മലയാളി താരം അലിഷാൻ ഷറഫുവിന്റെ മികച്ച ബാറ്റിംഗ് പ്രകടനം; സമോവയെ 77 റൺസിന് പരാജയപ്പെടുത്തി യുഎഇ; ടി20 ലോകകപ്പിനായി യോഗ്യത നേടി നേപ്പാളും ഒമാനും

Update: 2025-10-16 10:39 GMT

അൽ അമിറാത്ത്: അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യ-ഇഎപി ക്വാളിഫയർ ടൂർണമെന്‍റിലെ സൂപ്പർ സിക്സ് ഘട്ടത്തിൽ യുഎഇ സമോവയെ 77 റൺസിന് പരാജയപ്പെടുത്തിയതോടെയാണ് ഈ രണ്ട് ടീമുകൾക്കും ലോകകപ്പ് ടിക്കറ്റ് ഉറപ്പായത്. നിലവിൽ സൂപ്പർ സിക്സ് പോയിൻ്റ് പട്ടികയിൽ യുഎഇ മൂന്നാം സ്ഥാനത്താണ്. ഈ ടൂർണമെന്‍റിൽ നിന്ന് ഒരു ടീമിന് കൂടി ലോകകപ്പ് യോഗ്യത നേടാനാകും.

ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ സമോവയുടെ പോരാട്ടം 148 റൺസിൽ അവസാനിക്കുകയായിരുന്നു. യുഎഇയുടെ വിജയത്തിൽ മലയാളി താരം അലിഷാൻ ഷറഫുവിന്റെ ബാറ്റിംഗ് മികവ് നിർണ്ണായകമായി. 51 പന്തുകളിൽ നിന്ന് 86 റൺസ് നേടിയ ഷറഫു, യുഎഇയെ മികച്ച സ്കോറിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിലവിൽ സൂപ്പർ സിക്സ് പോയിന്റ് പട്ടികയിൽ നാല് പോയിന്റുള്ള യുഎഇ മൂന്നാം സ്ഥാനത്താണ്.

ഒമാനും നേപ്പാളും നെറ്റ് റൺ റേറ്റിന്റെ മാത്രം വ്യത്യാസത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു. യുഎഇയുടെ അടുത്ത മത്സരം ഒക്ടോബർ 16ന് ജപ്പാനുമായി നടക്കും. നേപ്പാളിന്റെ ലോകകപ്പ് പ്രവേശനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് അവരുടെ റിസ്റ്റ് സ്പിന്നർ സന്ദീപ് ലമിച്ചാനെയാണ്. ടൂർണമെന്‍റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരം, നാല് ഇന്നിംഗ്സുകളിൽ നിന്ന് 9.40 ശരാശരിയിലും ആറിന് താഴെയുള്ള എക്കണോമി റേറ്റിൽ 10 വിക്കറ്റുകൾ വീഴ്ത്തി.

ഖത്തറിനെതിരായ മത്സരത്തിൽ ലമിച്ചാനെ നേടിയ അഞ്ച് വിക്കറ്റ് പ്രകടനം, എതിരാളികളെ 142 റൺസിൽ പുറത്താക്കി നേപ്പാളിന് വിജയം സമ്മാനിച്ചിരുന്നു. ഒമാൻ്റെ പ്രധാന താരങ്ങളിൽ ഒരാളായ ജിതേൻ രമണന്ദിയും ടൂർണമെന്‍റിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. ടൂർണമെന്‍റിലെ നാലാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ രമണന്ദി, നാല് ഇന്നിംഗ്സുകളിൽ നിന്ന് 5.90 എന്ന മികച്ച എക്കണോമിയിൽ ഏഴ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ ഇടങ്കയ്യൻ പേസർ, ഏഷ്യ-ഇഎപി ക്വാളിഫയറിന് മുമ്പ് നടന്ന ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News