പന്തിന് ഫൈറല്‍ ഫീവര്‍; ഫിറ്റായിരുന്നെങ്കില്‍ ഉറപ്പായും ടീമില്‍ കളിക്കാന്‍ ഉണ്ടാകും; അയാള്‍ പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല; പന്ത് കളിക്കാത്തതില്‍ വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍
കുറച്ച് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ നിന്നും പന്തിന് പകരം രാഹുലിനെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കളിച്ചിരുന്നത്. പന്തിന് പകരം രാഹുലിനെ ഇറക്കിയതിന് വലിയ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഏകദിന മത്സരത്തിന് ശേഷം രാഹുല്‍ തന്നെയായിരിക്കും തങ്ങളുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന് കോച്ച് ഗംഭീറും പറഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തിലും പന്തിനെ പരിഗണിച്ചിരുന്നില്ല.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഗംഭീറും പന്തും അത്ര സ്വര ചേര്‍ച്ചയില്ല എന്ന് തരത്തിലുമുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയിലും പന്തിനെ അവഗണിച്ച് രാഹുലിനാണ് അവസരം നല്‍കുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ റിഷഭിന് അവസരം നല്‍കാത്തതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍.
പന്തിന് വൈറല്‍ ഫീവര്‍ എന്നാണ് ഗില്‍ പറഞ്ഞിരിക്കുന്നത്. താരം പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല. പന്ത് ഫിറ്റാണെങ്കില്‍ ഉറപ്പായും ടീമില്‍ അവസരം ഉണ്ടാകുമെന്നും ഗില്‍ പറഞ്ഞു. അസുഖ ബാധിതനായതിനാലാണ് നിലവില്‍ റിഷഭ് പന്തിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തത്. നാളെ പാകിസ്താനെതിരായ മത്സരത്തിന് മുമ്പായുള്ള വാര്‍ത്താസമ്മേളനത്തില്‍ ശുഭ്മന്‍ ഗില്‍ പ്രതികരിച്ചു.
അതിനിടെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ ലക്ഷ്യമിട്ട് നാളെ ഇന്ത്യ പാകിസ്താനെ നേരിടും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ട സമാന ടീമിനെയാവും ഇന്ത്യ പാകിസ്താനെതിരെയും അണിനിരത്തുക. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്.