സാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കാന്‍ വേണ്ടത് മൂന്നു ടെസ്റ്റില്‍ നിന്ന് 390 റണ്‍സ്; ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഗവാസ്‌കറിന്റെ നേട്ടത്തെ മറികടക്കാന്‍ വേണ്ടത് 148 റണ്‍സും; ലോര്‍ഡ്സില്‍ നാളെ മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോള്‍ ചരിത്ര നേട്ടങ്ങളിലേക്ക് നടക്കാനൊരുങ്ങി ശുഭ്മാന്‍ ഗില്‍
സാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കാന്‍ വേണ്ടത് മൂന്നു ടെസ്റ്റില്‍ നിന്ന് 390 റണ്‍സ്
ലോര്‍ഡ്സ്: ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന രോഹിത്ശര്‍മ്മയോട് സമീപകാലത്ത് ഒരഭിമുഖത്തില്‍ ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറ്റവും ടാലന്റ് ഉള്ള കളിക്കാരന്‍ ആരെന്ന ചോദ്യം ചോദിച്ചിരുന്നു.രണ്ടാമതൊന്നു ചിന്തിക്കാതെ രോഹിത് ശര്‍മ നല്‍കിയ ഉത്തരം ശുഭ്മന്‍ ഗില്‍ എന്നായിരുന്നു.എങ്കിലും ഇംഗ്ലണ്ടിനെതിരെ പോലൊരു നിര്‍ണ്ണായക പരമ്പരയില്‍ അതും ടെസ്റ്റില്‍ ഗില്ലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോള്‍ ഏവരിലും ആശങ്ക പരന്നിരുന്നു.രാജ്യാന്തര മത്സരങ്ങളില്‍ ടീമിനെ നയിച്ചു ശീലമില്ലാത്ത,ഐപിഎല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും സ്ഥിരമായി ഒരു ടീമിന്റെ നായകനായിട്ടില്ല എന്നത് തന്നെയായിരുന്നു ഈ ഇരുപത്തിയഞ്ചുകാരന്റെ കഴിവില്‍ ടീം മാനേജ്മെന്റ് പോലും രണ്ടഭിപ്രായത്തിലെത്താന്‍ കാരണം.
ഒപ്പം ബാറ്റിങ്ങിലെ മികവ് കൊണ്ട് വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്ന വിലയിരുത്തലുകള്‍ക്കിടയിലും ക്യാപ്റ്റന്‍സി മികവ് ചോദ്യം ചെയ്യപ്പെട്ടു.ആദ്യ ടെസ്റ്റില്‍ ഗംഭീരതുടക്കം ലഭിച്ചിട്ടും ടീം തോല്‍വി നേരിട്ടതോടെ ഗില്ലിന്റെ ക്യാപ്റ്റന്‍സി രൂക്ഷ വിമര്‍ശനത്തിന് ഇരയായി.എന്നാല്‍ അവര്‍ക്കെല്ലാമുള്ള മറുപടി രണ്ടാം ടെസ്റ്റില്‍ ഗില്‍ നല്‍കി, ബാറ്റ് കൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടും.വിലയിരുത്തലിനും വിധിനിര്‍ണയത്തിനും ഇനിയും സമയമുണ്ടെന്ന് ഗില്‍ പ്രഖ്യാപിക്കുകയായിരുന്നു എഡ്ജ്ബാസ്റ്റണിലെ ചരിത്ര വിജയത്തിലൂടെ.
ക്യാപ്റ്റന്‍സിയില്‍ പോരായ്മകള്‍ പ്രകടമാണെങ്കിലും മുന്നില്‍ നിന്ന് നയിച്ച് ടീമിനാകെ ഊര്‍ജ്ജം പകരാന്‍ ക്യാപ്റ്റനെന്ന നിലയിലുള്ള രണ്ട് ടെസ്റ്റുകള്‍ കൊണ്ടുതന്നെ ഗില്ലിനു സാധിച്ചു.ഈ പരമ്പരയ്ക്കു മുന്‍പ് ഇംഗ്ലണ്ടില്‍ ഗില്ലിന്റെ ടെസ്റ്റ് ശരാശരി 25ല്‍ താഴെയായിരുന്നു. പേസ് ബോളറായ ഭുവനേശ്വര്‍ കുമാറിനു പോലും ഇംഗ്ലണ്ടില്‍ 25നു മുകളില്‍ ബാറ്റിങ് ശരാശരി ഉണ്ടെന്നിരിക്കെ, ഇന്ത്യന്‍ നായകന്റെ ബാറ്റിങ് പ്രകടനത്തെ പലരും പരിഹസിച്ചു.എന്നാല്‍ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടു സെഞ്ചറിയും ഒരു ഇരട്ട സെഞ്ചറിയുമടക്കം 146.25 ശരാശരിയില്‍ ഗില്‍ നേടിയത് 585 റണ്‍സ്.
ക്ലാസിക്കല്‍ ഷോട്ടുകളെ മാത്രം ആശ്രയിച്ച് മാസ് പരിവേഷമുള്ള ഇന്നിങ്സുകള്‍ കളിക്കാന്‍ സാധിക്കുന്നു എന്നതാണ് ഗില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത.കോപ്പി ബുക്ക് ഷോട്ടുകള്‍ അനായാസം ഒഴുകുന്ന ഗില്ലിന്റെ ബാറ്റില്‍ നിന്ന് അപൂര്‍വമായി മാത്രമാണ് ഫാന്‍സി ഷോട്ടുകള്‍ കാണാന്‍ കഴിയുക.പിച്ചിനും ബോളര്‍മാര്‍ക്കും അനുസരിച്ച് ബാറ്റിങ് ശൈലി ക്രമീകരിക്കുന്നതാണ് ഗില്ലിന്റെ മറ്റൊരു പ്രത്യേകത.രണ്ടാം ടെസ്റ്റില്‍ ഇംഗ്ലിഷ് പേസര്‍മാരായ ക്രിസ് വോക്സിനെയും ബ്രൈഡന്‍ കാഴ്സിനെയും നേരിടാന്‍ ഗില്‍ തിരഞ്ഞെടുത്ത രീതികള്‍ തന്നെ ഉദാഹരണം.ഐപിഎല്‍ സമയത്ത് തന്നെ പരമ്പരയ്ക്കായി താന്‍ ഒരുങ്ങിയിരുന്നുവെന്ന ഗില്ലിന്റെ പ്രസ്താവന ശരിവെക്കുന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രകടനം.
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ ചരിത്രത്തിലേക്ക് നടക്കാനൊരുങ്ങുകയാണ് ശുഭ്മാന്‍ ഗില്‍. ഏതാനും റണ്‍സ് അകലെ അദ്ദേഹത്തെ കാത്തിരിക്കുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള അതും സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ വരെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള അസുലഭാവസരമാണ്.പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മാത്രം 146.25 ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ ഇതുവരെ അടിച്ചെടുത്തത്.അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററെന്ന ബ്രാഡ്മാന്റെ റെക്കോര്‍ഡിലേക്ക് ഗില്ലിന് ഇനി ബാക്കിയുള്ള മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 390 റണ്‍സ് കൂടി മതി.നിലവിലെ ഫോം തുടര്‍ന്നാല്‍ ആ നേട്ടത്തില്‍ ഗില്ലെത്തുമെന്നത് തീര്‍ച്ചയാണ്.
1930ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ബ്രാഡ്മാന്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 974 റണ്‍സ് നേടി റെക്കോര്‍ഡിട്ടത്. ബ്രാഡ്മാന്റെ പേരിലുള്ള 88 വര്‍ഷം പഴക്കമുള്ള മറ്റൊരു റെക്കോര്‍ഡും ഈ പരമ്പരയില്‍ തന്നെ ഗില്‍ മറികടന്നേക്കുമെന്നാണ് കരുതുന്നത്.ക്യാപ്റ്റനായി ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സിന്റെ റെക്കോര്‍ഡാണിത്.1936-37 ആഷസ് പരമ്പരയില്‍ ബ്രാഡ്മാന്‍ നേടിയ 810 റണ്‍സാണ് ഒരു ടെസ്റ്റ് പരമ്പരയിലെ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ആ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാക്കിയുള്ള മൂന്ന് ടെസ്റ്റില്‍ നിന്ന് ഗില്ലിന് 225 റണ്‍സ് കൂടി നേടിയാല്‍ മതിയാവും.ക്യാപ്റ്റനായി ബ്രാഡ്മാന്റെയും ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു അത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചതിന്റെ റെക്കോര്‍ഡും ഈ പരമ്പരയില്‍ ഗില്‍ സ്വന്തമാക്കിയേക്കും.1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആറ് ടെസ്റ്റില്‍ ഗാവസ്‌കര്‍ നേടിയ 732 റണ്‍സാണ് നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഒരു പരമ്പരയിലെ മികച്ച പ്രകടനം.ഗവാസ്‌കറെ മറികടക്കാന്‍ ഗില്ലിന് ഇനി മൂന്ന് ടെസ്റ്റില്‍ നിന്ന് 148 റണ്‍സ് കൂടി മതിയാവും. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ ബാറ്ററാവാനും ഈ പരമ്പരയില്‍ ഗില്ലിന് അവസരമുണ്ട്.
1970-71ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ ഗവാസ്‌കര്‍ നേടിയ 774 റണ്‍സാണ് ഒരു പരമ്പരയില്‍ ഇന്ത്യന്‍ ബാറ്ററുടെ മികച്ച പ്രകടനം.ഗവാസ്‌കര്‍ക്കൊപ്പമെത്താന്‍ ഗില്ലിന് ഇനി വേണ്ടത് 189 റണ്‍സ് മാത്രമാണ്.ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഗില്ലിന് ഇനി വേണ്ടത് മൂന്ന് സെഞ്ചുറികളാണ്.1955ല്‍ ഓസ്ട്രേലിയക്കെതിരെ വിന്‍ഡീസ് താരം ക്ലൈഡ് വാല്‍ക്കോട്ട് അഞ്ച് സെഞ്ചുറികള്‍ നേടിയതിന്റെ റെക്കോര്‍ഡാണ് ഗില്ലിന് മുന്നിലുള്ളത്.