'ഒരു ഓൾറൗണ്ടറെ ഫിനിഷറുമായി താരതമ്യം ചെയ്യാനാകില്ല'; എന്തുകൊണ്ട് റിങ്കു സിംഗിനെ ഒഴിവാക്കി?; ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടീം മാനേജ്മെന്റ് ഓൾറൗണ്ടർമാർക്ക് മുൻഗണന നൽകുന്ന നിലവിലെ ടീം ഘടനയെക്കുറിച്ചും കളിക്കാരുടെ പൊസിഷനുകളിലെ വഴക്കത്തെക്കുറിച്ചും താരം സൂചന നൽകി. ഒരു കാലത്ത് ഇന്ത്യൻ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന റിങ്കു സിംഗിന് കഴിഞ്ഞ ഒരു വർഷമായി സ്ഥിരമായ അവസരങ്ങൾ ലഭിക്കുന്നില്ല. ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകിയതോടെ കഴിഞ്ഞ രണ്ട് പരമ്പരകളിലായി ഒരു മത്സരത്തിൽ മാത്രമാണ് 28-കാരനായ റിങ്കുവിന് കളിക്കാൻ സാധിച്ചത്.
റിങ്കുവിനെ ഒഴിവാക്കിയതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറുന്ന മറുപടിയാണ് നൽകിയത്. ടീം കോമ്പിനേഷൻ പ്ലാനുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. മാധ്യമങ്ങൾക്ക് എല്ലാം മുൻകൂട്ടി അറിയാമല്ലോ എന്ന് തമാശ രൂപേണ പറയുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ടീമിലെ ഓൾറൗണ്ടർമാരുടെ പ്രാധാന്യം സൂര്യകുമാർ എടുത്തുപറഞ്ഞു.
"ഹാർദിക്കും ദൂബെയും പോലുള്ള ഓൾറൗണ്ടർമാരാണ് ടീമിന് കരുത്ത്. ഒരു ഓൾറൗണ്ടറെ ഫിനിഷറുമായി താരതമ്യം ചെയ്യാനാകില്ല. മൂന്ന് മുതൽ ഏഴ് വരെയുള്ള ബാറ്റിംഗ് സ്ഥാനങ്ങളിൽ ആർക്കും കളിക്കാൻ കഴിയും. ബാറ്റ്സ്മാൻ കളത്തിലിറങ്ങുന്ന സാഹചര്യമാണ് പ്രധാനം. ഈ കാര്യത്തിൽ ഞങ്ങൾക്ക് നല്ല വഴക്കം ആവശ്യമാണ്. ടീം ശക്തവും മികച്ചതുമായി തോന്നുന്നു, അതിൽ ഞാൻ സന്തുഷ്ടനാണ്," സൂര്യകുമാർ വ്യക്തമാക്കി. ടീമിന്റെ കോമ്പിനേഷൻ പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഇന്ത്യൻ ക്യാപ്റ്റൻ തയ്യാറായില്ല.
ടീം ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്താൻ നിലവിൽ ആലോചിക്കുന്നില്ലെന്നും, ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുക എന്ന സമീപനത്തിൽ മാറ്റമൊന്നുമില്ലെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. ഏഷ്യാ കപ്പിൽ ദൂബെ പുതിയ പന്ത് എറിഞ്ഞപ്പോൾ, ഞങ്ങൾക്ക് പ്ലെയിംഗ് ഇലവനിൽ നിരവധി സാധ്യതകൾ തുറന്നു. അദ്ദേഹത്തിന്റെ അനുഭവസമ്പത്താണ് ടീമിന് കരുത്തേകുന്നത്. ഐസിസി, എസിസി ടൂർണമെന്റുകളിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച ദൂബെയുടെ സാന്നിധ്യം ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് വലിയ സംഭാവന നൽകും," ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
ഓപ്പണർ സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും, സഞ്ജുവിന് മറ്റ് റോളുകളിൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും സൂര്യകുമാർ പറഞ്ഞു. ഓപ്പണർമാരൊഴികെ ടീമിലെ മറ്റ് താരങ്ങളെല്ലാം ഏത് സ്ഥാനത്തും കളിക്കാൻ വഴക്കമുള്ളവരായിരിക്കണമെന്നും സാഹചര്യത്തിനനുസരിച്ച് മാറാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജുവും ഗില്ലും തങ്ങളുടെ പദ്ധതികളിൽ ഉൾപ്പെട്ടവരും വ്യത്യസ്ത റോളുകളിൽ തിളങ്ങാൻ കഴിവുള്ളവരും ടീമിന്റെ മുതൽക്കൂട്ടാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
