പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള്‍ കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍

പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു

Update: 2025-09-25 07:02 GMT

ന്യൂഡല്‍ഹി: ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് ഇന്ത്യ ഹസ്തദാനം നല്‍കണമായിരുന്നു എന്ന് ശശി തരൂര്‍ എംപി. പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ അവരുമായി ക്രിക്കറ്റ് കളിക്കാന്‍ പാടില്ലായിരുന്നു. ഇനി കളിക്കാനാണ് തീരുമാനമെങ്കില്‍ അതേ ആവേശത്തില്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്തും നമ്മളിത് ചെയ്തിട്ടുണ്ടെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ കളിയെ തന്നെ ബഹുമാനിക്കണം വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ് ''ക്രിക്കറ്റിന്റെ ആത്മാവ്'' എന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും പാകിസ്താന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തയ്യാറായില്ല. പക്ഷേ മത്സരത്തിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് കയറി പോയ ഇന്ത്യന്‍ കളിക്കാരെ പരിശീലകന്‍ ഗൗതം ഗംഭീര്‍ തിരികെ വിളിക്കുകയായിരുന്നു.

അംപയര്‍മാര്‍ക്ക് ഹസ്തദാനം നല്‍കാന്‍ ടീം അംഗങ്ങളോട് ഗംഭീര്‍ നിര്‍ദേശിച്ചു. പാകിസ്താന്‍ കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു തന്നെ നിന്നു. തങ്ങളെ ഒഴിവാക്കുകയും ഇന്ത്യന്‍ കളിക്കാര്‍ അംപയര്‍മാര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുന്ന കാഴ്ച പാകിസ്താന്‍ കളിക്കാരെ വീണ്ടും പ്രകോപിതരാക്കി. ടോസിന്റെ സമയവും സൂര്യകുമാര്‍ യാദവ് പാകിസ്താന്‍ ക്യാപ്റ്റന് ഹസ്തദാനം നല്‍കിയില്ല. മാത്രമല്ല ഇരു ക്യാപ്റ്റന്മാരും മുഖത്തോട് മുഖം നോക്കുക പോലും ചെയ്തതുമില്ല.

വിജയ ലക്ഷ്യം മറികടന്നതിന് ശേഷം ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും നേരെ ഡ്രസ്സിങ് റൂമിലേക്ക് കയറി പോയി. എന്നാല്‍ ഇത് ശ്രദ്ധിച്ച ഗംഭീര്‍ ഇന്ത്യന്‍ താരങ്ങളെ ഗ്രൗണ്ടിലേക്ക് വിളിച്ച് മാച്ച് ഒഫീഷ്യലുകള്‍ക്ക് ഹസ്തദാനം നല്‍കാന്‍ നിര്‍ദേശിച്ചു. പാകിസ്താന്‍ കളിക്കാരെ ഇന്ത്യ വീണ്ടും വ്യക്തമായി അവഗണിച്ചു.

Tags:    

Similar News