ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ഞായര്‍! അഡ്‌ലെയ്ഡില്‍ രോഹിതും സംഘവും തോറ്റത് പത്ത് വിക്കറ്റിന്; ബ്രിസ്ബേനില്‍ വനിതാ ടീമും ഓസീസിന് മുന്നില്‍ കീഴടങ്ങി; ദുബായില്‍ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ കൗമാരപ്പടയെ കീഴടക്കി ബംഗ്ലാദേശ്
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയുടെ കൗമാരപ്പടയെ കീഴടക്കി ബംഗ്ലാദേശ്
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്ന് കറുത്ത ഞായര്‍. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോട് രോഹിത് ശര്‍മയും സംഘവും പരാജയപ്പെട്ടതിന് പിന്നാലെ ബ്രിസ്ബേനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിനും അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ കൗമാരപ്പടയ്ക്കും ദയനീയ തോല്‍വി.
ഏഷ്യാ കപ്പ് ക്രിക്കറ്റിലെ കിരീടം വീണ്ടെടുക്കാനിറങ്ങിയ ഇന്ത്യന്‍ കൗമാര സംഘത്തെ കീഴടക്കി ജൂനിയര്‍ 'ബംഗ്ലാ കടുവകള്‍' കിരീടം നിലനിര്‍ത്തി. ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തില്‍ 59 റണ്‍സിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറില്‍ 198 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു.
കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഒരറ്റത്തു പൊരുതിനിന്ന ക്യാപ്റ്റന്‍ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 65 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 26 റണ്‍സാണ് അമാന്റെ സമ്പാദ്യം. സെമിയില്‍ ഇന്ത്യ ശ്രീലങ്കയെ അനായാസം കീഴടക്കിയപ്പോള്‍ പാക്കിസ്ഥാനെ 7 വിക്കറ്റിനു തോല്‍പിച്ചായിരുന്നു ബംഗ്ലദേശിന്റെ മുന്നേറ്റം. ടൂര്‍ണമെന്റില്‍ ഇതുവരെ 8 തവണ ചാംപ്യന്‍മാരായ ഇന്ത്യ 2021ലാണ് അവസാനമായി കിരീടമുയര്‍ത്തിയത്. 2023ല്‍ സെമിയില്‍ ബംഗ്ലദേശിനോട് തോറ്റ് പുറത്തായ ഇന്ത്യ, ഇത്തവണ ഫൈനലില്‍ അതേ എതിരാളികളോടുതന്നെ തോറ്റു.
ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബംഗ്ലദേശ് ബോളര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു സംഭവിച്ച പാളിച്ചയാണ് നിര്‍ണായകമായത്. ഏഴ് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇക്ബാല്‍ ഹുസൈന്‍ ഇമോണ്‍, എട്ട് ഓവറില്‍ 34 റണ്‍സ് വഴങ്ങിയും 2.2 ഓവറില്‍ എട്ടു റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം നേടിയ അല്‍ ഫഹദ്, ക്യാപ്റ്റന്‍ അസീസുല്‍ ഹക്കിം തമീം എന്നിവരും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ഓരോ വിക്കറ്റ് വീഴ്ത്തിയ മറൂഫ് മ്രിദ, മുഹമ്മദ് റിസാന്‍ ഹസന്‍ എന്നിവരും കരുത്തുകാട്ടി.
വാലറ്റം പുറത്തെടുത്ത പോരാട്ടവീര്യമാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്. 21 പന്തില്‍ മൂന്നു ഫോറുകളോടെ 24 റണ്‍സെടുത്ത ഹാര്‍ദിക് രാജ്, 43 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത കെ.പി. കാര്‍ത്തികേയ, 35 പന്തില്‍ മൂന്നു ഫോറുകളോടെ 20 റണ്‍സെടുത്ത ആന്ദ്രെ സിദ്ധാര്‍ഥ്, ചേതന്‍ ശര്‍മ (12 പന്തില്‍ ഒരു ഫോര്‍ സഹിതം 10) റണ്‍സ് എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. യുദ്ധജിത് ഗുഹ നാലു പന്തില്‍ ഒരു ഫോര്‍ സഹിതം അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഇന്ത്യന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ എന്നിവര്‍ നിറംമങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
വൈഭവ് സൂര്യവംശി മികച്ച തുടക്കം കുറിച്ചെങ്കിലും ഏഴു പന്തില്‍ രണ്ടു ഫോറുകളോടെ ഒന്‍പതു റണ്‍സെടുത്ത് പുറത്തായി. ആയുഷ് മാത്രെ എട്ടു പന്തില്‍ ഒരു റണ്ണെടുത്തും മടങ്ങി. നിഖില്‍ കുമാര്‍ (0), ഹര്‍വംശ് സിങ് (ആറു പന്തില്‍ ആറ്), കിരണ്‍ കോര്‍മലെ (ഒന്‍പതു പന്തില്‍ ഒന്ന്) എന്നിവരെല്ലാം കൂട്ടത്തോടെ നിരാശപ്പെടുത്തി.
നേരത്തെ, ബംഗ്ലദേശിനെ 198 റണ്‍സിന് ഓള്‍ഔട്ടാക്കിയതോടെ ഇന്ത്യ കിരീടവിജയം സ്വപ്നം കണ്ടതാണ്. ഇന്ത്യന്‍ ബോളര്‍മാരുടെ മുറുക്കമാര്‍ന്ന ബോളിങ്ങിനു മുന്നില്‍ സിതസിദ്ധമായ താളം കണ്ടെത്താനായില്ലെങ്കിലും, ബംഗ്ലദേശിന് 198 റണ്‍സ് നേടാനായി. 65 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 47 റണ്‍സെടുത്ത മുഹമ്മദ് റിസാന്‍ ഹസനാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഷിഹാബ് ജയിംസ് (67 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 40), ഫരീദ് ഹസന്‍ ഫൈസല്‍ (49 പന്തില്‍ മൂന്നു ഫോറുകളോടെ 39) എന്നിവരുടെ ഇന്നിങ്‌സുകളും നിര്‍ണായകമായി.
ഇവര്‍ക്കു പുറമേ ഓപ്പണര്‍ സവാദ് അബ്രാര്‍ (35 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 20), ക്യാപ്റ്റന്‍ അസീസുല്‍ ഹക്കിം തമീം (28 പന്തില്‍ ഓരോ ഫോറും സിക്‌സും ഫോറും സഹിതം 16), മറൂഫ് മ്രിദ (19 പന്തില്‍ ഒരു ഫോര്‍ സഹിതം പുറത്താകാതെ 11) എന്നിവരും ഭേദപ്പെട്ട സംഭാവനകളുമായി കരുത്തുകാട്ടി. ഇന്ത്യയ്ക്കായി യുദ്ധജിത് ഗുഹ 9.1 ഓവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് രാജ് 10 ഓവറില്‍ 41 റണ്‍സ് വഴങ്ങിയും ചേതന്‍ ശര്‍മ 10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കിരണ്‍ കോര്‍മലെ, കെ.പി. കാര്‍ത്തികേയ, ആയുഷ് മാത്രെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
വനിതാ ടീമിനും ദയനീയ തോല്‍വി
ബിസ്ബേനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്കെതിരേ 122 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത്. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് ഓസ്‌ട്രേലിയ കീഴടക്കിയതിന് പിന്നാലെയാണ് ഓസീസ് വനിതകള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ തറപറ്റിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസീസ് വനിതകള്‍ സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് നേടി. എലിസ്സെ പെറി(105) ജോര്‍ജിയ വോള്‍(101) എന്നിവരുടെ സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. എലിസ്സെ പെറിയുടെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. ഏകദിനമത്സരങ്ങളില്‍ നാലായിരം റണ്‍സെന്ന നേട്ടവും പെറി സ്വന്തമാക്കി.
ഫോബെ ലിച്ച്ഫീല്‍ഡിന്റെ(60)യും ബെത്ത് മൂണി(56)യുടെയും അര്‍ധ സെഞ്ചുറികളും ഓസീസിന് കരുത്തേകി. ഇന്ത്യയുടെ ബൗളര്‍മാരെയെല്ലാം ഓസീസ് ബാറ്റര്‍മാര്‍ കണക്കിന് ശിക്ഷിച്ചു. ഇന്ത്യയ്ക്കായി സൈമ ഠാക്കൂര്‍ മൂന്ന് വിക്കറ്റും മലയാളി താരം മിന്നു മണി രണ്ട് വിക്കറ്റും നേടി.
ഓസീസ് ഉയര്‍ത്തിയെ 372 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 44.5 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ടായി. 54 റണ്‍സ് നേടിയ റിച്ച ഘോഷ് ആണ് ഇന്ത്യന്‍നിരയിലെ ടോപ് സ്‌കോറര്‍. മലയാളി താരം മിന്നുമണി 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(38) ജെമിയ റോഡ്രിഗസ്(43) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റുള്ളവര്‍. ഓപ്പണിങ്ങിറങ്ങിയ സ്മൃതി മന്ദാന ഒന്‍പത് റണ്‍സെടുത്തും ഹര്‍ലീന്‍ ഡിയോള്‍ 12 റണ്‍സെടുത്തും ദീപ്തി ശര്‍മ പത്ത് റണ്‍സെടുത്തും കൂടാരം കയറി. ഓസീസിനായി 8.5 ഓവറില്‍ 39 റണ്‍സ് വഴങ്ങി അന്നാബെല്‍ സതര്‍ലന്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി.
അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് കണ്ണീര്‍
രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. പത്ത് വിക്കറ്റ് വിജയമാണ് ആതിഥേയരായ ഓസ്‌ട്രേലിയ അഡ്‌ലെയ്ഡില്‍ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്‌സില്‍ 3.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. ഓപ്പണര്‍മാരായ നേഥന്‍ മക്‌സ്വീനിയും (12 പന്തില്‍ 10), ഉസ്മാന്‍ ഖവാജയും (എട്ട് പന്തില്‍ ഒന്‍പത്) പുറത്താകാതെനിന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 1 - 1 എന്ന നിലയിലായി. പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു.
ഇതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ്‌സ് ടേബിളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. ഓസ്‌ട്രേലിയ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്. പന്തുകളുടെ എണ്ണമെടുത്താല്‍ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ മത്സരമായിരുന്നു അഡ്‌ലെയ്ഡിലേത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 175 റണ്‍സെടുത്തു പുറത്തായിരുന്നു. മൂന്നാം ദിവസം അഞ്ചിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 47 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടാകുകയായിരുന്നു. 47 പന്തില്‍ 42 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് (31 പന്തില്‍ 28), രവിചന്ദ്രന്‍ അശ്വിന്‍ (14 പന്തില്‍ ഏഴ്), ഹര്‍ഷിത് റാണ (പൂജ്യം), മുഹമ്മദ് സിറാജ് (എട്ടു പന്തില്‍ ഏഴ്) എന്നിവരാണ് ഞായറാഴ്ച പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
മൂന്നാം ദിവസം തുടക്കത്തില്‍ തന്നെ ഋഷഭ് പന്തിനെ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. 36ാം ഓവറില്‍ നിതീഷ് റെഡ്ഡിയെ കമിന്‍സ് പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ണമായി. ഓസ്‌ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ നേടി.
രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 24 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി ആദ്യ പത്തോവറിനുള്ളില്‍ തന്നെ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. കെ.എല്‍. രാഹുല്‍ ഏഴ് റണ്‍സും യശസ്വി ജയ്‌സ്വാള്‍ 24 റണ്‍സും എടുത്താണു പുറത്തായത്.
രാഹുലിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിരാട് കോലി (11), ശുഭ്മന്‍ ഗില്‍ (28), രോഹിത് ശര്‍മ (ആറ്) എന്നിവരും സ്‌കോര്‍ ബോര്‍ഡില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാകാതെ മടങ്ങി. 18.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.
ഒന്നാം ഇന്നിങ്‌സില്‍ 87.3 ഓവറില്‍ 337 റണ്‍സെടുത്ത് ഓസ്‌ട്രേലിയ പുറത്താകുകയായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ് സെഞ്ചറി നേടിയെങ്കിലും മധ്യനിരയിലെ മറ്റു ബാറ്റര്‍മാര്‍ തിളങ്ങാതെ പോയത് ആതിഥേയര്‍ക്കു തിരിച്ചടിയായി. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.
അര്‍ധ സെഞ്ചറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി. നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് ക്യാരി (32 പന്തില്‍ 15) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ നേടി.