'എപ്പോഴും നന്നായി കളിക്കാൻ കഴിയണമെന്നില്ല, ഇതൊരു നല്ല പാഠമാണ്'; സഹതാരങ്ങൾ നന്നായി പിന്തുണയ്ക്കുന്നു; ഞാന്‍ ഫോമിലെത്തുന്ന ദിവസം എന്തു സംഭവിക്കുമെന്ന് അവര്‍ക്കറിയാമെന്നും സൂര്യകുമാർ യാദവ്

Update: 2025-12-22 13:18 GMT

അഹമ്മദാബാദ്: മോശം ഫോമിനെക്കുറിച്ച് മനസ്സ് തുറന്ന് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തന്റെ ഫോമില്ലായ്മ ഒരു പാഠമാണെന്നും, താൻ ബാറ്റിംഗിൽ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്തുന്ന ഒരു ദിവസമുണ്ടാകുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഹമ്മദാബാദിലെ ജി.എൽ.എസ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കായികതാരത്തിന് എല്ലായ്‌പ്പോഴും മികച്ച സമയം ഉണ്ടാകണമെന്നില്ലെന്നും നിലവിലെ മോശം ഫോമിനെ ഒരു 'ലേണിംഗ് കർവ്' ആയിട്ടാണ് താൻ കാണുന്നതെന്നും സൂര്യകുമാർ പറഞ്ഞു. കരിയറിൽ ഇത്തരം ഉയർച്ചതാഴ്ചകൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിലെ മറ്റ് 14 അംഗങ്ങളെ തന്റെ 'പടയാളികൾ' എന്നാണ് സൂര്യകുമാർ വിശേഷിപ്പിച്ചത്. താൻ ഫോം കണ്ടെത്താൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ അവർ തനിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. "ഞാൻ തകർപ്പൻ പ്രകടനം നടത്തുന്ന ദിവസം എന്താണ് സംഭവിക്കുക എന്ന് അവർക്കറിയാം, നിങ്ങൾക്ക് എല്ലാവർക്കും അത് അറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്ന് അദ്ദേഹം പറഞ്ഞു.

2025 സൂര്യകുമാറിന് അത്ര മികച്ച വർഷമായിരുന്നില്ല. 19 ടി20 ഇന്നിംഗ്സുകളിൽ നിന്ന് വെറും 13.62 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ഈ വർഷം ഇതുവരെ ഒരു അർദ്ധസെഞ്ചുറി പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഫോമില്ലായ്മ അലട്ടുന്നുണ്ടെങ്കിലും സെലക്ടർമാർ സൂര്യകുമാറിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ അദ്ദേഹത്തെ തന്നെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരിക്കുന്നത്. വരുന്ന മാസം ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് സൂര്യകുമാറിന്റെ അടുത്ത വലിയ പരീക്ഷണം.

Tags:    

Similar News