സുഹൃത്തുക്കള്‍ക്കിടയില്‍ അയാള്‍ മിയാന്‍ ഭായ്; ആരാധകര്‍ക്കിടയില്‍ അയാളുടെ പേര് ഡിഎസ്പി സിറാജ്; എന്നാല്‍ ഇംഗ്ലണ്ടിലെ പ്രകടനത്തോടെ അവര്‍ക്കിടയില്‍ അയാള്‍ക്കിപ്പോ മറ്റൊരു പേരാണ്! ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു ഇരട്ടപ്പേരുണ്ട്; വെളിപ്പെടുത്തലുമായി മുന്‍നായകന്‍ നാസര്‍ ഹുസൈന്‍
വെളിപ്പെടുത്തലുമായി മുന്‍നായകന്‍ നാസര്‍ ഹുസൈന്‍
ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ ബൗളിങ്ങ് വിഭാഗത്തിന് കൂടുതല്‍ ആശ്വാസം പകര്‍ന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിച്ചത്.ഒടുവില്‍ ജസ്പ്രിത് ബുംറയുടെ നിഴലില്‍ നിന്നു മുഹമ്മദ് സിറാജ് പുറത്തേക്കു വന്നത് തന്നെയാണ് അതിലെ വലിയ ഹൈലൈറ്റ്.അഞ്ചാം ടെസ്റ്റിന്റെ അവസാനദിവസത്തെ അവിസ്മരണീയ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് സിറാജിനെ വാനോളം പുകഴ്ത്തുകയാണ് വിദേശ ടീമുകളിലെ പ്രമുഖര്‍ പോലും.അഞ്ച് മത്സരങ്ങളിലായി ആയിരത്തിലേറെ പന്തുകള്‍ എറിഞ്ഞ സിറാജിന്റെ കായികക്ഷമതയുള്‍പ്പടെയുള്ള നിരവധികാര്യങ്ങള്‍ ഈ അവസരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
അതിലേറെ രസകരമായ ഒന്ന് സിറാജിന്റെ വിളിപ്പേരുകളെക്കുറിച്ചുള്ള ചര്‍ച്ചകളാണ്.ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ ഒരു നിക്നെയിം പതിവാണ്.എന്നാല്‍ സിറാജിന്റെ കാര്യത്തിലേക്ക് വന്നാല്‍ അതിലും സമ്പന്നനാണ് സിറാജ്.മുന്നിലേറെ ഇരട്ടപ്പേരുകളാണ് സിറാജിന് നിലവിലുള്ളത്.സുഹൃത്തുക്കളോടും ബന്ധുക്കളോടും ഉളള പെരുമാറ്റവും ഇടപെടലും കൊണ്ട് തുടക്കം മുതല്‍ക്കെ അദ്ദേഹത്തിനുണ്ടായ പേരാണ് മിയാന്‍ ഭായ്.മിയാന്‍ എന്നുവച്ചാല്‍ ഇംഗ്ലീഷില്‍ ജന്റില്‍മാന്‍ എന്നര്‍ത്ഥം.ഭായ് അഥവ സഹോദരന്‍ എന്നുകൂടി ചേര്‍ത്താണ് സിറാജിനെ തുടക്കകാലത്ത് എല്ലാവരും മിയാന്‍ ഭായ് എന്നുവിളിച്ചിരുന്നത്.
ഇന്ത്യന്‍ ടീമിലെത്തി മികച്ച പ്രകടനത്തിലൂടെ ഡിഎസ്പിയായി ജോലിയില്‍ കയറിയതോടെ ആതായി വിളിപ്പേര്.പ്രത്യേകിച്ചും അരാധകര്‍ക്കിടയില്‍.ഡിഎസ്പി സിറാജ് എന്നായി കമന്ററികളിലും സ്പോര്‍ടസ് വാര്‍ത്തകളിലും ഉള്‍പ്പടെ അദ്ദേഹത്തിന്റെ വിളിപ്പേര്.എന്നാല്‍ ഇപ്പോഴിത മൂന്നാമതൊരു വിളിപ്പേര് കൂടി സ്വന്തമായിരിക്കുകയാണ് നമ്മുടെ സ്വന്തം സിറാജിന്.ആരാധകര്‍ക്കോ ബന്ധുക്കള്‍ക്കോ ഇടയില്‍ അല്ല ഇത്തവണത്തെ പേര്.മറിച്ച് ഇംഗ്ലണ്ടിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലാണ് സിറാജിന് പുതിയ ഇരട്ടപ്പേര് വന്നിരിക്കുന്നത്.
മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ നാസര്‍ ഹുസൈനാണ് ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു വിളിപ്പേരുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.കളത്തിലെ തീക്ഷ്ണമായ സ്വഭാവം കാരണം സിറാജിനെ 'മിസ്റ്റര്‍ ആംഗ്രി' (ദേഷ്യക്കാരന്‍) എന്നാണ് ഇംഗ്ലീഷ് ടീം വിളിക്കുന്നതെന്ന് ഹുസൈന്‍ വെളിപ്പെടുത്തി. വിജയിക്കാനുള്ള സിറാജിന്റെ അഭിനിവേശം കാരണം അദ്ദേഹത്തോടുള്ള ആദരസൂചകമായി താരത്തെ 'ബോണ്‍ എന്റര്‍ടെയ്നര്‍' എന്ന് ഹുസൈന്‍ വിശേഷിപ്പിച്ചു. ദി ഡെയ്ലി മെയിലില്‍ എഴുതിയ കോളത്തിലാണ് ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്.
'അദ്ദേഹം തീവ്രമായി പെരുമാറുന്നയാളാണ്. ഇംഗ്ലണ്ട് ബോയ്‌സ് അദ്ദേഹത്തെ മിസ്റ്റര്‍ ആംഗ്രി എന്നാണ് വിളിക്കാറ്.കളിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോളോ-ത്രൂ ഉള്ള ആളാണ് അയാള്‍.ജന്മനാ ഒരു എന്റര്‍ടെയ്നറാണ് അദ്ദേഹം,പക്ഷേ നിര്‍ണായകമായി ഉയര്‍ന്ന തലത്തില്‍ ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്.മികച്ച പ്രകടനം നടത്താനുള്ള ത്വര,അഭിനിവേശം, ആത്യന്തികമായി കഴിവ്. ജോ റൂട്ടിനെതിരേ ചെയ്ത പോലെ വോബിള്‍ സീം ഉപയോഗിച്ച് കളിക്കാരെ വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഒരു ഹിറ്റ്-ദി-ഡെക്ക് ബൗളര്‍ എന്ന നിലയില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിന് രണ്ടാമത്തെ പുതിയ പന്ത് എടുക്കാന്‍ താത്പര്യം തോന്നിക്കാത്തത്ര മികച്ച സ്വിങ് പുറത്തെടുക്കുന്ന ഒരാളിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.' - ഹുസൈന്‍ കുറിച്ചു.
ഒപ്പം ഹുസൈന്റെ സമകാലീകനായിരുന്ന ബൗളര്‍ ഡാരന്‍ഗഫിനോടാണ് സിറാജിനെ അദ്ദേഹം ഉപമിച്ചത്.അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം.23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജ് തന്നെ.പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസറാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല.ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുന കൂടിയാണ് അദ്ദേഹം.
വര്‍ക്ക് ലോഡിനെ പറ്റിയുള്ള ചര്‍ച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിര്‍ണായകസംഭാവനകള്‍ നല്‍കുന്ന താരം. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്.