ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത; ജയസ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുക ഗില്‍; പരിക്ക് ഭേദമായി വരികയാണെന്ന് ബൗളിങ് കോച്ച് മോണെ മോര്‍ക്കല്‍
ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമായി ബൗളിങ് കോച്ച് മോണെ മോര്‍ക്കല്‍. പരിക്കിലുള്ള മുന്‍നിര ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ സുഖം പ്രാപിച്ചുവരുകയാണെന്നും ഒന്നാം ടെസ്റ്റില്‍ കളിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും മോര്‍ക്കല്‍ പറഞ്ഞു. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ എന്നും മോര്‍ക്കല്‍ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട അവധിയിലായിരുന്ന രോഹിത് ശര്‍മ ടീമിനൊപ്പം ഇത് വരെ ചേര്‍ന്നിട്ടില്ല. രോഹിത് ഒന്നാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയ്ക്ക് വേണ്ടി ആര് ബാറ്റിങ്ങ് ഓപ്പണ്‍ ചെയ്യും എന്നതില്‍ ആശങ്കയുണ്ടായിരുന്നു. യുവ താരം യശ്വസി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുലിനെ പരിഗണിച്ചിരുന്നെങ്കിലും കെ എല്‍ രാഹുലിന്റെ സമീപ കാലത്തെ ഫോമില്ലായ്മ ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെയാണ് പരിക്കുകള്‍ ഗുരുതരമല്ലെങ്കില്‍ ഗില്ലിനെ തന്നെ കളിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് ടീം മാനേജ്മെന്റ് എത്തിയത്.
സമീപകാലത്ത് ടെസ്റ്റില്‍ ഉജ്ജ്വലഫോമിലുള്ള ഗില്‍ കഴിഞ്ഞ 10 മത്സരങ്ങളിലെ 19 ഇന്നിങ്സില്‍ നിന്നായി 806 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പരിശീലനമത്സരത്തിനിടെ വിരലിന് പരിക്കേറ്റതോടെയാണ് ഗില്ലിന് ആദ്യടെസ്റ്റില്‍ കളിക്കാനാകില്ലെന്ന ആശങ്കയുയര്‍ന്നത്.
പരിക്കു കാരണം ഒരു വര്‍ഷത്തോളമായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനെപ്പറ്റിയും മോര്‍ക്കല്‍ സൂചന നല്‍കി. ഈയിടെ രഞ്ജി ട്രോഫിയില്‍ ബംഗാളിനുവേണ്ടി കളിച്ച ഷമി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഷമിയെ പരിഗണിച്ചേക്കുമെന്നാണ് നിലവിലെ സൂചന. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഷമിയെ ഓസീസ് മണ്ണില്‍ കാണാമെന്ന് ജസ്പ്രീത് ബുംറയും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.