'ഏത് സാഹചര്യത്തിലും വിജയിക്കാൻ സാധിക്കുമെന്ന് ടീമിനെ വിശ്വസിപ്പിച്ച ഒരു ക്യാപ്റ്റനായിരുന്നു കോഹ്ലി'; ഇന്ന് ആ ആവേശവും ഊർജ്ജവും ടെസ്റ്റ് ടീമിനില്ല; തുറന്നടിച്ച് മുൻ താരം
ഗുവാഹത്തി: കോഹ്‌ലി ക്യാപ്റ്റനായിരുന്നപ്പോൾ ടീമിന് ഉണ്ടായിരുന്ന ആത്മവിശ്വാസവും ഊര്‍ജവും ഇന്നത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന് നഷ്ടമായെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ശ്രീവത്സ് ഗോസ്വാമി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യ തകർച്ച നേരിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. കോഹ്‌ലി ഏകദിന ക്രിക്കറ്റ് മതിയാക്കി ടെസ്റ്റ് ഫോർമാറ്റിൽ തുടരണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വിരാട് ഏകദിന ക്രിക്കറ്റ് അവസാനിപ്പിച്ച്, ടെസ്റ്റ് ക്രിക്കറ്റിൽ തുടരണമായിരുന്നു എന്നതാണ് എൻ്റെ അഭിപ്രായം. ടെസ്റ്റ് ക്രിക്കറ്റിന് അദ്ദേഹത്തെ നഷ്ടമാകുന്നുണ്ട്," ഗോസ്വാമി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല, കോഹ്‌ലി ടീമിൽ കൊണ്ടുവന്ന ഊർജ്ജവും, രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ അദ്ദേഹം കാണിച്ചിരുന്ന ആവേശവും ഇന്ന് ടെസ്റ്റ് ടീമിന് നഷ്ടമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"ഏത് സാഹചര്യത്തിലും വിജയിക്കാൻ സാധിക്കുമെന്ന് ടീമിനെ വിശ്വസിപ്പിച്ച ഒരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. വിരാട് കോഹ്‌ലിയുടെ കീഴിലുണ്ടായിരുന്ന ആ വിജയിക്കാനുള്ള ആത്മവിശ്വാസവും ഊര്‍ജവും ഈ ടീമിൽ നഷ്ടമായിരിക്കുന്നു," ഗോസ്വാമി വ്യക്തമാക്കി. നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ കനത്ത പരാജയം മുന്നിൽ കാണുകയാണ്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശക്തമായ ലീഡ് നേടിയിരുന്നു. കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ വിദേശമണ്ണിലടക്കം ഇന്ത്യ കൈവരിച്ച ടെസ്റ്റ് വിജയങ്ങൾ പരിഗണിക്കുമ്പോൾ, ടീമിന്റെ ഈ മോശം പ്രകടനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.