അദ്ദേഹം അസാമാന്യ ബൗളർ; സെലക്ടര്‍മാര്‍ ഇത് കാണുന്നുണ്ടാവുമെന്ന് ഉറപ്പാണ്; പക്ഷെ..; മുഹമ്മദ് ഷമിയെ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് സൗരവ് ഗാംഗുലി
കൊൽക്കത്ത: പേസർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി രംഗത്ത്. ഷമിയെ പുറത്തുനിർത്താൻ വ്യക്തമായ കാരണങ്ങളൊന്നും കാണുന്നില്ലെന്നും രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തെ ടീമിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും ഗാംഗുലി കൊൽക്കത്തയിൽ ഒരു സ്വകാര്യ ചടങ്ങിൽ പറഞ്ഞു.
ഷമി ഒരു മികച്ച ബൗളറാണെന്നും കഴിഞ്ഞ കുറച്ച് രഞ്ജി മത്സരങ്ങളിൽ ബംഗാളിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി. ഷമിയുടെ ഫിറ്റ്നസും ഫോമും പരിഗണിക്കുമ്പോൾ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സെലക്ടർമാർ ഷമിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടാകുമെന്നും എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇംഗ്ലണ്ടിനും വെസ്റ്റ് ഇൻഡീസിനും എതിരായ ടെസ്റ്റ് പരമ്പരകളിൽ നിന്ന് ഷമിയെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താരത്തിന് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടെന്നായിരുന്നു ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ പ്രതികരണം.
എന്നാൽ രഞ്ജി ട്രോഫിയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ 15 വിക്കറ്റുകൾ വീഴ്ത്തി ഷമി തന്റെ ഫിറ്റ്നസ് തെളിയിച്ചിരുന്നു. സെലക്ടർമാർ തന്നെ വിളിച്ച് അന്വേഷിച്ചില്ലെന്നും ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്നും ഷമി നേരത്തെ പ്രതികരിച്ചിരുന്നു. മത്സരങ്ങൾ കണ്ട മാധ്യമപ്രവർത്തകർക്കെല്ലാം ഇത് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷമിക്കായി രഞ്ജി ട്രോഫിയിൽ കളിച്ച അദ്ദേഹം നാലാം മത്സരത്തിൽ വിശ്രമമെടുത്തിരുന്നു.