9 സിക്‌സ്, 5 ഫോര്‍, 41 പന്തില്‍ സെഞ്ചുറിയുമായി സ്റ്റീവന്‍ സ്മിത്ത്; ബിഗ് ബാഷിൽ സിഡ്‌നി തണ്ടറിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സിക്‌സേഴ്‌സ്; ഡേവിഡ് വാർണറുടെ സെഞ്ചുറി പാഴായി

Update: 2026-01-16 14:31 GMT

സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ സ്റ്റീവൻ സ്മിത്തിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തിൽ സിഡ്‌നി സിക്‌സേഴ്‌സിന് അഞ്ച് വിക്കറ്റ് വിജയം. കേവലം 41 പന്തുകൾ മാത്രം നേരിട്ട സ്മിത്ത് 100 റൺസാണ് അടിച്ചെടുത്തത്, ഇത് ടീമിനെ 189 റൺസിന്റെ വിജയലക്ഷ്യം മറികടക്കാൻ സഹായിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിഡ്‌നി തണ്ടർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്‌സേഴ്‌സിനായി സ്മിത്ത് തകർത്തടിക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ബാബർ അസമുമൊത്ത് (47) സ്മിത്ത് 141 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി. 13-ാം ഓവറിൽ മക്ആൻഡ്രൂവിന്റെ പന്തിൽ ബാബർ അസം ബൗൾഡായെങ്കിലും സ്മിത്ത് തകർത്തടിക്കുന്നത് തുടർന്നു. 42 പന്തുകൾ നേരിട്ട സ്മിത്ത് ഒമ്പത് സിക്‌സറുകളും അഞ്ച് ഫോറുകളും ഉൾപ്പെടെ സെഞ്ചുറി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ പുറത്താവുകയായിരുന്നു.

തുടർന്ന് ജോഷ് ഫിലിപ്പെ (1), മൊയ്‌സസ് ഹെന്റിക്വെസ് (6), സാം കറൻ (1) എന്നിവർ നിരാശപ്പെടുത്തിയെങ്കിലും ലാച്ച്‌ലാൻ ഷോ (13), ജാക്ക് എഡ്വേർഡിസ് (17) എന്നിവരുടെ നിർണായക ഇന്നിംഗ്‌സുകൾ സിക്‌സേഴ്‌സിനെ വിജയത്തിലെത്തിച്ചു. നേരത്തെ, സിഡ്‌നി തണ്ടറിനായി വെറ്ററൻ താരം ഡേവിഡ് വാർണർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്. 65 പന്തിൽ പുറത്താവാതെ 110 റൺസാണ് വാർണർ നേടിയത്. നാല് സിക്‌സറുകളും 11 ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ ഉൾപ്പെടുന്നു. മാത്യൂ ഗിൽകെസ് (12), സാം കോൺസ്റ്റാസ് (6), സാം ബില്ലിംഗ്‌സ് (14), നിക്ക് മാഡിൻസൺ (26), ക്രിസ് ഗ്രീൻ (0), ഡാനിയേൽ സാംസ് (10) എന്നിവർക്ക് തണ്ടർ നിരയിൽ തിളങ്ങാനായില്ല. സിക്‌സേഴ്‌സിനായി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 

Tags:    

Similar News