'ആളറിഞ്ഞ് കളിക്കെടാ..'; വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി; ഒഡിഷക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ്സ് അയ്യർ
മുംബൈ: വിമർശനങ്ങൾക്ക് ബി.സി.സി.ഐയ്ക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ് ശ്രേയസ്സ് അയ്യർ. ഒഡിഷക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയാണ് താരം തിരിച്ചു വരവ് ഗംഭീരമാക്കിയത്. അയ്യരുടെ പ്രകടനത്തിന്റെ മികവിൽ ഒഡിഷക്കെതിരെ മുംബൈ ഒന്നാം ഇന്നിങ്സ് കൂറ്റൻ സ്കോർ നേടി ഡിക്ലയർ ചെയ്തു. 123.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 602 റൺസെടുത്താണ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്. മുംബൈക്കായി സിദ്ധേഷ് ലാഡ് സെഞ്ച്വറി നേടി.
ഏകദിന ശൈലിയിലാണ് അഞ്ചാമനായി ക്രീസിലെത്തി അയ്യർ ബാറ്റുവീശിയത്. 100നും മുകളിലായിരുന്നു പുറത്താകുമ്പോൾ അയ്യരുടെ സ്ട്രൈക്ക് റേറ്റ്. 228 പന്തിൽ 233 റൺസെടുത്താണ് താരം പുറത്തായത്. 24 ഫോറുകളും ഒമ്പത് സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. 101 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ അയ്യർ, 201 പന്തിൽ 22 ഫോറും എട്ടു സിക്സും സഹിതമാണ് ഇരട്ട സെഞ്ച്വറിയിലെത്തിയത്. ഒമ്പതു വർഷത്തെ ഇടവേളക്കുശേഷമാണ് അയ്യർ രഞ്ജി ട്രോഫിയിൽ വീണ്ടും ഇരട്ട സെഞ്ച്വറി നേടുന്നത്. 2015ലാണ് താരം ഇതിനു മുമ്പ് ഇരട്ട സെഞ്ച്വറി നേടിയത്.
കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്ടനായിരുന്ന താരം ടീമിന് കിരീടം നേടികൊടുത്തിരുന്നു. എന്നാൽ മെഗാ ലേലത്തിന് മുന്നോടിയാണ് അയ്യരെ ടീം മാനേജ്‌മെന്റ് കൈവിട്ടത് വാർത്തകളിൽ ഇടം നേടി. രണ്ട് കോടി രൂപയുടെ അടിസ്ഥാന വിലയിൽ ലേലത്തിനെത്തുന്ന താരത്തിനായി മുൻ നിര ടീമുകൾ രംഗത്തെത്തുമെന്നാണ് റിപ്പോർട്ട്.