മൂന്നാം നമ്പറില്‍ ഇറങ്ങിക്കോട്ടെയെന്ന് തിലക് വര്‍മ്മ; തന്റെ സ്ഥാനം വിട്ടുകൊടുത്ത് സൂര്യകുമാര്‍; പിന്നാലെ കരിയറിലെ ആദ്യ സെഞ്ചുറി; തിലകിന്റെ ബാറ്റിംഗ് പ്രമോഷന്‍ ഇനിയും തുടരുമെന്ന് ഇന്ത്യന്‍ നായകന്‍

ചോദിച്ചുവാങ്ങിയ മൂന്നാം നമ്പറില്‍ സെഞ്ചുറിയുമായി തിലക് വര്‍മ

Update: 2024-11-14 06:49 GMT

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ച് മിന്നും ജയത്തിലെത്തിച്ചത് യുവതാരം തിലക് വര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു. പതിവിനു വിപരീതമായി മൂന്നാം നമ്പറില്‍ (വണ്‍ഡൗണ്‍) ബാറ്റിങ്ങിനിറങ്ങിയ തിലക്, 56 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 107 റണ്‍സോടെ പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും തിലകിനായി. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ 200 റണ്‍സ് കടത്തിയതും വിജയത്തില്‍ നിര്‍ണായകമായതും.

ഇപ്പോഴിതാ തിലകിനെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിയക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷം തന്റെ മുറിയിലേക്കുവന്ന തിലക് അടുത്ത മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നാണ് സൂര്യയുടെ വെളിപ്പെടുത്തല്‍. ഇതോടെയാണ് തന്റെ സ്ഥിരം സ്ഥാനമായ വണ്‍ഡൗണ്‍ പൊസിഷന്‍ സൂര്യ, തിലകിന് നല്‍കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി തിലക് തന്റെ വാക്കുപാലിക്കുകയും ചെയ്തു.

'മത്സരത്തിന് മുമ്പ് തിലക് എന്റെ മുറിയിലെത്തി തന്നെ മൂന്നാം നമ്പറിലിറക്കാമോ എന്ന് ചോദിച്ചിരുന്നു. ഞാനത് സമതിച്ചു. അവനത് ചോദിച്ചു വാങ്ങിയതാണ്. അവിടെ അവന്‍ തിളങ്ങുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിലും തിലക് വര്‍മ മൂന്നാം നമ്പറില്‍ തന്നെ തുടരും', സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ താന്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മത്സരശേഷം തിലക് വര്‍മ പറഞ്ഞു. ഈയൊരു അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. പരിക്കില്‍ നിന്ന് മുക്തനായശേഷം തിരിച്ചെത്തി സെഞ്ചുറി നേടാനായതില്‍ സന്തോഷമുണ്ട്. മത്സരത്തിനിറങ്ങുമ്പോള്‍ ഞാനും അഭിഷേകും ശരിക്കും സമ്മര്‍ദ്ദത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രകടനം ഞങ്ങള്‍ രണ്ടുപേര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ-തിലക് വ്യക്തമാക്കി. സെഞ്ചൂറിയനിലെ പിച്ചില്‍ ബാറ്റിംഗ് എളുപ്പമായിരുന്നില്ലെന്നും തിലക് പറഞ്ഞു.

യഥാക്രമം 33, 20 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങളിലും നാലാം നമ്പറിലിറങ്ങിയ തിലകിന്റെ സ്‌കോറുകള്‍. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ് എന്നിവരുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ആ സ്‌കോറുകള്‍ മതിയാകില്ലെന്ന് തിലകിന് അറിയാമായിരുന്നു. ഇതോടെയാണ് രണ്ടുംകല്‍പ്പിച്ച് ക്യാപ്റ്റനോട് മൂന്നാം സ്ഥാനം ആവശ്യപ്പെടാന്‍ താരത്തെ പ്രേരിപ്പിച്ചത്. ചോദിക്കുക മാത്രമല്ല, മികച്ച ഇന്നിങ്സോടെ ആ ആവശ്യത്തോട് നീതിപുലര്‍ത്തുകയും ചെയ്തു താരം.

ഇന്ത്യക്കായി ഒമ്പത് ട്വന്റി 20 മത്സരങ്ങളില്‍ കളിച്ച തിലക് വര്‍മ ആദ്യമായാണ് അമ്പത് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പന്ത്രണ്ടാമത് ബാറ്റര്‍ കൂടിയാണ് തിലക് വര്‍മ. അഭിഷേക് ശര്‍മയാകട്ടെ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ആദ്യ അര്‍ധസെഞ്ചുറിയാണ് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്. തിലക് വര്‍മയുടെ സെഞ്ചുറിയുടെയും അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Tags:    

Similar News