'ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും കണക്കിലെടുക്കണം, സെലക്ടർമാർ പ്രതിഭകളെ തള്ളിക്കളയാൻ തിടുക്കം കാണിക്കുന്നു'; സർഫറാസ് ഖാനെ ടെസ്റ്റ് ടീമിൽ പരിഗണിക്കാത്തതിൽ വിമർശനവുമായി ശശി തരൂർ

Update: 2025-10-29 10:47 GMT

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്താത്തതിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് എംപി ശശി തരൂർ. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും, സെലക്ഷൻ പ്രക്രിയയിൽ ആഭ്യന്തര ടൂർണമെന്റുകൾക്ക് വില കൽപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം തുറന്നടിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു തരൂരിൻ്റെ പ്രതികരണം.

'ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ തഴയുന്നത് തികച്ചും പ്രതിഷേധാർഹമായ കാര്യമാണ്,' തരൂർ കുറിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 65-ന് മുകളിൽ ശരാശരിയിൽ റൺസ് നേടിയിട്ടും, ടെസ്റ്റ് അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറിയും ഇന്ത്യ പരാജയപ്പെട്ട ടെസ്റ്റിൽ 150 ഉം നേടി. ഇംഗ്ലണ്ടിലെ മത്സരത്തിൽ 92 റൺസ് നേടി. ഇന്ത്യൻ ടെസ്റ്റ് ടീമിനെതിരായ പരിശീലന മത്സരത്തിൽ ഒരു സെഞ്ച്വറിയും നേടി. ഇതിന് ശേഷവും സർഫറാസ് ഖാൻ സെലക്ടർമാരുടെ പരിഗണനയിൽ നിന്ന് പുറത്തായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അജിങ്ക്യ രഹാനെ, പൃഥി ഷാ, കരുൺ നായർ എന്നിവരെപ്പോലുള്ള കളിക്കാർ രഞ്ജി ട്രോഫിയിൽ റൺസ് നേടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും, എന്നാൽ നമ്മുടെ സെലക്ടർമാർ പ്രതിഭകളെ തള്ളിക്കളയാൻ തിടുക്കം കാണിക്കുന്നതായും അദ്ദേഹം വിമർശിച്ചു. ഐപിഎല്ലിലെ പ്രകടനം മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലെ റൺസിനും വില കൽപ്പിക്കണമെന്നും, അല്ലാത്തപക്ഷം രഞ്ജി പോലുള്ള ടൂർണമെന്റുകളിൽ കളിക്കാൻ കളിക്കാർക്ക് പ്രചോദനം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ സമീപനത്തിനെതിരെ മുൻ കളിക്കാരിൽ നിന്നുള്ള വിമർശനങ്ങൾക്കിടെയാണ് തരൂരിൻ്റെയും ഈ പ്രതികരണം. നേരത്തെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ പേസർ മുഹമ്മദ് ഷമിയും, കഴിഞ്ഞ രണ്ട് രഞ്ജി സീസണുകളിലായി 1,500-ൽ അധികം റൺസ് നേടിയിട്ടും അവഗണിക്കപ്പെട്ടതിലുള്ള നിരാശ പ്രകടിപ്പിച്ച് കരുൺ നായരും രംഗത്തെത്തിയിരുന്നു. രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി 159 റൺസ് നേടിയ അജിങ്ക്യ രഹാനെയും ടീം സെലക്ഷൻ്റെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തിരുന്നു. 

Tags:    

Similar News