'ഇന്ത്യ നമ്മളെക്കാൾ 50 വർഷം മുന്നിലാണ്'; ബാബറും ഷഹീനും ടി20ക്ക് പറ്റിയവരല്ല; വിവരദോഷിയെന്ന് വിളിച്ചത് നഖ്‌വി 'ഭായിയെ' അല്ല; പിസിബി ചെയർമാനെ തെറിവിളിച്ച ശേഷം യുടേൺ അടിച്ച് ഷോയിബ് അക്തർ
ലാഹോർ: പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ മലക്കംമറിഞ്ഞ് പാക് മുൻ പേസർ ഷോയിബ് അക്തർ. ഇന്ത്യൻ വാർത്താ ചാനലിൽ വെച്ച് നഖ്‌വിയെ വിവരം കെട്ടവനെന്ന് വിളിച്ച അക്തർ, 24 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെ ആ വാക്കുകൾ നഖ്‌വിക്കെതിരല്ലെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.
പറഞ്ഞത് മാറ്റിപ്പറഞ്ഞ് അക്തർ
പാക് ചാനലായ എആർവൈ ന്യൂസിൽ നടത്തിയ പ്രതികരണത്തിലാണ് അക്തർ തന്റെ വാക്കുകൾ തിരുത്തിയത്. "ഞാൻ ഉപയോഗിച്ച ആ വാക്കുകൾ മൊഹ്‌സിൻ നഖ്‌വി ഭായിയെ ഉദ്ദേശിച്ചായിരുന്നില്ല. അത് അദ്ദേഹത്തെക്കുറിച്ചാണെന്ന് തോന്നിപ്പിച്ചതാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് ഭരിക്കുന്ന ഉന്നതരെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. ആ ചാനൽ അത് വളച്ചൊടിച്ചതാണ്. നഖ്‌വി നല്ല മനുഷ്യനാണ്, പക്ഷേ അദ്ദേഹത്തിന് കൃത്യമായ ഉപദേശം ലഭിക്കുന്നില്ല," അക്തർ പറഞ്ഞു.
ഇന്ത്യക്കെതിരായ മത്സരത്തിൽ ബഹിഷ്‌കരണ നിലപാടിൽ നിന്ന് നഖ്‌വി പിന്നോട്ട് പോയതിലാണ് തനിക്ക് ദേഷ്യമെന്നും, ഈ മലക്കംമറിച്ചിലിനെക്കുറിച്ച് തന്നോട് ചോദിക്കണമായിരുന്നുവെന്നും അക്തർ കൂട്ടിച്ചേർത്തു.
അക്തർ ആദ്യം പറഞ്ഞത് എന്ത്?
ഇന്ത്യൻ ചാനലായ എബിപി ന്യൂസിൽ നടത്തിയ ചർച്ചയിലാണ് അക്തർ നഖ്‌വിക്കെതിരെ ആഞ്ഞടിച്ചത്. "എന്നെ ഒരു ടിവി ചാനലിന്റെ ചെയർമാനാക്കിയാൽ എനിക്കത് എങ്ങനെ നടത്തണമെന്ന് അറിയുമോ? ക്രിക്കറ്റ് എന്താണെന്ന് അറിയാത്ത ഒരാളാണ് ബോർഡ് ചെയർമാൻ. അപ്രാപ്തനും വിദ്യാഭ്യാസമില്ലാത്തവനുമായ ഒരാൾക്ക് വലിയ ഉത്തരവാദിത്തം നൽകുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം," എന്നായിരുന്നു അക്തറിന്റെ ആദ്യ പ്രതികരണം.
ബാബറിനും ഷഹീനും വിമർശനം
പാക് ടീമിലെ സൂപ്പർ താരങ്ങളായ ബാബർ അസമും ഷഹീൻ അഫ്രീദിയും നിലവിൽ കടുത്ത വിമർശനമാണ് നേരിടുന്നത്. ബാബർ അസം ടി20 ഫോർമാറ്റിന് അനുയോജ്യനായ കളിക്കാരനല്ലെന്നും ഷഹീൻ അഫ്രീദിക്ക് ഫിറ്റ്‌നസ് ഇല്ലെന്നും അക്തർ നിരീക്ഷിച്ചു. "ഷഹീന് 125 കിലോമീറ്റർ വേഗതയിൽ പോലും പന്തെറിയാൻ കഴിയുന്നില്ല. ബാബർ അസം ഓപ്പണറായി ഇറങ്ങുന്നില്ലെങ്കിൽ ടീമിന് യാതൊരു ഗുണവുമില്ല. ഇന്ത്യ കളിക്കുന്ന ക്രിക്കറ്റ് നമ്മളേക്കാൾ 50 വർഷം മുന്നിലാണ്. ക്രിക്കറ്റ് ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം നടത്തുന്നതിന് പകരം നമ്മൾ തെറ്റായ ആളുകളെ തിരഞ്ഞെടുത്ത് താരങ്ങളാക്കുകയാണ് ചെയ്തത്," അക്തർ കുറ്റപ്പെടുത്തി.
