വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കായി 'പൊരിഞ്ഞ പോരാട്ടം' നടന്നിട്ടും താരലേലത്തില്‍ തഴഞ്ഞു; പിന്നാലെ ബാറ്റ് കൊണ്ട് ഐപിഎല്‍ ടീമുകള്‍ക്ക് ഉര്‍വില്‍ പട്ടേലിന്റെ മറുപടി; ഏഴ് ദിവസത്തിനിടെ രണ്ട് സെഞ്ചുറികള്‍; അതില്‍ ഒരെണ്ണം 28 പന്തില്‍; രണ്ടാമത്തേത് 36 പന്തില്‍

മിന്നും സെഞ്ചുറികളുമായി ഐപിഎല്‍ ടീമുകളെ മോഹിപ്പിച്ച് ഉര്‍വില്‍ പട്ടേല്‍

Update: 2024-12-03 12:04 GMT

ഇന്‍ഡോര്‍: ഐപിഎല്‍ താരലേലത്തില്‍ തന്നെ തഴഞ്ഞ ടീമുകള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കുകയാണ് ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഉര്‍വില്‍ പട്ടേല്‍. മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ ഏഴ് ദിവസത്തിനിടെ രണ്ടു മിന്നുന്ന സെഞ്ചുറികളാണ് ഈ 26 കാരന്‍ പേരില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ത്രിപുരക്കെതിരെ 28 പന്തില്‍ സെഞ്ചുറി നേടി ട്വന്റി 20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ ഉര്‍വില്‍ പട്ടേല്‍ ഇന്ന് ഉത്തരാഖണ്ഡിനെതിരെ 36 പന്തില്‍ സെഞ്ചുറി നേടി. ഏറ്റവും വേഗമേറിയ ട്വന്റി 20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഋഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോര്‍ഡാണ് താരം ദിവസങ്ങള്‍ക്ക് മുന്‍പ് തിരുത്തിയത്.

41 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഉര്‍വില്‍ പട്ടേലിന്റെ മികവില്‍ ഗുജറാത്ത് ഉത്തരാഖണ്ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ 13.1 ഓവറില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആര്യ ദേശായി(13 പന്തില്‍ 23), അഭിഷേക് ആര്‍ ദേശായി(7 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്.

അക്‌സര്‍ പട്ടേല്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. 115 റണ്‍സുമായി പുറത്താകാതെ നിന്ന ഉര്‍വില്‍ 11 സിക്‌സും എട്ടു ഫോറും പറത്തി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ അഞ്ച് ജയവുമായി ഗുജറാത്ത് ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റു തുടങ്ങിയ ഗുജറാത്ത് പിന്നീട് തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ നേടി.

ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഗുജറാത്തിനായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഉര്‍വില്‍ പട്ടേല്‍ മത്സര ശേഷം പറഞ്ഞു. 2023ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിയ ഉര്‍വില്‍ പട്ടേലിനെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനായിരുന്നില്ല.

അടുത്ത സീസണില്‍ ഉര്‍വിലിനെ ടീം ഒഴിവാക്കിയിരുന്നു. ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്കായി ടീമുകള്‍ വന്‍തുക മുടക്കിയപ്പോഴും 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്നു ഉര്‍വിലിനെ ആരും ടീമിലെടുത്തിരുന്നില്ല.

Tags:    

Similar News