ട്രെയിലറില്‍ കുഞ്ഞന്‍ ടീമുകളുടെ വീരോചിത പോരാട്ടവും ഓസ്‌ട്രേലിയയുടെ പുറത്താകലും; ഇന്ന് റിലീസ് ചെയ്യുന്നത് ട്വന്റി ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങള്‍; ന്യൂസിലന്‍ഡും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍; ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക; അറിയാം മത്സരക്രമം
കൊളംബോ: ലോകക്രിക്കറ്റിലെ 'കുഞ്ഞന്‍ ടീമുകളുടെ' വീരോചിത പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് പിന്നാലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് നിര്‍ണ്ണായക ഘട്ടത്തിലേക്ക്. അസോസിയേറ്റ് ടീമുകള്‍ക്കൊപ്പം കരുത്തന്മാരായ ഓസ്‌ട്രേലിയയും മടങ്ങിയതോടെ, ശനിയാഴ്ച മുതല്‍ തുടങ്ങുന്ന 'സൂപ്പര്‍ 8' റൗണ്ടില്‍ കരുത്തര്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ക്ക് വേദിയാകും. മുന്‍ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ അപ്രതീക്ഷിത പുറത്താകലായിരുന്നു പ്രാഥമിക റൗണ്ടിലെ ഏറ്റവും വലിയ വാര്‍ത്ത. ഓസീസിനെ അട്ടിമറിച്ച സിംബാബ്വേ, ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ എട്ടിലെത്തിയത് ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി അവരെ മാറ്റിയിരിക്കുന്നു. ആതിഥേയരായ ശ്രീലങ്കയും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും തങ്ങളുടെ കരുത്ത് തെളിയിച്ചാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നത്. സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തില്‍ ശനിയാഴ്ച രാത്രി ഏഴിന് കൊളംബോയില്‍ ന്യൂസീലന്‍ഡ് പാകിസ്താനെ നേരിടും. ഞായറാഴ്ച വൈകീട്ട് ഏഴിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. അന്ന് ശ്രീലങ്ക സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടും.
രണ്ടു ഗ്രൂപ്പുകളായാണ് സൂപ്പര്‍ എട്ട് മത്സരം. ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം കളിക്കും. ഇതില്‍ കൂടുതല്‍ പോയിന്റുനേടുന്ന രണ്ടു ടീമുകള്‍വീതം സെമിഫൈനലിലെത്തും. ഐ.സി.സി. നേരത്തേ നിശ്ചയിച്ച പ്രീ സീഡിങ് അനുസരിച്ചാണ് ഈ ഗ്രൂപ്പുകളെ നിശ്ചയിച്ചത്. ഈ ഘട്ടത്തില്‍ ശക്തമായ മത്സരം ഉറപ്പാക്കുക, ഇന്ത്യ, ശ്രീലങ്ക എന്നീ ആതിഥേയരാജ്യങ്ങളുടെ മത്സരങ്ങള്‍ അതത് രാജ്യത്തുതന്നെ നടത്തുക, പാക്കിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാതിരിക്കുക തുടങ്ങിയ താത്പര്യങ്ങള്‍ പരിഗണിച്ചാണ് ഇങ്ങനെ പ്രീ സീഡിങ് അനുസരിച്ച് മത്സരക്രമവും വേദിയും നിശ്ചയിച്ചത്. എന്നാല്‍, പ്രാഥമികറൗണ്ടിലെ ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം സൂപ്പര്‍ എട്ടില്‍ ഒരേ ഗ്രൂപ്പില്‍ വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബി ഗ്രൂപ്പില്‍ ഓസ്‌ട്രേലിയക്കുപകരം സിംബാബ്വേ ഒന്നാംസ്ഥാനക്കാരായെത്തി.
2024 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്ക കുറച്ചുകാലമായി സ്ഥിരതയോടെ കളിക്കുന്നതിനാല്‍ സൂപ്പര്‍ എട്ടില്‍ അവരെ കരുതിയിരിക്കണം. ന്യൂസിലന്‍ഡും സിംബാബ്വെയും പ്രാഥമിക റൗണ്ടില്‍ പിഴവുകളില്ലാത്ത കളി കാഴ്ചവെച്ചു. രണ്ടുതവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന്റെയും ഒരുതവണ കിരീടം നേടിയ ഇംഗ്ലണ്ടിന്റെയും യഥാര്‍ഥശക്തി സൂപ്പര്‍ എട്ടില്‍ പ്രകടമാകും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യമുള്ള ശ്രീലങ്ക, പ്രാഥമിക റൗണ്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കച്ചമുറുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ നാലു ജയവും ആധികാരികമായിരുന്നെങ്കിലും അതില്‍ മൂന്നും ദുര്‍ബലടീമുകള്‍ക്കെതിരേയായിരുന്നു.
നമീബിയക്കെതിരേ സെഞ്ചുറിനേടിയ പാക്കിസ്ഥാന്റെ സാഹിബ്‌സദ ഫര്‍ഹാന്‍ ആകെ 220 റണ്‍സുമായി റണ്‍വേട്ടയില്‍ മുന്നില്‍നില്‍ക്കുന്നു. 176 റണ്‍സുമായി പട്ടികയില്‍ അഞ്ചാമതുള്ള ഇഷാന്‍ കിഷനാണ് ഇന്ത്യക്കാരില്‍ ടോപ് സ്‌കോറര്‍. 13 വിക്കറ്റുമായി മുന്നിലായിരുന്ന യു.എസിന്റെ ഷാഡ്‌ലെ വാന്‍ ഷാല്‍ക്വിക് മടങ്ങി. ഒന്‍പതുവീതം വിക്കറ്റുമായി ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി, സിംബാബ്വേയുടെ ബ്ലെസ്സിങ് മുസറാബനി, സ്‌കോട്ട്‌ലന്‍ഡിന്റെ മൈക്കേല്‍ ലീസ്‌ക്, അഫ്ഗാനിസ്താന്റെ അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ രണ്ടാമതുണ്ട്.
ആദ്യ സൂപ്പര്‍ 8 പോരാട്ടത്തിന് ഒരുങ്ങുന്ന ന്യൂസിലന്‍ഡും പാക്കിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തില്‍ ജയവും തോല്‍വിയും അറിഞ്ഞാണ് നേര്‍ക്കുനേര്‍ വരുന്നത്. പാക്കിസ്ഥാനെ അപേക്ഷിച്ച് ന്യൂസിലന്‍ഡ് ഒത്തൊരുമ കൂടുതല്‍ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ പാക്കിസ്ഥാനെ എഴുതി തള്ളാന്‍ കടുത്ത കിവി ആരാധകന്‍ പോലും തയ്യാറാകില്ല. ഇന്ത്യയോടു അടിമുടി പരാജയപ്പെട്ടത് മാറ്റി നിര്‍ത്തിയാല്‍ അവരും ശേഷിച്ച മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയവരാണ്.
പാക്കിസ്ഥാന്റെ കരുത്ത് അവരുടെ ഹെവി ബൗളിങ് യൂണിറ്റാണ്. പ്രത്യേകിച്ച് ശ്രീലങ്കന്‍ സാഹചര്യത്തില്‍ എന്നാല്‍ ബാറ്റിങ് നിരയുടെ അസ്ഥിരത അവര്‍ക്ക് വലിയ പ്രശ്നം തന്നെയാണ്. ബാബര്‍ അസമിനെ പോലെയൊരു താരത്തെ തഴയേണ്ടി വരുന്ന അവസ്ഥ തന്നെ അവരുടെ ബാറ്റിങ് ആശങ്കകളെ മുഴച്ചു കാണിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നിശബ്ദ മുന്നേറ്റമാണ് കിവികള്‍ നടത്തിയത്. അവര്‍ സത്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല ഇതുവരെ. അതിനാല്‍ തന്നെ അവരുടെ മുഴുവന്‍ കരുത്തും പാക്കിസ്ഥാനെതിരെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. താളം കണ്ടെത്തിയാല്‍ അവരുടെ ബാറ്റിങ്, ബൗളിങ് എതിരാളിക്ക് ശക്തമായ വെല്ലുവിളി തീര്‍ക്കാന്‍ പര്യാപ്തമായ സംഘമാണ്. ദൗര്‍ബല്യങ്ങളെ അതിവേഗം മറികടക്കാനുള്ള മികവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇന്നത്തെ പോരാട്ടം ക്രിക്കറ്റ് ആരാധകനെ സംബന്ധിച്ച് മികച്ച പ്രകടനം കാണാനുള്ള അവസരം കൂടിയാണ്.
സൂപ്പര്‍ 8 മത്സരക്രമം
ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍, ഫെബ്രുവരി 21, വൈകീട്ട് 7.00 മുതല്‍
ശ്രീലങ്ക- ഇംഗ്ലണ്ട്, ഫെബ്രുവരി 22, വൈകീട്ട് 3.00 മുതല്‍
ഇന്ത്യ- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 22, വൈകീട്ട് 7.00 മുതല്‍
സിംബാബ്വെ- വെസ്റ്റ് ഇന്‍ഡീസ്, ഫെബ്രുവരി 23, വൈകീട്ട് 7.00 മുതല്‍
ഇംഗ്ലണ്ട്- പാകിസ്ഥാന്‍, ഫെബ്രുവരി 24, വൈകീട്ട് 7.00 മുതല്‍
ശ്രീലങ്ക- ന്യൂസിലന്‍ഡ്, ഫെബ്രുവരി 25, വൈകീട്ട് 7.00 മുതല്‍
വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക, ഫെബ്രുവരി 26, വൈകീട്ട് 3.00 മുതല്‍
ഇന്ത്യ- സിംബാബ്വെ, ഫെബ്രുവരി 26, വൈകീട്ട് 7.00 മുതല്‍
ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ്, ഫെബ്രുവരി 27, വൈകീട്ട് 7.00 മുതല്‍
ശ്രീലങ്ക- പാകിസ്ഥാന്‍, ഫെബ്രുവരി 28, വൈകീട്ട് 7.00 മുതല്‍
സിംബാബ്വെ- ദക്ഷിണാഫ്രിക്ക, മാര്‍ച്ച് 1, വൈകീട്ട് 3.00 മുതല്‍
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, മാര്‍ച്ച് 1, വൈകീട്ട് 7.00 മുതല്‍
