പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകണമെന്ന് സുനിൽ ഗവാസ്കർ; കാരണം ഇതാണ്

Update: 2025-09-19 15:07 GMT

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെയുള്ള മത്സരത്തിൽ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. ടീം മാനേജ്‌മെന്റ് ഈ നിർദ്ദേശം പരിഗണിക്കണമെന്നും, ഇത് ഫൈനലിൽ ബുമ്രയുടെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

ഏഷ്യാ കപ്പിൽ ഇതുവരെ രണ്ട് മത്സരങ്ങളിൽ കളിച്ച ബുമ്ര മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്. യുഎഇക്കെതിരെ ഒരു വിക്കറ്റും പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റുകളുമാണ് അദ്ദേഹം വീഴ്ത്തിയത്. നിലവിൽ കായികക്ഷമത വീണ്ടെടുക്കാൻ താരത്തിന് വിശ്രമം ആവശ്യമാണെന്ന് ഗവാസ്‌കർ ചൂണ്ടിക്കാട്ടി. ഒമാനെതിരായ മത്സരത്തിലും, സൂപ്പർ ഫോറിലെ പാകിസ്ഥാനെതിരായ മത്സരത്തിലും ബുമ്രയ്ക്ക് വിശ്രമം നൽകുന്നത് ഫൈനൽ മത്സരത്തിൽ അദ്ദേഹത്തിന് പൂർണ്ണ ശക്തിയോടെ പന്തെറിയാൻ അവസരം നൽകുമെന്ന് ഗവാസ്‌കർ പറഞ്ഞു. കൂടാതെ, ബെഞ്ചിലിരിക്കുന്ന മറ്റ് കളിക്കാർക്ക് അവസരം നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ബാറ്റിംഗ് നിരയെക്കുറിച്ചും ഗവാസ്‌കർ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്യുമ്പോൾ, ഓപ്പണിംഗ് സഖ്യമായ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്നിംഗ്സ് തുടങ്ങട്ടെ. മൂന്നാം നമ്പറിൽ കളിക്കുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്വയം താഴേക്ക് ഇറങ്ങുന്നത് തിലക് വർമ്മയ്ക്കും സഞ്ജു സാംസണിനും ക്രീസിൽ സമയം ചെലവഴിക്കാനും ആത്മവിശ്വാസം നേടാനും സഹായിക്കും. പാകിസ്ഥാനെതിരായ മത്സരത്തിനു പുറമെ, സൂപ്പർ ഫോറിലെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്കെതിരായ മത്സരങ്ങൾക്കും ഇത് മികച്ച തയ്യാറെടുപ്പാകും.

Tags:    

Similar News