ആശ ശോഭയ്ക്ക് പിന്നാലെ സജന സജീവനും ലോകകപ്പ് ടീമില്‍ അരങ്ങേറ്റം; വയനാട്ടുകാരിയായ ഓള്‍റൗണ്ടര്‍ ഇടംപിടിച്ചത് പൂജ വ്സത്രക്കര്‍ക്ക് പകരം; ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച
ആശ ശോഭയ്ക്ക് പിന്നാലെ സജന സജീവനും ലോകകപ്പ് ടീമില്‍ അരങ്ങേറ്റം
ദുബായ്: വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ പതിനാല് ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ്. ഗുല്‍ ഫിറോസയെ റണ്‍സെടുക്കുന്നതിന് മുമ്പ് രേണുക സിംഗ് ബൗള്‍ഡാക്കി. സിദ്ര അമീന്‍ (8) ദീപ്തി ശര്‍മയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. മുനീബ അലിയെ ശ്രീയങ്ക പട്ടീലും ഒമൈമ സൊഹൈലിനെയും അലിയ റിസയെയും അരുന്ധതി റെഡ്ഡിയും പുറത്താക്കി. ഫാത്തിമ സനയുടെ വിക്കറ്റ് മലയാളി താരം ആശ ശോഭന സ്വന്തമാക്കി. ആദ്യ ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ 29 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.
ആശ ശോഭയ്ക്ക് പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ അരങ്ങേറുന്ന രണ്ടാമത്തെ മലയാളി താരമായി വയനാട്ടുകാരി സജന സജീവന്‍ മാറി. പൂജ വ്സത്രക്കര്‍ക്ക് പകരമാണ് ഓള്‍റൗണ്ടറായ സജന ടീമിലെത്തുന്നത്. ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തുകാരി ആശ ശോഭനയ്ക്കും ലോകകപ്പ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയിരുന്നു. ആശയും പാകിസ്ഥാനെതിരായ മത്സരം കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താന്‍ ആശയ്ക്ക് സാധിച്ചിരുന്നു.
എട്ടാമതായിട്ടായിരിക്കും സജന ബാറ്റിംഗിനെത്തുക. ഒന്നോ രണ്ടോ ഓവറുകളും താരം എറിഞ്ഞേക്കും. ഇന്ത്യക്ക് വേണ്ടി ഇതിനോടകം ഒമ്പത് മത്സരങ്ങള്‍ സജന കളിച്ചു. നാല് ഇന്നിംഗ്സില്‍ നിന്ന് 30 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 11 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇതുവരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സജനയ്ക്ക് സാധിച്ചിട്ടില്ല. എന്തായാലും ചരിത്ര നിമിഷത്തിനാണ് ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായത്. രണ്ട് മലയാളികള്‍ ലോകകപ്പ് മത്സരത്തില്‍ കളിക്കുന്നു. നേരത്തെ പുരുഷ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാവാന്‍ സഞ്ജു സാംസണിനും സാധിച്ചിരുന്നു
ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സജന സജീവന്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.