കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന്‍ ബേബി; എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല; ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ആ കാരണം കാണിക്കല്‍ നോട്ടീസ് വെറുതെയായി; ക്രിക്കറ്റ് അസോസിയേഷനെ ട്രോളി കൊന്ന് ശ്രീശാന്ത് പോരാട്ടത്തിന്
കൊച്ചി: കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെ കളിക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിന്റെ പല മുന്‍ താരങ്ങളും ശ്രീശാന്തിന് നല്‍കിയ നോട്ടീസിന് എതിരാണ്. പക്ഷേ പരസ്യമായി ഇതിനെ എതിര്‍ത്താല്‍ അച്ചടക്ക നടപടി അവര്‍ ഭയക്കുന്നു. പല താരങ്ങള്‍ക്കും ബിസിസിഐയുടെ പെന്‍ഷന്‍ അടക്കം കിട്ടുന്നുണ്ട്. കെസിഎയെ വിമര്‍ശിച്ചാല്‍ ഈ പെന്‍ഷന്‍ അടക്കം നിഷേധിക്കുന്ന തരത്തില്‍ കെ സി പ്രതികാര നടപടികളെടുക്കുമെന്ന ആശങ്ക അവര്‍ക്കുണ്ട്. അതിനിടെ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള (കെസിഎ) പ്രശ്‌നത്തില്‍ സഞ്ജു സാംസണിനെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടിയെ എസ് ശ്രീശാന്ത് നിയമപരമായി നേരിടും.
എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. കെസിഎ അവരുടെ അധികാരം പ്രയോഗിച്ചോട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു. സഞ്ജുവിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാന്‍ കെസിഎയ്ക്ക് സാധിച്ചോ എന്നു ചോദിച്ച ശ്രീശാന്ത്, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് താരങ്ങളെ ഇറക്കുമതി ചെയ്ത് കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും ആരോപിച്ചു. ഇതോടെ കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരെ ശ്രീശാന്ത് പരസ്യ പോരിന് ഇറങ്ങുകയാണെന്ന് വ്യക്തമാകുകയാണ്. കെസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസിനെ പുച്ഛിച്ചു തള്ളുകയാണ് ശ്രീശാന്ത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയാല്‍ ശ്രീശാന്ത് മാപ്പു പറയുമെന്ന പ്രതീക്ഷയിലായിരുന്നു കെസിഎ. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്.
''ഇതേക്കുറിച്ച് എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. പ്രതികരണം പോലും അര്‍ഹിക്കുന്ന വിഷയമല്ല ഇത്. അവര്‍ അധികാരം പ്രയോഗിക്കട്ടെ. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ''ഞാന്‍ എന്റെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കും. അത് സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും വേറെ ആരാണെങ്കിലും അങ്ങനെ തന്നെ.'' ശ്രീശാന്ത് പറഞ്ഞു. ''സഞ്ജു സാംസണിനു ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെ പോലും സൃഷ്ടിച്ചിട്ടില്ല. കേരളത്തില്‍നിന്ന് മികച്ച ഒരുപിടി താരങ്ങള്‍ നമുക്കുണ്ട്. സച്ചിന്‍ ബേബി, എം.ഡി. നിധീഷ്, വിഷ്ണു വിനോദ് തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കുന്നതിന് കെസിഎ എന്താണ് ചെയ്യുന്നത്? നമ്മുടെ താരങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പോലും അവര്‍ തയാറല്ല എന്നതാണ് വസ്തുത.'-ശ്രീശാന്ത് പറഞ്ഞു.
''കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന്‍ ബേബി. എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല. ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ഇപ്പോള്‍ അവര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരളത്തിനായി കളിപ്പിക്കുന്നു. എന്തിനു വേണ്ടിയാണിത്? ദേശീയ ടീമിലെത്താന്‍ മോഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവല്ലേ ഈ നടപടി?' ശ്രീശാന്ത് ചോദിച്ചു. ''കെസിഎ അവര്‍ക്കുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരാന്‍ എനിക്ക് യാതൊരു മടിയുമില്ല. എനിക്ക് സംസാരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ എനിക്കും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ അവര്‍ നടപടി സ്വീകരിക്കുമോ?' ശ്രീശാന്ത് ചോദിച്ചു. കെ സി എയെ എല്ലാ അര്‍ത്ഥത്തിലും ട്രോളി കൊല്ലുകയാണ് ശ്രീശാന്ത് എന്ന് സാരം.
കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊല്ലം സെയ്ലേഴ്‌സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്ത്, അതെല്ലാം കാറ്റില്‍പ്പറത്തി ചട്ടലംഘനം നടത്തിയെന്നാണ് കെസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കില്‍ ഈ വിഷയത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടിസില്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ ശ്രീശാന്ത് വലിയ വിമര്‍ശനം നടത്തിയിരുന്നില്ല. സഞ്ജുവിനെ ക്രൂശിക്കരുതെന്നും പിന്തുണയ്ക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. ഇതിനെ അച്ചടക്ക ലംഘനമായി വളച്ചൊടിച്ചായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
പൊതുസമൂഹത്തിനു മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ കെസിഎയുടെ നിലപാട് തേടുന്നതിനു പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്‌തെന്നും നോട്ടിസിലുണ്ട്. എന്നാല്‍ ഈ നോട്ടീസ് കിട്ടിയ ശേഷം ശ്രീശാന്ത് നടത്തിയ പ്രതികരണങ്ങള്‍ കെസിഎയുടെ നടപടികളെ പൊലും ചോദ്യം ചെയ്യുന്നതായി മാറുകയാണ്. ഇതോടെ കെസിഎയ്‌ക്കെതിരെ പരസ്യമായി ശ്രീശാന്ത് രംഗത്തു സജീവമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.