11 ഫോറും 5 സിക്സും സഹിതം കെ സി എല്ലില്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി അഹമ്മദ് ഇമ്രാന്‍; ശതകത്തിന് മറുപടി ഇല്ലാതെ കാലിക്കറ്റ്; ആവേശപ്പോരില്‍ കാലിക്കറ്റിനെ 9 റണ്‍സിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്

ആവേശപ്പോരില്‍ കാലിക്കറ്റിനെ 9 റണ്‍സിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്

Update: 2025-08-23 18:38 GMT

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ സെഞ്ചറി കുറിച്ച് പത്തൊന്‍പതുകാരന്‍ അഹമ്മദ് ഇമ്രാന്‍ പടനയിച്ച മത്സരത്തില്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ പോരാട്ടവീര്യത്തെ 9 റണ്‍സിന് മറികടന്ന് തൃശൂര്‍ ടൈറ്റന്‍സ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 210 റണ്‍സിന്റെ താരതമ്യേന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്, നിശ്ചിത 20 ഓവറില്‍ നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രം. സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ രണ്ടാം തോല്‍വിയും.

210 വിജയലക്ഷ്യവുമായിറങ്ങിയ കാലിക്കറ്റിനായി 44 പന്തില്‍ 77 റണ്‍സെടുത്ത സല്‍മാന്‍ നിസാറും 58 റണ്‍സെടുത്ത മരുതുങ്ങല്‍ അജിനാസും അര്‍ധ സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ടീം ടോട്ടല്‍ 200 വരെ എത്തിച്ച് ടീം പരാജയം സമ്മതിച്ചു.അഖില്‍ സ്‌കറിയ രണ്ട് വിക്കറ്റുകള്‍ നേടി.കഴിഞ്ഞ മത്സരത്തില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനോട് ഒരു വിക്കറ്റിന്റെ തോല്‍വിയാണ് കാലിക്കറ്റിന് ഏറ്റുവാങ്ങേണ്ടിവന്നത്.ശനിയാഴ്ചയും വിജയത്തിന് തൊട്ടടുത്തെത്തിയ ശേഷം കാലിടറുകയായിരുന്നു.

നേരത്തെ, പത്തൊന്‍പതുകാരന്‍ അഹമ്മദ് ഇമ്രാന്‍ നേടിയ സെഞ്ചറിക്കരുത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് മികച്ച സ്‌കോര്‍ കുറിച്ചത്. 54 പന്തില്‍ 11 ഫോറും അഞ്ച് സിക്സും സഹിതം അഹമ്മദ് ഇമ്രാന്‍ സെഞ്ചറിയിലെത്തി. സെഞ്ചറി തികച്ചതിനു പിന്നാലെ ഇമ്രാന്‍ പുറത്തായി. കാര്യവട്ടം സ്റ്റേഡിയത്തില്‍ താരത്തിന്റെ സെഞ്ചറി കരുത്താക്കി കുതിച്ച തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനു മുന്നില്‍ ഉയര്‍ത്തിയത് 210 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് തൃശൂര്‍ ടൈറ്റന്‍സ് 209 റണ്‍സെടുത്തത്.

അഹമ്മദ് ഇമ്രാന്റെ സെഞ്ചറിക്കു പുറമേ 26 പന്തില്‍ ആറു ഫോറുകള്‍ സഹിതം 35 റണ്‍സെടുത്ത ഷോണ്‍ റോജര്‍, 15 പന്തില്‍ നാലു ഫോറുകള്‍ സഹിതം 22 റണ്‍സെടുത്ത അക്ഷയ് മനോഹര്‍ എന്നിവരുടെ ഇന്നിങ്സുകള്‍ കൂടി ചേര്‍ന്നതോടെയാണ് തൃശൂര്‍ ടൈറ്റന്‍സ് സീസണിലെ ആദ്യ 200+ സ്‌കോര്‍ കുറിച്ചത്. ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍ 14 പന്തില്‍ ഒരു ഫോര്‍ സഹിതം ഏഴു റണ്‍സെടുത്തും വിനോദ് കുമാര്‍ രണ്ടു പന്തില്‍ രണ്ട് റണ്‍സെടുത്തും പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 12 പന്തില്‍ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്ന അര്‍ജുനാണ് തൃശൂരിനെ 200 കടത്തിയത്. സിബിന്‍ ഗിരീഷ് രണ്ടു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

അഹമ്മദ് ഇമ്രാന്‍ ഉള്‍പ്പെട്ട രണ്ട് അര്‍ധസെഞ്ചറി കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിന് കരുത്തായത്. രണ്ടാം വിക്കറ്റില്‍ ഷോണ്‍ റോജറിനൊപ്പം അഹമ്മദ് ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തത് 42 പന്തില്‍ 75 റണ്‍സാണ്. മൂന്നാം വിക്കറ്റില്‍ അക്ഷയ് മനോഹറിനൊപ്പം 61 റണ്‍സും കൂട്ടിച്ചേര്‍ത്താണ് ഇമ്രാന്‍ തൃശൂരിനെ ശക്തമായ നിലയിലെത്തിച്ചത്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനായി അഖില്‍ സ്‌കറിയ നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മോനു കൃഷ്ണ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയും അഖില്‍ ദേവ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും ഓരോ ഒരു വിക്കറ്റ് സ്വന്തമാക്കി.

Tags:    

Similar News