മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല; എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്; രോഹിത്-ഷമ ട്വീറ്റ് വിവാദത്തില്‍ ഗവാസ്‌കര്‍

Update: 2025-03-04 07:20 GMT

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. ഞാന്‍ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ ഇക്കാര്യം മുമ്പ് ചര്‍ച്ച ചെയ്തതാണ്. അമിതഭാരമെന്ന് പറഞ്ഞ് സര്‍ഫറാസ് ഒരുപാട് കാലം ഇന്ത്യന്‍ ക്രിക്കറ്റിന് പുറത്തായിരുന്നു. എന്നാല്‍ ഒരു മത്സരത്തില്‍ 150ലധികം റണ്‍സ് നേടിയപ്പോഴും പിന്നീട് അര്‍ധ സെഞ്ചുറികള്‍ അടിച്ചപ്പോഴും സര്‍ഫറാസിനെ ആരും വിമര്‍ശിച്ചില്ല. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുകയാണ് ക്രിക്കറ്റില്‍ പ്രധാനകാര്യം. ഗവാസ്‌കര്‍ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

രോഹിത് കായിക താരത്തിന് ചേരാത്ത വിധത്തില്‍ അമിത ഭാരമുള്ളവനാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരില്‍ ഒരാളാണെന്നുമായിരുന്നു ഷമ മുഹമ്മദിന്റെ വിമര്‍ശനം. രോഹിത് ശര്‍മ ശരീരഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. മുന്‍കാലത്തെ ഇന്ത്യന്‍ താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, കപില്‍ ദേവ് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത് ശര്‍മയുടെ ലോകോത്തര നിലവാരം എന്താണെന്നായിരുന്നു ഷമയുടെ മറ്റൊരു ചോദ്യം.

ട്വീറ്റുകള്‍ വിവാദമായതോടെ ഷമയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രം?ഗത്തെത്തി. ഷമ പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പവന്‍ ഖേര വ്യക്തമാക്കി. ഇതിനു പിന്നാലെ വിവാദമായ ട്വീറ്റുകള്‍ ഷമ മുഹമ്മദ് ഡിലീറ്റ് ചെയ്തു.

Tags:    

Similar News