിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    

Similar News