കുറച്ച് നാളായി അവന്‍ അത് പോക്കറ്റിലിട്ട് നടക്കാന്‍ തുടങ്ങിയിട്ട്, ഒരു അവസരം ലഭിക്കണ്ടേ..; അഭിഷേകിന്റെ സെഞ്ച്വറി സെലിബ്രേഷനെ കുറിച്ച് ട്രാവിസ് ഹെഡ്

കുറച്ച് നാളായി അവന്‍ അത് പോക്കറ്റിലിട്ട് നടക്കാന്‍ തുടങ്ങിയിട്ട്, ഒരു അവസരം ലഭിക്കണ്ടേ

Update: 2025-04-13 10:01 GMT

ഹൈദരാബാദ്: ഐ.പി.എല്‍ കണ്ട എക്കലത്തെയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരബാദിന് വേണ്ടി ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. 55 പന്തില്‍നിന്നും 10 സിക്‌സറോളം അടിച്ച അഭിഷേക് 141 റണ്‍സാണ് നേടിയത്. മത്സരത്തില്‍ എസ്.ആര്‍.എച്ച് എട്ട് വിക്കറ്റിന്റെ വന്‍ വിജയവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

സെഞ്ച്വറി തികച്ചതിന് പിന്നാലെ അഭിഷേക് ശര്‍മ ഒരു കുറിപ്പ് ഉയര്‍ത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ ആറു മത്സരങ്ങളായി അദ്ദേഹം ഇത് പോക്കറ്റിലിട്ട് നടക്കുകയാണെന്ന് പറയുകയാണ് ഓപ്പണിങ് പങ്കാളിയായ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. 'ദിസ് ഈസ് ഫോര്‍ ഓറഞ്ച് ആര്‍മി' എന്നെഴുതിയ കുറിപ്പാണ് അഭിഷേക് ഉയര്‍ത്തികാട്ടിയത്. ഇപ്പോഴെങ്കിലും ഇത് പുറത്തെടുത്തതില്‍ സന്തോഷമുണ്ടെന്ന് നര്‍മ സ്വരത്തില്‍ ഹെഡ് പറഞ്ഞു.

'ആദ്യ മത്സരം മുതല്‍ അഭിഷേകിനെ പോക്കറ്റില്‍ അതുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അവന് ഉപയോഗിക്കാന്‍ സാധിച്ചത്. അതില് സന്തോഷമുണ്ട്,' മത്സര ശേഷം ഹെഡ് പറഞ്ഞു.

246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തിയ പഞ്ചാബ് കിങ്‌സിന് അതേനാണയത്തില്‍ മറുപടി നല്‍കിയാണ് സണ്‍റൈസേഴ്‌സസ് എട്ട് വിക്കറ്റിന്റെ വിജയം നേടിയത്. സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയാണ് (141) ഹൈദരാബാദിന്റെ വിജയശില്‍പി. സീസണില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്കു ശേഷമാണ് സണ്‍റൈസേഴ്സ് ജയിക്കുന്നത്. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ആറിന് 245, സണ്‍റേസേഴ്സ് ഹൈദരാബാദ് - 18.3 ഓവറില്‍ രണ്ടിന് 247.

ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണിത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 262 റണ്‍സ് ചേസ് ചെയ്ത് ജയിച്ച പഞ്ചാബാണ് ഇക്കാര്യത്തില്‍ ഒന്നാമത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് തുടക്കം മുതല്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്.

Tags:    

Similar News